Lockdown in Austria| വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ലോക്ക്ഡൗണ്‍; പുറത്തിറങ്ങിയാല്‍ പിഴ 1.23 ലക്ഷം!

By Web TeamFirst Published Nov 14, 2021, 10:11 PM IST
Highlights

വാക്‌സിന്‍ എടുത്തില്ലെങ്കില്‍ വീട്ടില്‍നിന്നും പുറത്തിറങ്ങാനാവില്ലെന്ന് ചുരുക്കം. കൊവിഡ് വ്യാപനം തുടരുകയും വാക്സിന്‍ വിരുദ്ധര്‍ കൂടുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവിടെ  രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്


കൊവിഡ് തടയാനുള്ള ഏറ്റവും ഫലപ്രദമായ വഴി ലോക്ക്ഡൗണ്‍ ആണെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കിയതും ആ കാരണത്താലാണ്. എന്നാല്‍, ഓസ്ട്രിയയില്‍ ഇപ്പോഴാരംഭിച്ച ലോക്ക്ഡൗണ്‍ കേട്ടുകേള്‍വിയില്ലാത്ത രീതിയിലുള്ള ഒന്നാണ്. കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നതിനാണ് ഇവിടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. 

തെളിച്ചുപറഞ്ഞാല്‍, വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് മാത്രമായാണ് ഇവിടെ ലോക്ക്ഡൗണ്‍. വാക്‌സിന്‍ എടുത്തില്ലെങ്കില്‍ വീട്ടില്‍നിന്നും പുറത്തിറങ്ങാനാവില്ലെന്ന് ചുരുക്കം. കൊവിഡ് വ്യാപനം തുടരുകയും വാക്സിന്‍ വിരുദ്ധര്‍ കൂടുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവിടെ  രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. 12 വയസ്സിനു മുകളിലുള്ള വാക്‌സിന്‍ എടുക്കാത്ത ആരും വീട്ടില്‍നിന്നിറങ്ങരുത് എന്നാണ് ഓസ്ട്രിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തരവില്‍ പറയുന്നത്. എന്നാല്‍, അത്യാവശ്യകാര്യങ്ങള്‍ക്ക് വെളിയില്‍ പോവാനാവും. 

89 ലക്ഷമാണ് ഇവിടത്തെ ജനസംഖ്യ. ഇതില്‍ 20 ലക്ഷം പേര്‍ വാക്‌സിന്‍ എടുത്തിട്ടില്ല. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ വാക്‌സിന്‍ എടുക്കാത്തവര്‍ക്കായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. പത്തു ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ എന്ന് ചാന്‍സലര്‍ അലക്‌സാണ്ടര്‍ ഷാലന്‍ബര്‍ഗ് അറിയിച്ചു. പുറത്തിറങ്ങുന്നവര്‍ വാക്‌സിന്‍ എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനായി കൂടുതല്‍ െപാലീസുകാരെ രംഗത്തിറക്കിയതായി അദ്ദേഹം അറിയിച്ചു. വാക്‌സിന്‍ എടുക്കാതെ പുറത്തിറങ്ങുന്നവര്‍ 1450 യൂറോ (1.23 ലക്ഷം രൂപ) പിഴ അടക്കേണ്ടിവരുമെന്നും  ചാന്‍സലര്‍ അറിയിച്ചു. 

യൂറോപ്പില്‍ ഏറ്റവും കുറച്ചുമാത്രം വാക്‌സിനേഷന്‍ നടന്ന രാജ്യമാണ് ഓസ്ട്രിയ. അടുത്ത കാലത്തായി ഇവിടെ കൊവിഡ് രോഗവ്യാപനം ശക്തമായിട്ടുണ്ട്. 11,522 പുതിയ കേസുകളാണ് ഞായറാഴ്ച മാത്രം ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ആഴ്ച ഇത് 8,554 ആയിരുന്നു. 

click me!