Aung San Suu Kyi : സ്യൂചിക്ക് വീണ്ടും കുരുക്ക്, നാലു വര്‍ഷത്തെ തടവുശിക്ഷ കൂടി!

Web Desk   | Asianet News
Published : Jan 10, 2022, 02:57 PM IST
Aung San Suu Kyi : സ്യൂചിക്ക് വീണ്ടും കുരുക്ക്, നാലു വര്‍ഷത്തെ തടവുശിക്ഷ കൂടി!

Synopsis

നിയമവിരുദ്ധമായി വാക്കിടോക്കികള്‍ കൈയില്‍ വെച്ചു എന്നാണ് പുതിയ കുറ്റം.  ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സ്യൂചി സര്‍ക്കാറിനെ അട്ടിമറിച്ച ശേഷം പട്ടാള ഭരണകൂടം സ്യൂചിയുടെ വസതിയില്‍ നടത്തിയ തെരച്ചിലില്‍ ഈ ഉപകരണങ്ങള്‍ കണ്ടെടുത്തു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. 

മ്യാന്മറില്‍ സൈനിക ഭരണകൂടം അധികാരത്തില്‍ നിന്ന് പുറന്തള്ളിയ ജനകീയ നേതാവ് ആങ് സാന്‍ സ്യൂചിക്ക് നാലു വര്‍ഷം കൂടി തടവുശിക്ഷ. കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചു, ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഈ മാസമാദ്യം നാല് വര്‍ഷം തടവിനു ശിക്ഷിച്ച ആങ് സാന്‍ സ്യൂചിയെ ഇന്ന് പുതിയ കുറ്റങ്ങള്‍ ചുമത്തിയാണ് നാലു വര്‍ഷം കൂടി തടവിനു ശിക്ഷിച്ചത്. നിയമവിരുദ്ധമായി വാക്കിടോക്കികള്‍ കൈയില്‍ വെച്ചു എന്നാണ് പുതിയ കുറ്റം. 

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സ്യൂചി സര്‍ക്കാറിനെ അട്ടിമറിച്ച ശേഷം പട്ടാള ഭരണകൂടം സ്യൂചിയുടെ വസതിയില്‍ നടത്തിയ തെരച്ചിലില്‍ ഈ ഉപകരണങ്ങള്‍ കണ്ടെടുത്തു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഈ ആരോപണം സ്യൂചി നിഷേധിച്ചിട്ടുണ്ട്. എന്നാല്‍, ഈ വാദം മുഖവിലയ്ക്ക് എടുക്കാതെയാണ് മ്യാന്‍മര്‍ കോടതി സ്യൂചിക്ക് വീണ്ടും തടവുശിക്ഷ വിധിച്ചത്. സ്യൂചിയുടെ അഭിഭാഷകര്‍ മാധ്യമങ്ങളെ കാണരുതെന്നും കോടതി നടപടികള്‍ പുറത്തുവിടരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെയുള്ള നാലു വര്‍ഷത്തെ ജയില്‍ശിക്ഷ പിന്നീട് രണ്ട് വര്‍ഷമായി കുറിച്ചിരുന്നു. പുതിയ ശിക്ഷ കൂടി വന്നതോടെ ഇനി ആറു വര്‍ഷം സ്യൂചി ജയിലില്‍ കിടക്കേണ്ടി വരും. 

ഡിസംബര്‍ 16ന് ജയില്‍വേഷമായ വെള്ള ടോപ്പും ബ്രൗണ്‍ നിറത്തിലുള്ള ഉടുപ്പും ധരിച്ച് തലസ്ഥാന നഗരത്തിലെ കോടതിയില്‍ എത്തിയ സ്യൂചിയുടെ ദൃശ്യങ്ങള്‍ റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിരുന്നു. നേരത്തെയും തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടുവെങ്കിലും, ജയില്‍ വേഷത്തിനു പകരം, സാധാരണ വേഷം ധരിച്ചാണ് മുമ്പൊക്കെ അവര്‍ കോടതിയില്‍ എത്തിയിരുന്നത്. കോടതി ശിക്ഷിച്ചെങ്കിലും സ്യൂചിയെ ജയിലിലേക്ക് മാറ്റില്ല എന്നായിരുന്നു സൈനിക ഭരണത്തലവന്‍ മിന്‍ ഹോംഗ് ലെയിന്‍ അറിയിച്ചിരുന്നത്. സ്യൂചിക്കൊപ്പം കുറ്റവിചാരണ ചെയ്യപ്പെട്ട മുന്‍ മ്യാന്മര്‍ പ്രസിഡന്റും സ്യൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡമോക്രസി പാര്‍ട്ടി സഖ്യനേതാവുമായ വിന്‍ മ്യിന്റും കോടതിയില്‍ ജയില്‍ വേഷം ധരിച്ച് എത്തിയിരുന്നു. വാഗദ്ാനങ്ങള്‍ ലംഘിച്ച് സ്യൂചിയെ ജയിലില്‍ അടച്ചതായാണ് ഇപ്പോള്‍ തെളിയുന്നത്. 

