
ആറ് മാസം മുമ്പ് ആറ് വരി പാതയാക്കി ഉയര്‍ത്തിയ ഒരു റോഡിനെ കുറിച്ച് മോശമായി എന്ത് വിചാരിക്കാന്‍. അതും ആറ് വരി പാത. എടുത്ത് അങ്ങ് പോകാനല്ലേ ഏതൊരു ഡ്രൈവറും ആഗ്രഹിക്കൂ? എന്നാല്‍ സൂക്ഷിക്കുക. രണ്ട് വരി പാതയായിരുന്നപ്പോഴത്തെ അത്രയും സുരക്ഷ പോലും ആറ് വരി പാതയ്ക്കുണ്ടാകില്ലെന്നാണ് ഗുജറാത്തില്‍ നിന്നുള്ള ചില റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ ആറ് മാസം മുമ്പാണ് മകർബാ മെയിന്‍ റോഡ് ആറ് വരി പാതയാക്കി ഉയർത്തിയത്. എന്നാല്‍, ആ റോഡിലൂടെ പോയ ഒരു ഓട്ടോ റിക്ഷ ഇന്നലെ (5.4.'25) റോഡിന് നടുവില്‍ രൂപപ്പെട്ട അപ്രതീക്ഷിത ഗര്‍ത്തത്തിലേക്ക് മൂക്കും കുത്തിവീണു.
സാധാരണ വേഗതയില്‍ പോവുകയായിരുന്ന ഓട്ടോ റിക്ഷ പെട്ടെന്ന് റോഡിലെ കുഴിയിലേക്ക് വീഴുകയായിരുന്നു. ആദ്യം മുന്‍ചക്രങ്ങൾ ഗര്‍ത്തത്തിലേക്ക് വീണു. പിന്നാലെ ഗര്‍ത്തം വലുതാകുകയും മുന്‍ ചക്രത്തോടൊപ്പം ഓട്ടോയുടെ മുന്‍ഭാഗം ഏതാണ്ട് മുഴുവനായും കുഴി വിഴുങ്ങുകയും ചെയ്തു. പിന്‍ ചക്രങ്ങൾ ഗര്‍ത്തത്തിന് മുകളില്‍ കുടുങ്ങിയതിനാല്‍ ഓട്ടോ പൂര്‍ണ്ണമായും കുഴിയിലേക്ക് മറിയാതെ നിന്നു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റു.
'ഞാന്‍ പതിവ് പോലെ പോകുകയായിരുന്നു. മുന്നിലെ വളരെ ചെറിയ കുഴി എന്‍റെ ശ്രദ്ധയില്‍പ്പെട്ടില്ല. മുന്‍ ചക്രം കുഴിയിലേക്ക് കടന്നതും കുഴി വലുതായി ഓട്ടോയുടെ മുന്‍ഭാഗം ഏതാണ്ട് മുഴുവനായും കുഴിയിലേക്ക് മറിയുകയായിരുന്നു. ഈ സമയം എന്‍റെ മുഖം മുന്‍ഗ്ലാസിന് അടിക്കുകയും മുഖത്ത് നിന്നും രക്ഷസ്രാവമുണ്ടായി.' ഓട്ടോ ഡ്രൈവര്‍ രഞ്ജിത്ത് ഭായി പറഞ്ഞതായി റിപ്പോര്‍ട്ടുകൾ പറയുന്നു. പരിക്കുകൾ ഉണ്ടായെങ്കിലും രഞ്ജിത്ത് പെട്ടെന്ന് തന്നെ പുറത്തിറങ്ങി. ഇയാളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി വിട്ടയച്ചു. പിന്നാലെ പോലീസെത്തി പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അതേസമയം റോഡ് നിര്‍മ്മാണത്തിലെ അപാകതയാണ് ഗര്‍ത്തത്തിന് കാരണമെന്നും അതല്ല, അപ്രതീക്ഷിതമായി പെയ്ത മഴയെ തുടർന്നാണ് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടതെന്നും സമൂഹ മാധ്യമങ്ങളില്‍ രണ്ട് തരം അഭിപ്രായമുയര്‍ന്നു. ഗുജറാത്തില്‍ ശക്തമായ മഴയിലും പൊടിക്കാറ്റിലും പെട്ട് കഴഞ്ഞ ആഴ്ചയില്‍ 14 ഓളം പേരാണ് മരിച്ചത്.