Latest Videos

കുടിവെള്ളവും ലഘുഭക്ഷണവും എല്ലാം കിട്ടുന്ന ഓട്ടോ, മീറ്ററില്ല, ഇഷ്ടമുള്ള കാശ് കൊടുത്താൽ മതി...

By Web TeamFirst Published Apr 22, 2021, 3:39 PM IST
Highlights

അദ്ദേഹത്തിന്റെ ജീവിതത്തിൽ വരുമാനം അസ്ഥിരമാണ്. ചിലർ അഞ്ച് രൂപയും ചിലർ 50 രൂപയും നൽകും. എന്നിട്ടും പക്ഷേ എല്ലാ ദിവസവും ആദ്യത്തെ സവാരിയിൽ നിന്ന് കിട്ടുന്ന ഒരു രൂപ അക്ഷയ് പത്ര ബോക്സിൽ അദ്ദേഹം നിക്ഷേപിക്കും. 

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ദില്ലിയിൽ നിന്ന് ഒരാൾ അഹമ്മദാബാദിലെത്തി. സബർമതി റെയിൽ‌വേ സ്റ്റേഷനിൽ‌ ഇറങ്ങിയപ്പോൾ‌ അയാളുടെ പേഴ്സ് നഷ്‌ടപ്പെട്ടു. ഒരു ഓട്ടോ വിളിക്കാൻ പോലും കൈയിൽ പണമില്ലാതെ അയാൾ ചിന്താക്കുഴപ്പത്തിലായി. അപ്പോൾ ഉദയ് ഭായ് എന്ന് പേരായ ഡ്രൈവർ എന്താണ് പ്രശ്‌നം എന്ന് ചോദിച്ച് ഉടൻ തന്നെ അയാളുടെ അടുത്തേക്ക് ഓടി വന്നു. ആ മനുഷ്യന്റെ ദുരവസ്ഥ കേട്ട ഉദയ് ഭായ്, രണ്ടാമതൊന്ന് ആലോചിക്കാതെ, ആ മനുഷ്യനോട് സൗജന്യമായി ആഗ്രഹിക്കുന്നിടത്തേക്ക് കൊണ്ടുപോയി വിടാമെന്ന് പറഞ്ഞു. ഓട്ടോയിൽ കയറിയ അദ്ദേഹം അത്ഭുതപ്പെട്ടുപോയി. ഓട്ടോയുടെ ഉള്ളിൽ വർണ്ണാഭമായ കലാംകാരി ചുവർച്ചിത്രങ്ങളും, ഒരു വശത്ത് ഒരു ചെറിയ ഫാനും ഘടിപ്പിച്ചിരുന്നു. അത് കൂടാതെ പത്രങ്ങൾ, മാസികകൾ, രാത്രി സമയം വായിക്കാനുള്ള പോർട്ടബിൾ ലൈറ്റ്, ലഘുഭക്ഷണങ്ങൾ, കുടിവെള്ളം, ഒരു ഡസ്റ്റ്ബിൻ, ഹിന്ദി, ഗുജറാത്തി പാട്ടുകൾ ഉള്ള ഒരു എം‌പി 3 പ്ലെയർ എന്നിവയും ഉണ്ടായിരുന്നു. ഇതെല്ലാം എന്താണെന്ന് പരിഭ്രാന്തനായ അദ്ദേഹം ഉദയ് ഭായിയോട് ചോദിച്ചപ്പോൾ, ആ ഓട്ടോറിക്ഷാവാല തന്റെ കഥ പറഞ്ഞു.  

ഉദയ്‌സിങ്‌ രാമൻ‌ലാൽ ജാദവ്, ഗാന്ധിയൻ ആദർശങ്ങളിൽ പ്രചോദനം ഉൾക്കൊണ്ട് 2010 -ലാണ് ഈ സംരംഭം ആരംഭിച്ചത്. അദ്ദേഹത്തിന്റെ മീറ്റർ സ്ഥിരമായി പൂജ്യത്തിലാണ് കിടക്കുന്നത്. ഒപ്പം ഓരോ യാത്രക്കാരനും സവാരി അവസാനിക്കുമ്പോൾ ഒരു ഗ്രീറ്റിംഗ് കാർഡുള്ള ഒരു എൻ‌വലപ്പ് അദ്ദേഹം നൽകും. അതിൽ 'നിങ്ങളുടെ ഹൃദയത്തിൽ നിന്ന് പണമടയ്‌ക്കുക' എന്നൊരു കുറിപ്പും ഉണ്ടാകും. നിങ്ങൾക്ക് ഇഷ്ടമുള്ള തുക അവിടെ കാണുന്ന ബോക്സിൽ നിക്ഷേപിക്കാം. നിങ്ങളുടെ യാത്രയ്‌ക്ക് പണമടയ്‌ക്കുന്നത് മുൻപ് സവാരി ചെയ്ത ആളായിരിക്കും, അതിനുശേഷം വരുന്നയാൾക്ക് നിങ്ങൾ പണം അടക്കണം എന്നതായിരുന്നു ഓട്ടോയുടെ ആശയം. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചാൽ, അദ്ദേഹത്തിന്റെ പ്രതികരണം ഇതാണ്, "എല്ലായ്പ്പോഴും ആളുകളെ സഹായിക്കാനും അവർക്ക് നല്ല അനുഭവം മാത്രം നൽകാനും ഞാൻ ആഗ്രഹിക്കുന്നു.” അദ്ദേഹത്തിന്റെ തത്ത്വങ്ങൾ നയിക്കുന്ന ലളിതമായ യുക്തി ഇതാണ് - “ആളുകൾ പരസ്പരം സഹായിക്കുന്നില്ലെങ്കിൽ, പിന്നെ ആരാണ് അത് ചെയ്യുക?”

