ജപ്പാനിലെ റോബോട്ട് കഫെ, ഈ റോബോട്ടുകളെ നിയന്ത്രിക്കുന്നതാരെന്നറിഞ്ഞാൽ അറിയാതെ കയ്യടിച്ചുപോകും

Published : Nov 19, 2023, 01:52 PM IST
ജപ്പാനിലെ റോബോട്ട് കഫെ, ഈ റോബോട്ടുകളെ നിയന്ത്രിക്കുന്നതാരെന്നറിഞ്ഞാൽ അറിയാതെ കയ്യടിച്ചുപോകും

Synopsis

കഫേയിലെ റോബോട്ടുകളിൽ ക്യാമറ, മൈക്രോഫോൺ, സ്പീക്കർ എന്നീ സജ്ജീകരണങ്ങൾ ഉണ്ട്. ഈ റോബോട്ടുകൾ ഓർഡറുകൾ ശേഖരിക്കുകയും ഭക്ഷണ പാനീയങ്ങൾ നൽകുകയും കോഫി ഉണ്ടാക്കുകയും ചെയ്യുന്നു.

സാങ്കേതികതയിൽ ജപ്പാനെ വെല്ലാൻ അത്ര എളുപ്പമല്ല എന്ന് തെളിയിക്കുന്ന ഒരു കഫേയുണ്ട് ടോക്കിയോയിൽ. ജപ്പാൻ നമ്മളേക്കാളൊക്കെ ഒരു 50 കൊല്ലം മുമ്പിലേയ്ക്ക് സഞ്ചരിച്ചുകഴിഞ്ഞിരിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ അവതാർ റോബോട്ട് കഫേ. ഡോൺ അവതാർ റോബോട്ട് കഫേ എന്നാണ് ഈ കഫേയുടെ പേരു തന്നെ. ഇവിടുത്തെ  ജീവനക്കാരെല്ലാം റോബോട്ടുകളാണ്, പക്ഷേ അവരെ നിയന്ത്രിക്കുന്നതാകട്ടെ ഒരുപറ്റം ഭിന്നശേഷിക്കാരും.

സുഷുമ്നാ നാഡിക്ക് ക്ഷതം സംഭവിച്ചവർ, അരയ്ക്ക് കീഴ്പോട്ട് തളർന്നവർ, എഎൽഎസ് തുടങ്ങിയ ഗുരുതരമായ ശാരീരിക അവസ്ഥകൾ നേരിടുന്ന ആളുകൾ നിയന്ത്രിയ്ക്കുന്ന റോബോട്ടുകളാൽ പ്രവർത്തിക്കുന്നയിടമാണ് ഡോൺ അവതാർ റോബോട്ട് കഫേ. തളർന്നുകിടക്കുന്ന അവർ അവിടെ നിന്നുതന്നെയാണ് കഫേയിൽ തങ്ങൾക്കുവേണ്ടി ജോലി ചെയ്യുന്ന സെർവറുകളെ നിയന്ത്രിക്കുന്നത്. ഇതിലൂടെ മികച്ച വരുമാനമാണ് ഇവർ ഓരോരുത്തരും നേടുന്നത്. ആശുപത്രികളിൽ ചെലവഴിക്കുന്ന വ്യക്തികൾക്ക് പോലും ചികിത്സയ്ക്കിടെ ജോലി ചെയ്യാനുള്ള അവസരമാണ് ഈ കഫേ ഒരുക്കുന്നത്. എല്ലാവർക്കും തുല്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് കഫേയുടെ ലക്ഷ്യം.

ശാരീരിക ബുദ്ധിമുട്ടുകൾ കൊണ്ട് വീടിന് പുറത്തുപോകാനാവാത്തവരാണ് ഈ റോബോട്ടുകളെ നിയന്ത്രിക്കുന്നത്. എത്ര ദൂരത്താണെങ്കിലും ഇവർക്ക് ഇന്റർനെറ്റ് വഴി തങ്ങളുടെ അവതാർ റോബോട്ടുകൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകാൻ കഴിയും. ഇത്തരത്തിൽ കഫേയ്ക്കുവേണ്ടി ജോലി ചെയ്യുന്ന വ്യക്തികളെ പൈലറ്റുമാർ എന്നാണ് വിളിക്കുന്നത്. നിലവിൽ 60-ലധികം  പൈലറ്റുമാരാണ് ഡോൺ അവതാർ റോബോട്ട് കഫേ നടത്തുന്നത്. ഇവരിൽ ചിലർക്ക് കണ്ണുകൾ മാത്രമേ ചലിപ്പിക്കാൻ സാധിക്കുകയുള്ളു. പക്ഷേ, അവർക്ക് റോബോട്ടുകളെ തങ്ങളുടെ കണ്ണുകൊണ്ട് നിയന്ത്രിച്ചുകൊണ്ട് പ്രവർത്തിക്കാൻ സാധിക്കുന്നുവെന്നതും ഈ കഫേയുടെ പ്രത്യേകതയാണ്. ടെലിപോർട്ടിം​ഗ് വഴിയാണ് ഇത്.

കഫേയിലെ റോബോട്ടുകളിൽ ക്യാമറ, മൈക്രോഫോൺ, സ്പീക്കർ എന്നീ സജ്ജീകരണങ്ങൾ ഉണ്ട്. ഈ റോബോട്ടുകൾ ഓർഡറുകൾ ശേഖരിക്കുകയും ഭക്ഷണ പാനീയങ്ങൾ നൽകുകയും കോഫി ഉണ്ടാക്കുകയും ചെയ്യുന്നു. ഇനി  ഭക്ഷണം കഴിച്ചിരിക്കുമ്പോൾ ഉപഭോക്താക്കൾക്ക് റോബോട്ടുകളുമായി സംവദിക്കണമെന്നുണ്ടെങ്കിൽ ഈ പൈലറ്റുമാരിൽ ആരെങ്കിലും ഉടനെ തന്നെ ആ റോബോട്ടിലേയ്ക്ക് ലോഗിൻ ചെയ്യുകയും ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്യും. 

വായിക്കാം: കോടികൾ വരെ വിലവരുന്ന മത്സ്യങ്ങൾ, ഒരെണ്ണം മതി ജീവിതം മാറിമറിയാൻ..!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

PREV
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!