Good Cartel Cafe : കാപ്പിക്കടയിലേക്ക് ജോലിക്കാരെ വേണം; ശമ്പളം, പ്രതിവര്‍ഷം അരക്കോടി രൂപ!

Web Desk   | Asianet News
Published : Mar 17, 2022, 04:33 PM ISTUpdated : Mar 17, 2022, 04:34 PM IST
Good Cartel Cafe : കാപ്പിക്കടയിലേക്ക് ജോലിക്കാരെ വേണം;  ശമ്പളം, പ്രതിവര്‍ഷം അരക്കോടി രൂപ!

Synopsis

ശമ്പളമായി 92,000 ഡോളറോളമാണ് കഫേ വാഗ്ദാനം ചെയ്യുന്നത്. അതായത് ഒരു വര്‍ഷം ഏകദേശം 50 ലക്ഷം രൂപ. ആഴ്ചയില്‍ അഞ്ച് ദിവസം 47 മണിക്കൂര്‍ ജോലി ചെയ്യുന്നതിനാണ് ഈ ശമ്പളം.    

ഓസ്ട്രേലിയയിലെ ബ്രൂമിലുള്ള ഒരു കഫേ ഈയടുത്ത് ഒരു പരസ്യം പുറത്തിറക്കി. സ്ഥാപനത്തിലേക്ക് പുതിയ ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പരസ്യം. 

വളരെ സാധാരണമായ കാര്യമാണ് ഇതെങ്കിലും സംഭവം വലിയ ചര്‍ച്ചയായി. കാരണം എന്തെന്നോ? അവര്‍ വാഗ്ദാനം ചെയ്യുന്ന ശമ്പളം. ഒരു വര്‍ഷം ഏകദേശം അരക്കോടി രൂപയാണ് അവര്‍ ശമ്പളം നല്‍കുന്നത്!
 
പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ വിനോദ സഞ്ചാര നഗരങ്ങളിലൊന്നാണ് ബ്രൂം. ഇവിടെ പ്രവര്‍ത്തിക്കുന്ന 'ദി ഗുഡ് കാര്‍ട്ടല്‍' എന്ന കഫേയാണ് തൊഴിലാളികളെ തേടുന്നത്. ശമ്പളമായി 92,000 ഡോളറോളമാണ് കഫേ വാഗ്ദാനം ചെയ്യുന്നത്. അതായത് ഒരു വര്‍ഷം ഏകദേശം 50 ലക്ഷം രൂപ. ആഴ്ചയില്‍ അഞ്ച് ദിവസം 47 മണിക്കൂര്‍ ജോലി ചെയ്യുന്നതിനാണ് ഈ ശമ്പളം.    

അതുപോലെ, അടുക്കള ജീവനക്കാര്‍ക്ക് ശനിയും ഞായറും ഉള്‍പ്പെടെ ആഴ്ചയില്‍ അഞ്ച് ദിവസം 55 മണിക്കൂര്‍ വരെ ജോലി ചെയ്യാമെങ്കില്‍ പ്രതിവര്‍ഷം 61 ലക്ഷം വരെ സമ്പാദിക്കാമെന്നും സ്ഥാപനം വ്യക്തമാക്കുന്നു. ഇനി വാരാന്ത്യങ്ങളില്‍ ജോലി ചെയ്യാന്‍ താല്പര്യമില്ലെങ്കില്‍, അതും പ്രശ്നമില്ല.  83,000 ഓസ്ട്രേലിയന്‍ ഡോളര്‍ (ഏകദേശം 45.7 ലക്ഷം രൂപ) പ്രതിവര്‍ഷം ശമ്പളമായി ലഭിക്കും. ജീവനക്കാര്‍ക്കായി ഗുഡ് കാര്‍ട്ടല്‍ പുറത്തിറക്കിയ പരസ്യത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്.