നൊബേല്‍ സമ്മാന ജേതാവായ സ്യൂചിയെ സൈനിക ഭരണകൂടം കര്‍ശനമായി നേരിടുകയാണ് എന്നതിന്റെ സൂചനയാണ് ഇതെന്ന് നിരീക്ഷണങ്ങളുണ്ടായിരുന്നു. അത് ശരിവെക്കുന്നതാണ് പുതിയ കോടതി വിധി. ആരോപണങ്ങളെല്ലാം നിലവില്‍  സ്യൂചി നിരസിക്കുകയും ചെയ്തിട്ടുണ്ട്. 100 വര്‍ഷമെങ്കിലും തടവു ശിക്ഷ വിധിക്കാവുന്നതാണ് 76 കാരിയായ സ്യൂചിക്കെതിരെ ചുമത്തിയ കേസുകളെല്ലാം.  

ഫെബ്രുവരി മുതല്‍ സൈന്യത്തിന്റെ വീട്ടുതടങ്കലിലായിരുന്നു സ്യൂചി. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സ്യൂചിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ പുറത്താക്കുകയും നേതാക്കളെ തടവില്‍ വെക്കുകയും ചെയ്താണ് മ്യാന്മറില്‍ സൈന്യം ഭരണം പിടിച്ചത്. സ്യൂചി വിജയിച്ച തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നു എന്നാരോപിച്ചായിരുന്നു സൈന്യത്തിന്റെ ഇടപെടല്‍. എന്നാല്‍, തെരഞ്ഞെടുപ്പ് നൂറു ശതമാനം സത്യസന്ധമായും സുതാര്യവുമായാണ് നടന്നിരുന്നത് എന്നാണ് തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ച അന്താരാഷ്ട്ര നിരീക്ഷകര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 


സ്യൂചിക്കെതിരായ ശിക്ഷാനടപടിക്കെതിരെ മ്യാന്‍മറിലും ലോകമാകെയും ശക്തമായ വിമര്‍ശനം ഉയരുന്നുണ്ട്. അഴിമതി, ഔദ്യോഗിക രഹസ്യ നിയമ ലംഘനം തുടങ്ങി സ്യുചിക്കെതിരെ നിരവധി കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

മ്യാന്‍മര്‍ രാഷ്ട്രപിതാവായ ഓങ് സാനിന്റെ മകളായ സ്യൂചി സൈനിക ഭരണകൂടത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് പതിറ്റാണ്ടുകളോളം വീട്ടുതടങ്കലിലായിരുന്നു. ലോകമെങ്ങുംനിന്നുയര്‍ന്ന കടുത്ത പ്രതിഷേധങ്ങള്‍ക്കിടയില്‍ 2010-ലാണ് ഇവര്‍ വീട്ടുതടങ്കലില്‍നിന്നും മോചിപ്പിക്കപ്പെട്ടത്. അതേ വര്‍ഷം നടന്ന തെരഞ്ഞെടുപ്പ് സ്യൂചിയുടെ പാര്‍ട്ടിയുടെ ബഹിഷ്‌കരിച്ചിരുന്നു. 

അതിനെ തുടര്‍ന്ന് സൈനിക ഭരണകൂടത്തിന്റെ പിന്തുണയുള്ള രാഷ്ട്രീയ കക്ഷി അധികാരത്തിലെത്തി. എന്നാല്‍, 2015-ലെ തെരഞ്ഞെടുപ്പില്‍ സ്യൂചിയുടെ പാര്‍ട്ടിയായ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി ചരിത്രവിജയം നേടി അധികാരത്തില്‍ എത്തി. തുടര്‍ന്ന് മ്യാന്‍മര്‍ 2001-വരെ സ്യൂചിയുടെ നേതൃത്വത്തിലുള്ള ഭരണകൂടമാണ് മ്യാന്‍മര്‍ ഭരിച്ചിരുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സൈന്യം വീണ്ടും അധികാരം പിടിക്കുകയും സ്യൂചി അടക്കമുള്ള നേതാക്കളെ ജയിലിലടക്കുകയും ചെയ്തത്.

PREV
Read more Articles on
click me!

Recommended Stories

മോഷ്ടിക്കപ്പെട്ട പണം തിരികെ വേണ്ടെന്ന് പറഞ്ഞെങ്കിലും താൻ മകനെ ഒരു മോഷ്ടാവായല്ല വളർത്തിയതെന്നായിരുന്നു ആ അമ്മയുടെ മറുപടി, വീഡിയോ
യേശുക്രിസ്തുവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ടൂറിൻ ആവരണത്തിൽ 38.7% ഇന്ത്യൻ ഡിഎൻഎ; പഠനം