അദ്ദേഹത്തിന്റെ വാഹനത്തിലെ ലോഗോയിൽ ‘എല്ലാവരേയും സ്നേഹിക്കുക’ എന്ന് എഴുതിയിരിക്കുന്നത് കാണാം. അതാണ് അദ്ദേഹം പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നതും. പത്ത് അംഗങ്ങളുള്ള ഒരു കുടുംബമുണ്ട് അദ്ദേഹത്തിന്. പക്ഷേ, അവർ ഒരിക്കലും വിശന്നിരിക്കാറില്ല. ചില യാത്രക്കാർ‌ കൂടുതൽ‌ പണം നൽ‌കുന്നു. കൂടാതെ പാവപ്പെട്ടവർക്കും വികലാംഗർക്കും സൗജന്യ സവാരിയും ഉദയ് ഭായ് വാഗ്ദാനം ചെയ്യുന്നു. ദിവസാവസാനം, മനഃസമാധാനമാണെന്നും പണമല്ല, ഒരു നല്ല രാത്രി ഉറക്കം കൊണ്ടുവരുന്നതെന്നും അദ്ദേഹം പറയുന്നു.  

അഹമ്മദാബാദിൽ നാല് സഹോദരിമാർക്കും രണ്ട് സഹോദരന്മാർക്കുമിടയിലാണ് ഉദയ്‌സിങ് വളർന്നത്. അദ്ദേഹത്തിന്റെ പിതാവ് ഒരു ഓട്ടോ ഡ്രൈവറായിരുന്നു. വലിയ കുടുംബത്തെ പോറ്റാൻ കൂടുതൽ പണം ആവശ്യമുള്ളതിനാൽ ഉദയ്‌സിങ് പത്താം ക്ലാസിൽ വച്ച് പഠിത്തം നിർത്തി. മൂന്നുവർഷം ഒരു ഓട്ടോ ഗാരേജിൽ ജോലി ചെയ്തു. അവിടെ ഓരോ കാർ / ഓട്ടോ വാഷിനും ഒരു രൂപയാണ് അദ്ദേഹത്തിന് ലഭിച്ചിരുന്നത്. പിന്നീട് അദ്ദേഹത്തിന്റെ സഹോദരൻ ഉദയ്‌സിംങിനെ ഓട്ടോ ഓടിക്കാൻ പഠിപ്പിച്ചു. പതുക്കെ ഉദയ്‌സിങ് ഇത് തന്റെ തൊഴിലാക്കി. 'മാനവ് സാധന'യുടെ സ്ഥാപകനാണ് അദ്ദേഹത്തെ ഈ രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചത്. 'മാനവ് സാധ‌ന' പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്.