ഇത് വായിക്കുമ്പോള്‍ ആരം അമ്പരന്നുപോവും? ഒരു കഫേയില്‍ ജോലിയ്ക്ക് നില്‍ക്കുന്നതിന് ഇത്രയധികം ശമ്പളമോ? 

അതിനുള്ള കാരണവും സ്ഥാപനം തന്നെ വിശദീകരിക്കുന്നുണ്ട്. കൊവിഡ് -19 മഹാമാരിയെ തുടര്‍ന്ന് ജോലിയ്ക്ക് ആളുകളെ കിട്ടാതായി. അതാണ് ഈ സ്വപ്‌ന തുല്യമായ ശമ്പളം വാഗ്ദാനം ചെയ്യാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്ന് കഫേ പറയുന്നു. 'ജീവനക്കാര്‍ക്ക് ഇന്‍ഡസ്ട്രി നിരക്കുകളേക്കാള്‍ ഉയര്‍ന്ന ശമ്പളം നല്‍കുന്നത് എല്ലായ്പ്പോഴും ബിസിനസ്സിന്റെ ഒരു തന്ത്രമാണ്. അടുത്ത കാലത്തായി ഇത് ഒരു അനിവാര്യതയായി മാറിയിരിക്കുന്നു. തൊഴിലാളികളെ കിട്ടാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്'- കഫേ ഉടമ ജാക്ക് കൈന്‍ പറയുന്നു.

കോവിഡ് മഹാമാരി ബിസിനസ്സിനെ വല്ലാതെ ബാധിച്ചുവെന്ന് അദ്ദേഹം പറയുന്നു. ലോക്ക്ഡൗണും, നിയന്ത്രങ്ങളും, വാടകയും, എല്ലാം ബിസിനസില്‍ വെല്ലുവിളികളായെന്നും ജാക്ക് അഭിപ്രായപ്പെട്ടു. മഹാമാരിയെ തുടര്‍ന്ന് അതിജീവിക്കാന്‍ പാടുപെടുകയായിരുന്നു ടൂറിസം മേഖല.
അക്കൂട്ടത്തില്‍ ജോലിക്കായി ഉദാരമായ പാക്കേജുകള്‍ വാഗ്ദാനം ചെയ്ത് ഇതില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുകയാണ് അദ്ദേഹവും. 

ഓസ്ട്രേലിയയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണ് ബ്രൂം. ചുവന്ന മണല്‍ ബീച്ചുകള്‍ക്ക് പേരുകേട്ടതാണ് അവിടം. ആഴ്ചകള്‍ക്ക് മുന്‍പാണ്  അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ക്കായി ഓസ്ട്രേലിയ അതിര്‍ത്തികള്‍ വീണ്ടും തുറന്നത്. ആയിരക്കണക്കിന് ആളുകള്‍ രാജ്യത്തിന്റെ പ്രശസ്തമായ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് അവധിക്കാലം ആഘോഷിക്കാന്‍ എത്തുമെന്ന പ്രതീക്ഷയിലാണ് അവിടത്തുകാര്‍. രാജ്യാന്തര അതിര്‍ത്തികള്‍ തുറന്നിരിക്കുന്ന മേഖലയിലേക്ക് ജോലി അന്വേഷിച്ച് എത്തുന്നവരുടെ എണ്ണവും കൂടുമെന്നും പ്രതീക്ഷിക്കുന്നു.  
 

PREV
Read more Articles on
click me!

Recommended Stories

മൈനസ് 8°C -യിലെ പ‍ർവ്വതാരോഹണം, കാമുകിയെ മരണത്തിന് വിട്ടുനൽകിയെന്ന് ആരോപിച്ച് കാമുകനെതിരെ കേസ്
പുള്ളിപ്പുലികളെ വന്ധ്യംകരിക്കണം; അവ നാട്ടിലിറങ്ങുന്നത് തടയാൻ ആടുകളെ കാട്ടിലേക്ക് വിടണം; മഹാരാഷ്ട്ര വനം മന്ത്രി