വിശപ്പിന് മതമില്ല, അസ്ഹർ ദിനേന അന്നമൂട്ടുന്നത് ആയിരക്കണക്കിനാളുകളെ...

By Web TeamFirst Published Jul 11, 2021, 10:05 AM IST
Highlights

“ആളുകളെ പോറ്റാൻ സർവ്വശക്തൻ എന്നെ തിരഞ്ഞെടുത്തതിൽ എനിക്ക് നന്ദിയുണ്ട്. ഞാൻ ഇപ്പോൾ 10 വർഷമായി ദരിദ്രർക്ക് ഭക്ഷണം നൽകുന്നുണ്ട്, ഇവിടെ വിശപ്പ് ഇല്ലാതാകുന്നതുവരെ ഇത് തുടരും” അസ്ഹര്‍ പറഞ്ഞു.

വിശപ്പിന് മതമില്ല, അതാണ് അസ്ഹര്‍ മഖ്സൂസിക്ക് പറയാനുള്ളത്. അദ്ദേഹത്തിന്‍റെ 'ഹംഗര്‍ ഹാസ് നോ റിലീജിയന്‍' (Hunger Has No Religion) പ്രകാരം ഓരോ ദിവസവും ആയിരക്കണക്കിന് ആളുകള്‍ക്കാണ് ഭക്ഷണം വിളമ്പുന്നത്. അടുത്തിടെ ഈ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അദ്ദേഹത്തിന് യുകെ സര്‍ക്കാരിന്‍റെ ഒരു പുരസ്കാരവും ലഭിക്കുകയുണ്ടായി. 

അഞ്ച് നഗരങ്ങളിലായി ദരിദ്രരായ ആളുകൾക്ക് ഭക്ഷണം നൽകുന്ന അസ്ഹറിന് യുണൈറ്റഡ് കിംഗ്ഡത്തിന്റെ കോമൺ‌വെൽത്ത് പോയിൻറ്സ് ഓഫ് ലൈറ്റ് അവാർഡ് ലഭിച്ചത് സമൂഹത്തിന്റെ ക്ഷേമത്തിനായി നടത്തിയ ഫലപ്രദമായ പ്രവർത്തനത്തിനുള്ള ആദരവായിട്ടാണ്. 

വെറും നാല് വയസ് മാത്രമുള്ളപ്പോഴാണ് അസ്ഹറിന് പിതാവിനെ നഷ്ടമാകുന്നത്. പത്താമത്തെ വയസില്‍ വീട്ടുകാരെ സംരക്ഷിക്കാനായി ജോലി ചെയ്യുന്നതിന് വേണ്ടി പഠനമുപേക്ഷിച്ചു. ആദ്യമായി അദ്ദേഹം ഒരാള്‍ക്ക് ഭക്ഷണം നല്‍കുന്നത് ഒരു ഫ്ലൈഓവറിന് താഴെ ഇരുന്ന ഒരു പാവപ്പെട്ട സ്ത്രീക്കാണ്. അന്നാണ് ആദ്യമായി ഭക്ഷണം ഇല്ലാത്തത് ഒരു മനുഷ്യന്‍റെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് അദ്ദേഹത്തിന് മനസിലാവുന്നത്. അങ്ങനെ 2015 -ല്‍ അദ്ദേഹം സാനി വെല്‍ഫെയര്‍ ഫൌണ്ടേഷന്‍ ആരംഭിച്ചു. 

“സമൂഹത്തിൽ അസ്ഹറിന്റെ സംഭാവന അവിശ്വസനീയമാണ്. നിസ്വാർത്ഥ ത്യാഗത്തിന്റെയും സേവനത്തിന്റെയും സമാനമായ ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. അതില്‍ ചിലത് കൊവിഡ് കാലത്തുണ്ടായവയാണ്. എന്നാൽ ശക്തമായ ‘ഹംഗര്‍ ഹാസ് നോ റിലീജിയന്‍’ എട്ട് വർഷമായി പ്രവർത്തിക്കുന്നു. ” ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഡോ. ആൻഡ്രൂ ഫ്ലെമിംഗ് ടിഎൻ‌ഐ‌ഇയോട് പറഞ്ഞു. 

“ആളുകൾക്ക് ഭക്ഷണം നൽകാൻ സർവ്വശക്തൻ എന്നെ തിരഞ്ഞെടുത്തതിൽ എനിക്ക് നന്ദിയുണ്ട്. ഞാൻ ഇപ്പോൾ 10 വർഷമായി ദരിദ്രർക്ക് ഭക്ഷണം നൽകുന്നുണ്ട്, ഇവിടെ വിശപ്പ് ഇല്ലാതാകുന്നതുവരെ ഇത് തുടരും” അസ്ഹര്‍ പറഞ്ഞു. “എന്നെ പിന്തുണക്കുന്ന എന്റെ കുടുംബം, സുഹൃത്തുക്കൾ, മറ്റുള്ളവർ എന്നിവര്‍ക്കും നന്ദിയുണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു. 

ഒരു നല്ല സാമ്പത്തിക അവസ്ഥയിലായിരുന്നില്ല അസ്ഹർ ഈ സംരംഭം ആരംഭിച്ചത്, ഇത് അദ്ദേഹത്തിന്റെ പ്രതിബദ്ധതയെയും നിസ്വാർത്ഥതയെയും പ്രതിഫലിപ്പിക്കുന്നു. ഈ മഹാമാരിക്കാലത്ത് വിശപ്പ് ഏറ്റവും വലിയ പ്രശ്‌നമായി മാറിയെന്ന് തോന്നുന്നതിനാൽ അദ്ദേഹം ഇപ്പോള്‍ നിരന്തരം പ്രവർത്തിക്കുകയാണ്. വിശക്കുന്നവന് അന്നമൂട്ടുന്നതിലും വലിയ പുണ്യമെന്തുണ്ട്. 

click me!