അദ്ദേഹത്തിന്റെ ജീവിതത്തിൽ വരുമാനം അസ്ഥിരമാണ്. ചിലർ അഞ്ച് രൂപയും ചിലർ 50 രൂപയും നൽകും. എന്നിട്ടും പക്ഷേ എല്ലാ ദിവസവും ആദ്യത്തെ സവാരിയിൽ നിന്ന് കിട്ടുന്ന ഒരു രൂപ അക്ഷയ് പത്ര ബോക്സിൽ അദ്ദേഹം നിക്ഷേപിക്കും. അത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകും.  ഈ നിസ്വാർത്ഥത എപ്പോഴെങ്കിലും സാമ്പത്തികമായി ബാധിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, "നമുക്ക് എന്ത് സംഭവിക്കുമെന്ന് ചിന്തിച്ച് ജീവിക്കാൻ സാധിക്കില്ല. നിങ്ങളുടെ മനോഭാവമാണ് പ്രധാനം." എന്നിരുന്നാലും, ഒരിക്കൽ മകന്റെ സ്കൂൾ ഫീസ് അടയ്ക്കാൻ കഴിയാതെ വന്നപ്പോൾ അദ്ദേഹം അല്പമൊന്ന് ഭയന്നു. “ആ ദിവസം, ഞാൻ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ഞാൻ വളരെയധികം ചിന്തിച്ചു,” അദ്ദേഹം ഓർക്കുന്നു. ഒടുവിൽ ഉദയ്‌സിങ്‌ ഫീസടക്കാൻ കുറച്ച് കൂടി സമയം നീട്ടി ചോദിക്കുകയും, കുറച്ച് പ്രയാസപ്പെട്ടായാലും ഫീസ് അടക്കുകയും ചെയ്‌തു. “ഇതുപോലുള്ള കാര്യങ്ങൾ ചിലപ്പോൾ സംഭവിക്കാറുണ്ട്. എന്നിരുന്നാലും ഈ ശ്രമം ഞാൻ ഒരിക്കലും ഉപേക്ഷിക്കില്ല," അദ്ദേഹം പറഞ്ഞു.  

കുറച്ച് സമയമെടുത്തെങ്കിലും, ഉദയ്‌സിങിന്റെ വിശ്വാസങ്ങളും തത്വങ്ങളും അധികം താമസിയാതെ ചുറ്റുമുള്ളവർ അംഗീകരിച്ചു തുടങ്ങി. റെഡ് എഫ്എമ്മിന്റെ ബേഡ് ദിൽ‌വാലെ, റോട്ടറി അവാർഡ്, ബറോഡ മാനേജ്‌മെന്റ് അവാർഡ് തുടങ്ങിയ അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചു.  അദ്ദേഹത്തിന്റെ ഭാര്യ യാത്രക്കാർക്കായി ധോക്ലായും ലസ്സിയും തയ്യാറാക്കാൻ തുടങ്ങി. ഉദയ്‌സിങ്‌ സ്നേഹപൂർവ്വം പറയുന്നതുപോലെ, കാക്കകൾക്ക് ഭക്ഷണം നൽകുന്ന ശീലം അദ്ദേഹത്തിന്റെ അച്ഛൻ വളർത്തിയെടുത്തു. ഉദയ്‌സിങ്ങിൽ നിന്നും‌ പ്രചോദനം ഉൾക്കൊണ്ട മറ്റ് നിരവധി ഓട്ടോ ഡ്രൈവർമാരും അവരുടെ ഓട്ടോകളുമുണ്ട്.  

ഉദയ്‌സിങ് ആദ്യമായി ഗിഫ്റ്റ് ഇക്കോണമി ഓട്ടോ ഓടിക്കാൻ തുടങ്ങിയപ്പോൾ, മൂന്ന് മാസത്തേക്ക് ആരും തന്നോടൊപ്പം സവാരി ചെയ്യാൻ തയ്യാറായില്ലെന്ന് അദ്ദേഹം ഓർമ്മിക്കുന്നു. “ഇത് വർണ്ണാഭമായതും എല്ലാ സൗകര്യങ്ങളും ഉള്ളതുമായതിനാൽ ആളുകൾ അത് വിലയേറിയതാണെന്ന് കരുതി പിന്മാറി.” എന്നാൽ, വർഷങ്ങൾക്ക് ശേഷം ഉദയ്സിങ് ഇപ്പോൾ ഉദയ് ഭായി ആയിത്തീർന്നിരിക്കുന്നു. അമിതാഭ് ബച്ചൻ, ചേതൻ ഭഗത് തുടങ്ങിയവർ അദ്ദേഹത്തെ കാണാനായി അഹമ്മദാബാദിലേക്ക് വരികയുണ്ടായി. അദ്ദേഹത്തിന്റെ ശ്രമങ്ങളെക്കുറിച്ച് സംസാരിക്കാനും ആളുകളെ പ്രചോദിപ്പിക്കാനും അദ്ദേഹം സ്കൂളുകളിലേക്കും സംരംഭക കൂടിക്കാഴ്‌ചകളിലേക്കും ക്ഷണിക്കപ്പെടുന്നു. ഖാദി കുർത്തയും, ഗാന്ധി തൊപ്പിയും ധരിച്ച്, അംദവാഡിന്റെ നായകൻ 11 വർഷമായി ആളുകളുടെ ജീവിതത്തെ സ്പർശിക്കുന്നു. എന്നിട്ടും “എല്ലാവരേയും സ്നേഹിക്കുക, എല്ലാവരെയും സേവിക്കുക ” എന്ന അദ്ദേഹത്തിന്റെ തത്വത്തിന് ഒരു ഇഞ്ച് പോലും ഇളക്കം സംഭവിച്ചിട്ടില്ല.  

click me!