കമാന്‍ഡോകള്‍ 20 നാള്‍ കടലില്‍, രാജ്യം കണ്ട ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയുടെ അണിയറക്കഥ!

Published : May 24, 2022, 03:43 PM IST
കമാന്‍ഡോകള്‍ 20 നാള്‍ കടലില്‍, രാജ്യം കണ്ട ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയുടെ അണിയറക്കഥ!

Synopsis

രാജ്യം കണ്ട ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് കഴിഞ്ഞ ദിവസം ലക്ഷദ്വീപിന് സമീപം പുറംങ്കടലില്‍ നടന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ മാസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് 1526 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയത്. വളരെ ശ്രമകരവും ക്ഷമയും വേണ്ട അന്വേഷണത്തിന്റെ അണിയറയില്‍ നടന്നതെന്ത്? 

രാജ്യം കണ്ട ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് കഴിഞ്ഞ ദിവസം ലക്ഷദ്വീപിന് സമീപം പുറംങ്കടലില്‍ നടന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ മാസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് 1526 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയത്.

വിവരം കിട്ടിയത് എങ്ങനെ? 

ഡയരക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍ലിജന്‍സ്, മിലിട്ടറി ഇന്റലിജന്‍സ്, കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി. ഈ മൂന്ന് സംഘങ്ങള്‍ക്കാണ് ഇറാനെയും അഫ്ഗാനിസ്ഥാനെയും പാകിസ്ഥാനെയും ബന്ധിപ്പിക്കുന്ന ഗോള്‍ഡന്‍ ക്രസന്റ് വഴി ലഹരിക്കടത്ത് നടക്കുന്നുണ്ടെന്ന വിവരം ലഭിക്കുന്നത്. സാറ്റലൈറ്റ് ഫോണ്‍ വഴിയുള്ള ലഹരിക്കടത്ത് സംഘങ്ങളുടെ ആശയവിനിമയമാണ് അന്വേഷണ സംഘങ്ങളെ തെക്ക് പടിഞ്ഞാറന്‍ തീരമേഖലയിലെത്തിക്കുന്നത്. കോഡ് ഭാഷയിലായിരുന്നു തമിഴ്‌നാട് സ്വദേശികളുമായി ലഹരി സംഘങ്ങളുടെ സംസാരം. സന്ദേശങ്ങള്‍ ഡീകോഡ് ചെയ്‌തെടുക്കലായിരുന്നു ആദ്യ കടമ്പ. ദില്ലി കേന്ദ്രീകരിച്ച് പ്രത്യേക ടീമിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചു. കടല്‍ വഴിയുള്ള ഓപ്പറേഷനായതിനാല്‍ നാവിക സേനയുടെ സഹായം തേടാനാണ് ആദ്യം തീരുമാനിച്ചത്. പിന്നീട് അത് തീരസംരക്ഷണ സേനയിലേക്കെത്തി. അന്ന് മുതല്‍ ആഭ്യന്തര- പ്രതിരോധ മന്ത്രാലയങ്ങളുടെ സംയുക്ത മേല്‍നോട്ടത്തിലായി അന്വേഷണം.

20 ദിവസം കടലില്‍

ഏപ്രില്‍ അവസാനത്തോടെയാണ് വനിതാ ഉദ്യോഗസ്ഥരടക്കമുള്ള ഡിആര്‍ഐ സംഘം കൊച്ചിയിലെത്തുന്നത്. വൈകാതെ തന്നെ തീരസംരക്ഷണ സേനയുടെ കപ്പലില്‍ സംഘം പുറം കടലിലേക്ക് പുറപ്പെട്ടു.  ലഹരിമരുന്നുമായി ഏത് സമയവും ബോട്ടുകള്‍ വരുമെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സംഘം സദാ ജാഗരൂകരായിരുന്നു. ഇതിനിടെ തീരസംരക്ഷണ സേനയുടെ കപ്പല്‍ കേടായി. മറ്റൊരു കപ്പല്‍ എത്താന്‍ പിന്നീട് ഒരു ദിവസമെടുത്തു. കനത്ത മഴയേയും പ്രതികൂല കാലാവസ്ഥയേയും അവഗണിച്ചായിരുന്നു അന്വേഷണ സംഘത്തിന്റെ കാത്തിരിപ്പ്. ദില്ലിയിലായിരുന്നു ഓപ്പറേഷന്‍ നിയന്ത്രിച്ചത്. 

