
നാസി ചിഹ്നങ്ങള്‍ ഔദ്യോഗികമായി നിരോധിക്കുന്ന ആദ്യ ഓസ്ട്രേലിയന്‍ സ്റ്റേറ്റ് ആയിമാറാന്‍ വിക്ടോറിയ. 2022 -ന്റെ ആദ്യ പകുതിയിൽ ഉഭയകക്ഷി പിന്തുണയോടെ സംസ്ഥാന പാർലമെന്റിൽ ഇത് അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർദ്ദിഷ്ട നിയമപ്രകാരം, പൊതു ഇടങ്ങളിൽ സ്വസ്തികകളും മറ്റ് വിദ്വേഷ ചിഹ്നങ്ങളും പ്രദർശിപ്പിക്കുന്നത് നിരോധിക്കും.
ഈ വർഷം ആദ്യമാണ് ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് ഇത്തരം മുദ്രയും പ്രചാരണവും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ, വിദ്യാഭ്യാസപരമോ ചരിത്രപരമോ ആയ ആവശ്യങ്ങൾക്കായി ചിഹ്നങ്ങളുടെ ഉപയോഗം നിരോധനത്തില്‍ ഉൾപ്പെടില്ല. വിക്ടോറിയൻ പാർലമെന്റ് പുറത്തുവിട്ട ഒരു റിപ്പോർട്ടിൽ, സമൂഹത്തിലെ നിരവധി ആളുകൾക്ക് വിദ്വേഷപരമായ ഭാഷ അനുഭവിക്കേണ്ടി വരുന്നു എന്ന് പറയുന്നു. എന്നാൽ, നിലവിലെ നിയമങ്ങൾ അനുസരിച്ച്, സംരക്ഷണം കിട്ടുക വംശീയമായും മതപരമായും ഉള്ള വിദ്വേഷപ്രചരണത്തിന് മാത്രമാണ്.
വിക്ടോറിയയുടെ അറ്റോർണി ജനറൽ ജാക്ലിൻ സിംസ് പറയുന്നത്, 'നവനാസിസവും ഉള്ളിൽ പേറി നടക്കുന്നവരോട് ഓസ്ട്രേലിയയ്ക്ക് പറയാനുള്ളത് ഇത്തരം വിദ്വേഷമനോഭാവം നമ്മളൊരിക്കലും അംഗീകരിക്കുന്ന ഒന്നല്ല എന്നാണ്' എന്നാണ്.
കാൾഫീൽഡിലെ ലിബറൽ അംഗം ഡേവിഡ് സൗത്ത്വിക്ക് പറയുന്നത് അദ്ദേഹത്തിന്റെ മെൽബൺ വോട്ടർമാർക്കിടയില്‍ ഒരു വലിയ ജൂത സമൂഹമുണ്ട്. എന്നാല്‍, സമീപവര്‍ഷങ്ങളില്‍ വിദ്വേഷ ചിഹ്നങ്ങൾ വ്യാപകമായി ആളുകള്‍ ഉപയോഗിക്കുന്നു എന്നാണ്. "കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഹോളോകോസ്റ്റ് അതിജീവിച്ചവർ നിറഞ്ഞ ഒരു വൃദ്ധസദനത്തിൽഒരു സ്വസ്തിക വരച്ചത് ഞങ്ങൾ കണ്ടു... " അത് ജൂതസമൂഹത്തിനേല്‍പ്പിക്കുന്ന മുറിവിനെ കുറിച്ചും സൗത്ത്വിക്ക് പറയുന്നു.
കഴിഞ്ഞ വർഷം, വടക്കുപടിഞ്ഞാറൻ വിക്ടോറിയയിലെ ഒരു വീടിന് മുകളിൽ നാസി പതാക പറത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അതിനെതിരെ നിയമം മൂലമുള്ള നിരോധനമില്ലാത്തതിനാല്‍ തന്നെ അത് നീക്കംചെയ്യാൻ പ്രാദേശിക അധികാരികൾക്ക് ഉത്തരവിടാൻ കഴിഞ്ഞില്ല. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ഇത്തരം ചിഹ്നങ്ങൾ നിരോധിക്കാനുള്ള തീരുമാനം കൈക്കൊള്ളാൻ വിക്ടോറിയ ഒരുങ്ങുന്നത്. നാസി ചിഹ്നങ്ങൾ നിരോധിക്കാനുള്ള വ്യാഴാഴ്ചത്തെ പ്രഖ്യാപനത്തെ ഓസ്‌ട്രേലിയയിലുടനീളമുള്ള വിവിധ സാംസ്കാരിക, മനുഷ്യാവകാശ ഗ്രൂപ്പുകൾ വ്യാപകമായി പിന്തുണച്ചു.