'എന്നെ ഇൻ്റർനെറ്റ് അഡിക്ഷൻ ചികിത്സാ കേന്ദ്രത്തിലേക്കോ തിരുത്തൽ ക്യാമ്പിലേക്കോ അയക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നെ ഫോണിൽ കിട്ടാതായാൽ ദയവായി പോലീസിനെ വിളിച്ച് രക്ഷിക്കണം' എന്നായിരുന്നു പെൺകുട്ടിയുടെ യാചന.
സാമ്പത്തിക തട്ടിപ്പുകളിലൂടെ കോടികൾ തട്ടിയ മുൻ കുറ്റവാളി ഇപ്പോള്‍ ചൈനയിൽ സാംസ്കാരിക ഗുരു. ഇയാൾ നടത്തുന്ന 'റുഷി അക്കാദമി' എന്ന സ്ഥാപനത്തിൽ നടക്കുന്ന ക്രൂരതകളെക്കുറിച്ചും അതിന്റെ സ്ഥാപകൻ ലായ് സെപിംഗിന്റെ തട്ടിപ്പുകളെ കുറിച്ചും ഉള്ള വിവരങ്ങൾ പുറത്തുവന്നതോടെ അധികൃതർ അന്വേഷണം ആരംഭിച്ചു. റുഷി അക്കാദമിയിൽ ശാരീരികമായി കുട്ടികളെ അക്രമിക്കുന്നതടക്കമുള്ള വിവരങ്ങളാണ് പുറത്ത് വന്നത്. ജൂലൈയിലാണ് ലിൻ എന്ന 16 വയസ്സുള്ള പെൺകുട്ടി സുഹൃത്തുക്കൾക്കായി മുൻകൂട്ടി ചിത്രീകരിച്ചു വെച്ച വീഡിയോ വൈറലാവുന്നത്. അങ്ങനെയാണ് സംഭവം പുറത്തറിയുന്നത്.
'എന്നെ ഇൻ്റർനെറ്റ് അഡിക്ഷൻ ചികിത്സാ കേന്ദ്രത്തിലേക്കോ തിരുത്തൽ ക്യാമ്പിലേക്കോ അയക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നെ ഫോണിൽ കിട്ടാതായാൽ ദയവായി പോലീസിനെ വിളിച്ച് രക്ഷിക്കണം' എന്നായിരുന്നു പെൺകുട്ടിയുടെ യാചന. കിഴക്കൻ ചൈനയിലെ ഴെജിയാങ് പ്രവിശ്യയിയിലുള്ള റുഷി അക്കാദമിയുടെ സമ്മർ ക്യാമ്പിലേക്ക് മാതാപിതാക്കൾ തന്നെ വീണ്ടും അയക്കാൻ പദ്ധതിയിട്ടപ്പോഴാണ് ലിൻ ഈ വീഡിയോ ചിത്രീകരിച്ചത്. 2024 -ൽ സ്കൂളിൽ പോകാൻ വിസമ്മതിച്ചതിനും ബഹുമാനക്കുറവ് കാണിച്ചതിനും ഒരു വർഷത്തേക്ക് പെൺകുട്ടിയെ നന്നാക്കിയെടുക്കാൻ 1,20,000 യുവാൻ (ഏകദേശം 18,000 യുഎസ് ഡോളർ) നൽകിയാണ് മാതാപിതാക്കൾ ഇവിടെ ചേർത്തത്.
ശിക്ഷയും കടുത്ത നിയന്ത്രണങ്ങളും
അക്കാദമിയിൽ 20 -ലധികം വിദ്യാർത്ഥികളുണ്ട്. സ്ഥാപനത്തിൽ എത്തുന്നവരുടെ ഫോണുകളും തിരിച്ചറിയൽ രേഖകളും പിടിച്ചെടുക്കുമത്രെ. ദിവസവും ധ്യാനവും പരമ്പരാഗത പാഠങ്ങളും നിർബന്ധമാക്കിയിട്ടുള്ള ഇവിടെ, അനുസരണക്കേട് കാണിച്ചാലോ പുഞ്ചിരിക്കാൻ മറന്നാൽ പോലും വിദ്യാർത്ഥികളെ ക്രൂരമായി തല്ലാറുണ്ടെന്ന് ആരോപണമുണ്ട്. എന്നാൽ 'ഞങ്ങളുടെ കുട്ടിക്കാലത്തും അധ്യാപകർ ഇങ്ങനെയൊക്കെ തന്നെയാണ് പഠിപ്പിച്ചത്' എന്ന് പറഞ്ഞ് കുട്ടിയുടെ അമ്മ സ്ഥാപനത്തെ പിന്തുണയ്ക്കുകയാണുണ്ടായത്.
സംഭവം വിവാദമായതോടെ അക്കാദമി തലവൻ റു പിംഗിന്റെ തട്ടിപ്പിന്റെ ചരിത്രവും പുറത്തുവന്നു. 1998-നും 2001-നും ഇടയിൽ 1.4 കോടിയിലധികം യുവാൻ തട്ടിയ കേസിൽ ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. 2022 -ൽ അനധികൃത ബിസിനസ്സ് പ്രവർത്തനങ്ങൾക്ക് രണ്ട് വർഷത്തെ തടവും പിഴയും ലഭിച്ചു. താൻ 'ജയിലിലാണ് വളർന്നത്' എന്ന് അഭിമാനത്തോടെ പറയുന്ന റു പിംഗ്, തടവുശിക്ഷ അനുഭവിച്ചാലും ജയിച്ചവൻ ജയിച്ചവൻ തന്നെയാണെന്നാണ് ക്ലാസുകളിൽ അവകാശപ്പെടുന്നത്. 2012 -ൽ ഇയാൾ ആരംഭിച്ച സമാനമായ ഒരു പരിശീലന കേന്ദ്രം ആരോപണത്തെ തുടർന്ന് പൂട്ടിപ്പിച്ചിരുന്നു.
ഴെജിയാങ്ങിന് പുറമെ ഗ്വാങ്ഡോങ്, ഫുജിയാൻ, ഷാൻഡോങ് പ്രവിശ്യകളിലും അക്കാദമിക്ക് ശാഖകളുണ്ട്. മുതിർന്നവർക്കായി 5,800 മുതൽ 10,000 യുവാൻ വരെയുള്ള കോഴ്‌സുകളും, കുട്ടികളുടെ കേന്ദ്രത്തിൽ പ്രതിവർഷം 1,20,000 യുവാനുമാണ് ഈടാക്കുന്നത്. 'മാതാപിതാക്കളോട് ഭക്തിയും ഭർത്താവിനോട് അനുസരണയും' വേണമെന്നാണ് ഇവിടുത്തെ പ്രധാന പാഠം. ഔദ്യോഗിക വിദ്യാഭ്യാസ സ്ഥാപനങ്ങളായി രജിസ്റ്റർ ചെയ്യാത്തതിനാൽ ഇത്തരം സ്കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണമോ ജീവനക്കാർക്ക് ലൈസൻസോ ആവശ്യമില്ല.
സംഭവത്തിൽ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം ഉയർന്നതിനെത്തുടർന്ന്, ഷിൻചാങ് കൗണ്ടിയിലെ പ്രാദേശിക ഭരണകൂടം സ്ഥാപനത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.


