
ഇന്ന് വിദേശരാജ്യത്തേക്ക് ജോലിക്കും വിദ്യാഭ്യാസത്തിനും ഒക്കെയായി കുടിയേറുന്ന അനേകങ്ങളുണ്ട്. പലരും അവിടെ തന്നെ ജീവിക്കാൻ ഇഷ്ടപ്പെടുന്നവരുമാണ്. ഏതൊരു വിദേശരാജ്യത്ത് പോയാലും അനേകം ഇന്ത്യക്കാരെ കാണാം. പലപ്പോഴും ഇത് ഇന്ത്യ തന്നെയാണോ എന്ന സംശയം പോലും തോന്നാനിടയുണ്ട് എന്ന് അർത്ഥം. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.
ഇന്ത്യൻ വ്ലോഗറും ട്രാവലറുമായ നിതീഷ് അദ്വൈതിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ന്യൂയോർക്കിൽ നിന്നും ന്യൂജേഴ്സിയിലേക്ക് ഒരു ബസിൽ യാത്ര ചെയ്യുകയാണ് നിതീഷ്. എന്നാൽ, തമാശ അതൊന്നുമല്ല. ആ ബസിൽ ഏറെക്കുറെ എല്ലാവരും തന്നെ ഇന്ത്യക്കാരാണ്. 'ന്യൂയോർക്ക് ടു ചണ്ഡീഗഢ് — ഡയറക്ട് ബസ് സർവീസ്' എന്നാണ് വീഡിയോയ്ക്ക് മുകളിൽ കുറിച്ചിരിക്കുന്നത്.
തമാശ നിറഞ്ഞ നിതീഷിന്റെ ശബ്ദവും കേൾക്കാം. ന്യൂജേഴ്‌സിയിലേക്കല്ല മറിച്ച് ചണ്ഡീഗഢിലേക്ക് യാത്ര ചെയ്യുന്നതുപോലെയാണ് തോന്നുന്നതെന്നും യുവാവ് പറയുന്നുണ്ട്. വീഡിയോയുടെ കാപ്ഷനിൽ നിതീഷ് പറയുന്നത്, ന്യൂജേഴ്‌സിയിൽ, പ്രത്യേകിച്ചും അവിടുത്തെ ചില പ്രദേശങ്ങളിൽ, ഇന്ത്യക്കാർ വളരെ കൂടുതലായിട്ടുണ്ട് എന്നാണ്. മിഡിൽസെക്‌സ് കൗണ്ടി, പ്രത്യേകിച്ച് എഡിസൺ, ഇസെലിൻ, 'ലിറ്റിൽ ഇന്ത്യ' എന്നറിയപ്പെടുന്ന ഓക്ക് ട്രീ റോഡ് എന്നിവിടങ്ങളെല്ലാം ഇതിന് ഉദാഹരണങ്ങളായി യുവാവ് ചൂണ്ടിക്കാണിക്കുന്നു. ജേഴ്‌സി സിറ്റിയിലെ ഇന്ത്യ സ്‌ക്വയർ പോലുള്ള സ്ഥലങ്ങളെ കുറിച്ചും യുവാവ് കാപ്ഷനിൽ പറയുന്നുണ്ട്.
വീഡിയോയിൽ, ബസിൽ നിറയെ ഇന്ത്യക്കാരാണ് യാത്ര ചെയ്യുന്നത് എന്നത് വ്യക്തമായി കാണാൻ സാധിക്കും. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. ഒരാൾ പറഞ്ഞത് 'ഇത് ന്യൂജേഴ്സി അല്ല ന്യൂ ഇന്ത്യ ആണ്' എന്നാണ്. മറ്റൊരാൾ കുറിച്ചത് 'മിക്കവാറും ആ ബസിൽ മറ്റൊരു ഇന്ത്യക്കാരൻ കൂടി ഇതേ കാര്യം പറഞ്ഞ് വീഡിയോ പകർത്തുന്നുണ്ടാകും' എന്നാണ്.