Baba Vanga prediction : 'റഷ്യ ലോകത്തിന്റെ നാഥനാകും, പുടിൻ ഭരിക്കും' എന്ന് ബാബാ വം​ഗയുടെ പ്രവചനം

Published : Feb 26, 2022, 09:54 AM IST
Baba Vanga prediction : 'റഷ്യ ലോകത്തിന്റെ നാഥനാകും, പുടിൻ ഭരിക്കും' എന്ന് ബാബാ വം​ഗയുടെ പ്രവചനം

Synopsis

മിക്ക ആളുകളും അവരെ തേടിയെത്തിരിയിരുന്നത് മരിച്ചവരോട് സംസാരിക്കാനും തങ്ങളുടെ ഭാവിയെ കുറിച്ച് അറിയാനും ആയിരുന്നു. 

ഭാവിയെ കുറിച്ച് മനുഷ്യർക്ക് എപ്പോഴും ആശങ്കയാണ്, ചിലപ്പോഴൊക്കെ ഭയവുമാണ്. പ്രത്യേകിച്ചും ലോകം മൊത്തം വല്ലാത്ത അനിശ്ചിതത്വത്തിൽ നിൽക്കുന്ന സമയത്ത്. ഇത്തരമൊരു സമയത്താണ് ബാൽക്കണിലെ ബാബ വംഗ(Baba Vanga) നടത്തിയ ഒരു പ്രവചനം(prediction) ചർച്ചയാകുന്നത്. അന്ധയായ വം​ഗ ബൾഗേറിയൻ സന്യാസിനിയും, അതീന്ദ്രിയജ്ഞാനം അഥവാ ദിവ്യദൃഷ്ടിയുണ്ടെന്ന് വിശ്വസിച്ചുവന്ന ഒരു പ്രകൃതി ചികിത്സകയുമായിരുന്നു. 

9/11 ഭീകരാക്രമണം, ബ്രെക്‌സിറ്റ് തുടങ്ങിയ ആഗോള സംഭവങ്ങൾ പ്രവചിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ഈ അന്ധയായ സ്ത്രീ റഷ്യ(Russia)യ്‌ക്ക് വേണ്ടിയും അടുത്തതായി എന്ത് സംഭവിക്കുമെന്നും ഒരു പ്രവചനം നടത്തിയിരുന്നു. യൂറോപ്പ് 'തരിശുഭൂമി'യായി മാറിയതിനുശേഷം റഷ്യ 'ലോകത്തിന്റെ നാഥൻ' ആകുമെന്നാണ് ഡെയ്‌ലി മെയിൽ ലേഖകനോട് 85 -ാം വയസ്സിൽ അന്തരിച്ച സ്ത്രീ പറഞ്ഞിരുന്നത്. "എല്ലാവരും മഞ്ഞുപോലെ ഉരുകിപ്പോകും, ​​ഒരാൾ മാത്രം തൊടാതെ നിൽക്കും - വ്‌ളാഡിമിറിന്റെ മഹത്വം, റഷ്യയുടെ മഹത്വം" എന്നാണ് അവൾ പറഞ്ഞത്. റഷ്യയെ ആർക്കും ഒന്നിനും തടയാനാകില്ല എന്നും അവർ പറ‍ഞ്ഞിരുന്നു. 'അവളുടെ വഴിയിൽ നിന്നും എല്ലാം നീക്കം ചെയ്യപ്പെടും. അവൾ ലോകത്തിന്റെ നാഥനായി മാറും' എന്നും അവർ അഭിമുഖത്തിൽ പറഞ്ഞു. 

1911 -ൽ ജനിച്ച വംഗയ്ക്ക് 12 -ാം വയസ്സിൽ ഒരു കൊടുങ്കാറ്റിൽ പരിക്കേറ്റതിനെ തുടർന്ന് നിഗൂഢമായ രീതിയിൽ കാഴ്ച നഷ്ടപ്പെട്ടിരുന്നു. ചുഴലിക്കാറ്റിൽ പെട്ട് വം​ഗ പറന്ന് എവിടേയോ അബോധാവസ്ഥയിൽ ചെന്നു വീഴുകയായിരുന്നുവത്രെ. തുടർന്ന് അവൾക്ക് കാഴ്ച നഷ്ടപ്പെട്ടു. പിന്നീടാണ് അവൾക്ക് ഭാവി കാണാനും പ്രവചിക്കാനും ഉള്ള കഴിവ് കിട്ടിയത് എന്നാണ് ആളുകൾ വിശ്വസിക്കുന്നത്. 

5079 വരെ നീളുന്ന പ്രവചനങ്ങൾ വം​ഗ നടത്തിയിട്ടുണ്ട്. ആ വർഷം ആകുന്നതോടെ ലോകം അവസാനിക്കും എന്ന് അവൾ വിശ്വസിച്ചു. ചെർണോബിൽ ദുരന്തം, സോവിയറ്റ് യൂണിയന്റെ പതനം തുടങ്ങി നിരവധി പ്രവചനങ്ങൾ വം​ഗ നടത്തി എന്ന് പറയപ്പെടുന്നു. അതുപോലെ ഐഎസിനെ കുറിച്ചും വം​ഗ പ്രവചനങ്ങൾ നടത്തിയിരുന്നു. അമേരിക്കയുടെ 44 -ാമത് പ്രസിഡന്റ് ആഫ്രിക്കൻ-അമേരിക്കൻ ആയിരിക്കുമെന്നും വംഗ പ്രവചിച്ചിരുന്നു. എന്നാൽ, അങ്ങനെ ഇല്ല എന്നുള്ള വാദങ്ങളും ഉയരുന്നുണ്ട്. 

മിക്ക ആളുകളും അവരെ തേടിയെത്തിരിയിരുന്നത് മരിച്ചവരോട് സംസാരിക്കാനും തങ്ങളുടെ ഭാവിയെ കുറിച്ച് അറിയാനും ആയിരുന്നു. ഒരിക്കൽ, കാണാനെത്തിയ സ്ത്രീയോട് നിങ്ങൾ എനിക്ക് ഫീസൊന്നും നൽകേണ്ടതില്ല എന്ന് വം​ഗ പറഞ്ഞത്രെ. മൂന്ന് മാസം കഴിഞ്ഞ് വരുമ്പോൾ തന്നാൽ മതി എന്ന് ആദ്യം പറയുകയും പിന്നീട്, നിങ്ങൾക്ക് അന്ന് വരാനാവില്ല കാരണം അപ്പോഴേക്കും നിങ്ങൾ മരിക്കും എന്നും വം​ഗ പറഞ്ഞു. രണ്ട് മാസത്തിനുള്ളിൽ വാഹനാപകടത്തിൽ അവരും സഹോദരിയും മരണപ്പെട്ടു എന്നും ഒരു കഥ പ്രചരിക്കുന്നുണ്ട്. 

ഏതായാലും ആധികാരികവും ശാസ്ത്രീയവുമായി വം​ഗയുടെ പ്രവചനങ്ങളെ കുറിച്ച് ഒന്നും പറയാനോ സ്ഥാപിക്കാനോ ഇല്ല. നിലവിൽ റഷ്യ-ഉക്രൈൻ സംഘർഷത്തെ തുടർന്ന് വീണ്ടും വം​ഗയുടെ പ്രവചനം ചർച്ചയായി തുടങ്ങിയിട്ടുണ്ട് എന്ന് മാത്രം. 

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!