'ഓസ്‌ട്രേലിയയിൽ ജോലി ജീവിതത്തിന്റെ ഭാഗം മാത്രം, ഇന്ത്യയിൽ അങ്ങനെയല്ല '; ശ്ര​ദ്ധേയമായി പോസ്റ്റ്

Published : Mar 27, 2026, 01:23 PM IST
man working

Synopsis

ഓസ്‌ട്രേലിയയിലെയും ഇന്ത്യയിലെയും തൊഴിൽ സംസ്കാരങ്ങളെ താരതമ്യം ചെയ്യുന്ന ഒരു ലിങ്ക്ഡ്ഇൻ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഓസ്‌ട്രേലിയയിൽ ജോലി ജീവിതത്തിന്റെ ഭാഗം മാത്രമാകുമ്പോൾ ഇന്ത്യയിൽ അങ്ങനെയല്ല എന്നാണ് പോസ്റ്റില്‍ പറയുന്നത്.

ശരിക്കും നമ്മൾ ജീവിക്കാൻ വേണ്ടി ജോലി ചെയ്യുകയാണോ, അതോ ജോലി ചെയ്യാൻ വേണ്ടി ജീവിക്കുകയാണോ പലപ്പോഴും പല സാഹചര്യങ്ങളിലും ഈ ചോദ്യങ്ങൾ നമ്മൾ സ്വയം ചോദിച്ചുപോയിട്ടുണ്ടാകും. ഇന്ത്യയിലെ തൊഴിൽ സംസ്കാരം പലപ്പോഴും 'വർക്ക് ലൈഫ് ബാലൻസ്' എന്ന കാര്യം കേട്ടിട്ടുകൂടിയില്ലാത്ത രീതിയിലാണ്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഓസ്‌ട്രേലിയയിലെ ശാന്തമായ വൈകുന്നേരങ്ങളെയും ഇന്ത്യയിലെ അവസാനിക്കാത്ത ജോലിത്തിരക്കിനെയും താരതമ്യപ്പെടുത്തിയാണ് പോസ്റ്റ്. ലിങ്ക്ഡ്ഇന്നിൽ മനുരാജ് ഗാർഗ് എന്ന യുവാവാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

ഓസ്‌ട്രേലിയയിലുള്ള തന്റെ സുഹൃത്തിനെ വിളിച്ചതിന്റെ അനുഭവവും മനുരാജ് പറയുന്നുണ്ട്. വൈകുന്നേരം 4:30 -ന് സുഹൃത്ത് ഒരു കഫേയിൽ ഒറ്റയ്ക്ക് കാപ്പി കുടിച്ചിരിക്കുകയായിരുന്നു. ലാപ്ടോപ്പോ, മീറ്റിംഗുകളോ, എയർപോഡ്സോ ഒന്നുമില്ല, വെറും വിശ്രമം മാത്രം. അന്നത്തെ ജോലി കഴിഞ്ഞ് അയാൾ സൈക്ലിംഗിനോ, ഗോൾഫിനോ ഭാര്യയോടൊപ്പം കടൽതീരത്ത് നടക്കാനോ ഒക്കെ പോവുകയാണ്. രാത്രി 10 മണിക്ക് ഉറക്കം. സമാധാനപരമാണ് അവിടുത്തെ ജീവിതശൈലി എന്നും പോസ്റ്റിൽ പറയുന്നു.

എന്നാൽ, ഇന്ത്യയിലെ അവസ്ഥ ഇതിൽ നിന്നും തികച്ചും വ്യത്യാസമാണെന്നും മനുരാജ് പറയുന്നു. രാത്രി 8:30 നും ഓഫീസിലെ ലൈറ്റുകൾ അണഞ്ഞിട്ടുണ്ടാവില്ല. അല്ലെങ്കിൽ ട്രാഫിക്കിൽ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങളുടെ നീണ്ട നിരയാവും. ഡ്രൈവിംഗിനിടയിൽ പോലും വാട്ട്‌സ്ആപ്പ് നോക്കുകയും 'രണ്ട് മിനിറ്റിനുള്ളിൽ ജോയിൻ ചെയ്യാം' എന്ന് പറയുന്നതുമായ തിരക്കാണ് ഇവിടെ. ഞായറാഴ്ച രാത്രിയാവട്ടെ അടുത്ത ദിവസത്തെ റിവ്യൂ മീറ്റിംഗിനായി ലാപ്ടോപ്പ് തുറക്കണം.

'മറ്റൊരാൾ തന്നെക്കാൾ വേഗത്തിൽ വളരുന്നുണ്ടോ' എന്ന ഭയമാണ് ഇന്ത്യക്കാരെ ഈ കഠിനമായ മത്സരത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് മനുരാജിന്റെ അഭിപ്രായം. 'ഓസ്‌ട്രേലിയയിൽ ജോലി ജീവിതത്തിന്റെ ഭാഗമാണ്, എന്നാൽ ഇന്ത്യയിൽ ജീവിതം ജോലിയുടെ ഇടവേളകളിൽ ഒതുങ്ങിപ്പോവുകയാണ്' എന്നും അദ്ദേഹം കുറിച്ചു. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി വന്നത്. മനുരാജ് പറഞ്ഞത് സത്യമാണ് എന്നായിരുന്നു പലരുടേയും അഭിപ്രായം.

PREV
Read more Articles on
click me!

Recommended Stories

താമസം മാറിയിട്ട് വെറും 15 ദിവസം, അയൽവാസിയുടെ സ്ഥലത്ത് തുണിയുണക്കിയതിന് ഇറങ്ങിപ്പോകാൻ വീട്ടുടമ
അവസാനം വൻ ട്വിസ്റ്റ്! പാവം ഭർത്താവ് ഒന്നും അറിഞ്ഞില്ല! തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി എന്ന് യുവതി, സംഭവിച്ചത്