പ്രത്യേക ആയുധ പരിശീലനം സിദ്ധിച്ച കോസ്റ്റ് ഗാര്‍ഡിന്റെ കമാന്‍ഡോകളും സംഘത്തിലുണ്ടായിരുന്നു. വിവരം ചോരാതിരിക്കാന്‍ സൂക്ഷ്മതയോടെയായിരുന്നു സംഘത്തിന്റെ നീക്കം. അന്വേഷണ ഏജന്‍സികളുടെ സാന്നിധ്യം ഉണ്ടോയെന്ന് പരിശോധിക്കാന്‍ ലഹരി കടത്ത് സംഘം പൈലറ്റ് മത്സ്യബന്ധന ബോട്ടുകള്‍ അയച്ചിരുന്നെന്നും ഓപ്പറേഷനില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതിനിടെ സംശയം തോന്നിയ മൂന്ന് മത്സ്യബന്ധന ബോട്ടുകള്‍ തെറ്റായി പരിശോധിച്ച് കടത്തി വിട്ടു. 

ബോട്ടുകള്‍ അരികിലെത്തുന്നു...
ഒടുവില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഓപ്പറേഷന്റെ ക്ലൈമാക്‌സ്. ലിറ്റില്‍ ജീസസ്, പ്രിന്‍സ് എന്നീ ബോട്ടുകളുടെ പേരുകളായിരുന്നു അന്വേഷണ സംഘത്തിന്റെ തുറുപ്പ് ചീട്ട്. കോഡ് ഭാഷയില്‍ വന്ന ഈ വാക്കുകള്‍ ഡീകോഡ് ചെയ്താണ് ലഹരിമരുന്ന് ഏത് ബോട്ടുകളില്‍ നിന്ന് ഉറപ്പിച്ചത്. അഗത്തിക്ക് സമീപം വച്ച് കോസ്റ്റ്ഗാര്‍ഡിന്റെ ദൂരദര്‍ശിനിയിലൂടെ ബോട്ടുകളുടെ സാന്നിധ്യം ഉറപ്പിച്ചു. ആയുധധാരികളായ കമാന്‍ഡോകള്‍ കപ്പലിന്റെ മുന്‍ഭാഗത്ത് നിലയുറപ്പിച്ചു. ബോട്ട് അടുത്ത് എത്തുന്നത് വരെ കോസ്റ്റ്ഗാര്‍ഡിന്റെ ഭാഗത്ത് നിന്ന് പ്രകോപനപരമായ ഒരു നീക്കവും ഉണ്ടായില്ല. 

കപ്പലും മത്സ്യബന്ധന ബോട്ടും ഏകദേശം രണ്ട് കിലോമീറ്റര്‍ അടുത്ത് എത്തിയപ്പോഴാണ് ഓപ്പറേഷന്‍ തുടങ്ങിയത്. ബോട്ടുകള്‍ പരിശോധിക്കണമെന്നുള്ള അറിയിപ്പ് ഉച്ചഭാഷിണി വഴി കോസ്റ്റ് ഗാഡ് ഉദ്യോഗസ്ഥര്‍ നല്‍കി. കപ്പല്‍ ബോട്ടുകളെ വളഞ്ഞു. 

മത്സ്യത്തൊഴിലാളികളുടെ ഭാഗത്ത് നിന്ന് ഒരു പ്രകോപനവും പ്രതിരോധവും ഉണ്ടായില്ല. അനായാസം തന്നെ തീരസംരക്ഷണ സേനയുടേയും ഡിആര്‍ഐയുടേയും ഉദ്യോഗസ്ഥര്‍ക്ക് ബോട്ടിനകത്ത് കടക്കാനായി. ആദ്യം മത്സ്യത്തൊഴിലാളികളുടെ ദേഹപരിശോധന. പിന്നീട് മത്സ്യത്തൊഴിലാളികളെ ബോട്ടിന് ഒരു ഭാഗത്തേക്ക് മാറ്റിയ ശേഷം അരിച്ച് പെറുക്കിയുള്ള പരിശോധന. 

ബോട്ടിന്റെ ഹള്ളില്‍ അഥവാ മീന്‍ സൂക്ഷിക്കുന്ന സ്ഥലത്ത് ചാക്ക് കെട്ടുകള്‍ കണ്ടെത്തി. തുറന്ന് പരിശോധിച്ച് ലഹരിമരുന്നെന്ന് ഉറപ്പിച്ച ശേഷം മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണ സേന കപ്പലിലേക്ക് മാറ്റി.

ഇനി അറിയേണ്ടത്

ഇനി ഉത്തരം കിട്ടാനുള്ളത് താഴെ പറയുന്ന ചോദ്യങ്ങള്‍ക്കാണ്: 

1. മയക്ക് മരുന്ന് എവിടെ നിന്ന് വന്നു?

2. ലക്ഷ്യം കേരളമോ തമിഴ്‌നാടോ?

3. ഇന്ത്യയില്‍ ലഹരികടത്തിന്റെ ഏജന്റ് ആര്?

4.  നേരത്തേയും സംഘം ലഹരി കടത്തിയോ?
 

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം