Latest Videos

ഓസ്ട്രലിയന്‍ കാട്ടുതീ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍  സൃഷ്ടിക്കുമെന്ന് പഠനം

By Gopika SureshFirst Published Jan 31, 2020, 3:44 PM IST
Highlights

കാട്ടുതീയും പുകയും ചേര്‍ന്ന് മനുഷ്യരില്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി പഠനത്തില്‍ പറയുന്നു.
 

മഴ കുറഞ്ഞതും  താപനിലയില്‍ വര്‍ദ്ധനവുണ്ടായതുമാണ്  ഓസ്ട്രേലിയയിലെ കുറ്റിക്കാടുകളില്‍ തീപിടുത്തം വളരാന്‍ കാരണമായത്. മഴയുടെ അഭാവം സസ്യങ്ങളെ വളരെ വരണ്ടതും എളുപ്പം കത്തുന്നതുമാക്കി. ഇതാണ് വലിയതോതില്‍ തീ പടരാന്‍ കാരണമായത്. 1910 മുതലുള്ള കണക്കുപ്രകാരം ഏകദേശം ഒരു ഡിഗ്രി താപനില ഓസ്ട്രേലിയയില്‍ ഉയര്‍ന്നിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഉണ്ടാകുന്ന ഉഷ്ണതരംഗങ്ങളും അതിന്റെ കൂടിവരുന്ന ദൈര്‍ഘ്യവും, ആവൃത്തിയുമൊക്കെയാണ് ഈ തീപിടുത്തത്തിന് ഊര്‍ജ്ജമേകുന്നത്. 

കാട്ടുതീ മൂലം ന്യൂ സൗത്ത്‌വെയില്‍സില്‍ ഏകദേശം 700 ഓളം വീടുകള്‍ കത്തിനശിച്ചു, കോടിക്കണക്കിനു വന്യജീവികള്‍ ഇല്ലാതായി. നിരവധി മനുഷ്യരും മരിച്ചു. ആവാസവ്യവസ്ഥയില്‍ ഉണ്ടായ വലിയതോതില്‍ ഉള്ള നാശനഷ്ടങ്ങള്‍ കോല ജീവികളുടെയും കങ്കാരുക്കളുടെയുമൊക്കെ ജീവിതസാഹചര്യങ്ങള്‍ക്ക്  ഗുരുതരമായ ഭീഷണിയാവുകയും ചെയ്തു. 

എന്നാല്‍, ഇവിടെ തീരുന്നില്ല ഈ കാട്ടുതീയുടെ പ്രത്യാഘാതങ്ങളെന്നാണ് അന്താരാഷ്ട്ര മെഡിക്കല്‍ ജേര്‍ണല്‍ ആയ ലാന്‍സെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കാട്ടുതീയും പുകയും ചേര്‍ന്ന് മനുഷ്യരില്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി പഠനത്തില്‍ പറയുന്നു. ആസ്ത്മ, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ശ്വാസകോശ അണുബാധകള്‍ എന്നിവ കൂടാതെ അപകടകരമായ രീതിയില്‍ കണങ്ങള്‍ അടങ്ങിയ വായു ശ്വസിക്കുന്നത് മൂലം ഹൃദയ രോഗങ്ങള്‍ , ജനന സംബന്ധമായ രോഗങ്ങള്‍, മാനസിക വൈകല്യങ്ങള്‍, നേത്രരോഗങ്ങള്‍ തുടങ്ങിയവ വര്‍ദ്ധിക്കാനും ഈ അവസ്ഥ കാരണമായേക്കാം എന്ന് ലാന്‍സെറ്റ് പഠനം വ്യക്തമാക്കുന്നു. 

അന്തരീക്ഷത്തില്‍ ഖരകണങ്ങളും ദ്രാവകത്തുള്ളികളും ചേര്‍ന്നുണ്ടാകുന്ന മിശ്രിതമാണ് പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ (PM ) എന്നറിയപ്പെടുന്നത്. അതായത് അന്തരീക്ഷകണികകള്‍ മൂലമുണ്ടാകുന്ന മലിനീകരണം. വായുവിലുള്ള കണികകള്‍ വളരെ ചെറുതാണ്, നമുക്ക് നഗ്‌നനേത്രങ്ങളിലൂടെ കാണാന്‍ കഴിയുന്നതിലും സൂക്ഷ്മം. കണികാ മലിനീകരണത്തെ പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ 2.5, 10 അതായത് PM2.5, PM10 എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. 
PM2.5, PM10 എന്നിവ വായുവില്‍ അടങ്ങിയിരിക്കുന്ന സൂക്ഷ്മ കണങ്ങളാണ്, ഇത് ശ്വസിക്കുന്നത് ആരോഗ്യത്തിന് വളരെ അധികം ദോഷകരവുമാണ്. 
ഈ കണങ്ങളുടെ തോത് അന്തരീക്ഷത്തില്‍ വര്‍ദ്ധിക്കുകയും ഇവ നമ്മുടെ ശ്വാസകോശത്തില്‍ എത്തിച്ചേരുകയും ചെയ്യുമ്പോള്‍ വലിയ രീതിയില്‍ ഉള്ള  ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും.  

തീപിടുത്തം കാരണം, സിഡ്‌നിയിലെ മിക്ക പ്രദേശങ്ങളിലും, 24 മണിക്കൂറിലെ ശരാശരി PM2·5 സാന്ദ്രത ഈ ഡിസംബറില്‍ 100 µg/m3 നേക്കാള്‍ കവിഞ്ഞു. ഇത് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശ മൂല്യമായ 25 µg/m3 നേക്കാള്‍ നാലിരട്ടി കൂടുതലാണ്. താരതമ്യപ്പെടുത്തുമ്പോള്‍, തീപിടുത്തത്തിന് മുമ്പുള്ള പ്രതിദിന ശരാശരി PM2·5 സാന്ദ്രത ഏകദേശം 20 µg / m3 ആയിരുന്നു. 

പ്രതിദിന PM2·5 സാന്ദ്രതയില്‍ ഇത്തരത്തിലുണ്ടായ ഈ വര്‍ദ്ധനവ്  പ്രതിദിന മരണനിരക്ക് ഏകദേശം  5·6% ഉയര്‍ത്തുകയും, കൂടാതെ ഹൃദ്രോഗ സംബന്ധമായ മരണസാധ്യത 4·5% ഉയര്‍ത്തുകയും, ശ്വാസകോശ സംബന്ധമായ മരണനിരക്ക് 6·1% ഉം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് കണക്കാക്കുന്നു. 
1997 നും 2004 നും ഇടയില്‍ സിഡ്‌നിയില്‍ നടന്ന കുറ്റിക്കാട് തീപിടുത്തങ്ങളുടെ അനന്തരഫലങ്ങളെ കുറിച്ചുള്ള മുന്‍ നിരീക്ഷണങ്ങളുടെ ഭാഗമായുള്ളതാണ് ഈ കണക്കുകള്‍. 

click me!