അയോധ്യ തർക്കത്തിൽ ഓര്‍ത്തിരിക്കേണ്ടത് ഈ അപൂർവസൗഹൃദം കൂടിയാണ്

By Web TeamFirst Published Nov 11, 2019, 11:26 AM IST
Highlights

ഒരേ റിക്ഷയിലേറി കോടതിയിലെത്തിയിരുന്ന എതിർകക്ഷികളായ പരമഹംസും അൻസാരിയും  തൊണ്ണൂറുകളിലെ സ്ഥിരം കാഴ്ചയായിരുന്നു. കോടതി വരാന്തയിലും, ചായക്കടയിലുമെല്ലാം തോളോട് തോൾ ചേർന്നുകൊണ്ട് ഇരുവരും തമാശ പറഞ്ഞു ചിരിക്കുന്നതും കാണാമായിരുന്നു. 

അയോധ്യയിലെ ദിഗംബർ അഖാഡയിലെ മഹന്തായ രാമചന്ദ്ര പരമഹംസും, അയോധ്യാ കസ്ബയിൽ തുന്നൽക്കട നടത്തുന്ന ഹാഷിം അൻസാരിയും റാം ജന്മഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തിന്റെ ഭാഗമായി കോടതിയിൽ സമർപ്പിച്ചിരുന്ന അന്യായങ്ങളിൽ ആജീവനാന്തം പരസ്പരം കേസുനടത്തിയവരാണ്. എന്നാൽ, കോടതിയിലെ വാശിയേറിയ വാദവിവാദങ്ങൾ ഒഴിച്ചുനിർത്തിയാൽ, അവർക്കിടയിൽ മറ്റൊരു ഈർഷ്യയ്ക്കും ഇടമില്ലായിരുന്നു എന്നതാണ് സത്യം.

അതിന് സാക്ഷികൾ അയോധ്യാനിവാസികൾ തന്നെയാണ്. ഒരേ റിക്ഷയിലേറി കോടതിയിലെത്തിയിരുന്ന എതിർകക്ഷികളായ പരമഹംസും അൻസാരിയും  തൊണ്ണൂറുകളിലെ സ്ഥിരം കാഴ്ചയായിരുന്നു. കോടതി വരാന്തയിലും, ചായക്കടയിലുമെല്ലാം തോളോട് തോൾ ചേർന്നുകൊണ്ട് ഇരുവരും തമാശ പറഞ്ഞു ചിരിക്കുന്നതും കാണാമായിരുന്നു. എന്തായാലും, ഇപ്പോൾ സുപ്രീം കോടതി അയോധ്യാ കേസിന്മേൽ  അന്തിമവിധി പുറപ്പെടുവിച്ചു കഴിഞ്ഞിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് കോടതി കയറിയിറങ്ങിയ എല്ലാ കക്ഷികളുടെയും പേര് മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. കൂട്ടത്തിൽ മതപരമായ തർക്കങ്ങൾക്കിടയിലും മാനുഷികമായ സൗഹൃദം നിലനിർത്തിയിരുന്ന രണ്ടുപേർ എന്ന നിലയിൽ ഇവർ സമൂഹത്തിന് മാതൃകയാവുകയാണ്. 

 2016 -ൽ ഹാഷിം അൻസാരിയുടെ മരണശേഷം കേസുകൾ നടത്തിയിരുന്നത് മകൻ ഇഖ്ബാൽ അൻസാരിയാണ്.  "ഇരുവരും അവരവർ ശരിയെന്നു കരുതിയതിനു പിന്നാലെ കേസുമായി നടന്നു. എങ്കിലും പരസ്പരം ശത്രുതയൊന്നും ഉണ്ടായിരുന്നില്ല അവർക്കിടയിൽ" ഇഖ്ബാൽ അൻസാരി ബിബിസിയോട് പറഞ്ഞു. ഇരുവരും ഇരുമതങ്ങളുടെയും ആഘോഷങ്ങളിലും പരസ്പരം പങ്കുചേർന്നിരുന്നുവത്രെ. 

1949 -ൽ ക്ഷേത്രത്തിനുള്ളിൽ വിഗ്രഹങ്ങൾ കൊണ്ടുവെക്കപ്പെട്ടതിനെതിരെ ഫൈസാബാദ് കോടതിയെ സമീപിച്ചത് ഹാഷിം അൻസാരിയായിരുന്നു. അന്ന് ഹിന്ദുപക്ഷത്തെ പ്രതിനിധീകരിച്ച് ദിഗംബർ അഖാഡയ്ക്ക് വേണ്ടി രാമചന്ദ്ര പരമഹംസും കോടതിയിൽ കേസുനടത്തി. 

2003 -ൽ തന്റെ തൊണ്ണൂറ്റിരണ്ടാം വയസ്സിൽ രാമചന്ദ്ര പരമഹംസ്‌ മരിച്ചു. മരണവിവരമറിഞ്ഞ് ഹാഷിം അൻസാരി വീട്ടിൽ വന്നു എന്നും അടുത്ത ദിവസം സംസ്കാര ചടങ്ങുകൾ കഴിഞ്ഞ ശേഷം മാത്രമേ തിരിച്ചു പോയുള്ളൂ എന്നും പരമഹംസുമായി അടുത്തബന്ധമുള്ള മഹന്ത് സുരേഷ് ദാസ് പറഞ്ഞു. 

ഹിന്ദുമുസ്‌ലീം ജനവിഭാഗങ്ങൾക്കിടയിൽ ഇത്രയും വലിയ ഒരു കേസ് കോടതിയിൽ നടന്നിട്ടും അയോധ്യയിൽ അവർക്കിടയിൽ കാര്യമായ ആഭ്യന്തര ലഹളകളൊന്നും നടക്കാതിരുന്നത് ഇവർ രണ്ടുപേരും മനഃപൂർവം സ്വീകരിച്ചു പോന്ന സൗഹാർദ്ദ മനസ്ഥിതികൊണ്ട് കൂടിയാണ്. 
 

click me!