പറുദീസയിലെ പൂന്തോട്ടത്തില്‍ തഴച്ചു വളര്‍ന്നിരുന്ന മരമാണത്രേ ബവോബാബ്; ഐതിഹ്യങ്ങള്‍ക്കപ്പുറം ഈ മരത്തിന്‍റെ പ്രത്യേകത

Published : Jun 02, 2019, 03:43 PM ISTUpdated : Jun 02, 2019, 05:35 PM IST
പറുദീസയിലെ പൂന്തോട്ടത്തില്‍ തഴച്ചു വളര്‍ന്നിരുന്ന മരമാണത്രേ ബവോബാബ്; ഐതിഹ്യങ്ങള്‍ക്കപ്പുറം ഈ മരത്തിന്‍റെ പ്രത്യേകത

Synopsis

എന്നാൽ ഇക്കണ്ട പൊണ്ണത്തടിയും, വേരുകൾ തലകുത്തനെ വെച്ചപോലുള്ള ശിഖരങ്ങളും ഒക്കെയുണ്ടെങ്കിലും ബവോബാബ് ആള് ചില്ലറക്കാരനല്ല കേട്ടോ. പാതിരായ്ക്ക് പൂക്കുന്ന പൂക്കളാണ് ഈ മരത്തിന്. 

ബവോബാബ് വല്ലാത്തൊരു മരമാണ്. സാധാരണ മരങ്ങളെപോലെ അല്ലേയല്ല ബവോബാബ്. ഒരു മരത്തിനെ വേരോടെ പറിച്ചെടുത്ത് തലകുത്തനെ മണ്ണിലേക്ക് കുത്തിയിറക്കിയാൽ എങ്ങനെയിരിക്കുമോ അങ്ങനെയാണ് ബവോബാബ്. ആഫ്രിക്കൻ പുൽമേടുകളിലാണ് ഈ മരം പൊതുവെ കണ്ടുവരുന്നത്. 

കെനിയ, ഉഗാണ്ട, ടാൻസാനിയ, മഡ്ഗാസകർ  എന്നീ രാജ്യങ്ങളിൽ നിരവധി ബവോബാബ് മരങ്ങളുണ്ട്. ലയൺ കിങ്ങ് സിനിമയിലെ 'മങ്കി ട്രീ' നമ്മുടെ ബവോബാബ് മരം തന്നെയാണ്. 

ഈ മരത്തിനെപ്പറ്റി പറഞ്ഞു കേൾക്കുന്ന പ്രധാന ഐതിഹ്യങ്ങളിൽ ഒന്ന് ഇതാണ്. പറുദീസയിലെ പൂന്തോട്ടത്തിലായിരുന്നു ആദ്യം ബവോബാബ് തഴച്ചു വളർന്നിരുന്നത്. ഗോത്ര ദൈവമായ 'തോറ'യ്ക്ക്   ഈ മരം ഒട്ടും ഇഷ്ടമായിരുന്നില്ല. ഒരു ദിവസം ബവോബാബിനെ കടയോടെ പറിച്ചെടുത്ത് മതിലിനപ്പുറത്തേക്ക് വലിച്ച് ഒരൊറ്റ ഏറ്. ബവോബാബ് നേരെ വന്നുവീണത് താഴെ ഭൂമിയിൽ. പക്ഷേ, വീണത് തലകുത്തനെ ആയിപ്പോയി. വേരുകൾ മുകളിലേക്കും, ശാഖകൾ മണ്ണിനടിയിലേക്കുമായി അങ്ങനെ തന്നെ വളർന്നു ബവോബാബ് പിന്നീട്.  

മറ്റൊരു ഐതിഹ്യമുള്ളത് ഇങ്ങനെയാണ്. മൃഗങ്ങളെ സൃഷ്‌ടിച്ച ശേഷമാണ് ദൈവം ഭൂമിയിൽ മരങ്ങൾ നടാൻ തുടങ്ങിയത്. ഓരോ മൃഗങ്ങൾക്കും ഓരോ മരം വെച്ച് കൊടുത്തു ദൈവം. കഴുതപ്പുലിയ്ക്ക് കിട്ടിയ മരമാണ് ബവോബാബ്. മരത്തിന്റെ രൂപം ഇഷ്ടപെടാതിരുന്ന കഴുതപ്പുലി അതിനെ തലകുത്തനെ നട്ടുപോലും..!

ഏറ്റവും രസകരമായ മറ്റൊരു ഐതിഹ്യമാണ് ഇനി. ബവോബാബ് മരം നിന്നിരുന്നത് ഒരു തടാകത്തിന്റെ കരയിലായിരുന്നു. അപ്പുറത്തും ഇപ്പുറത്തും നിന്നിരുന്ന പല മരങ്ങളിലും പല നിറത്തിലുള്ള പൂക്കളുണ്ടായിരുന്നു, സ്വാദിഷ്ടമായ ഫലങ്ങളുണ്ടായിരുന്നു. ബവോബാബിനു മാത്രം ഒന്നുമുണ്ടായിരുന്നില്ല. ഒരു ദിവസം അത് തടാകത്തിലെ തെളിനീരിൽ തന്റെ തടിച്ചു കുറുകിയ ഉടൽ കാണുകകൂടി ചെയ്തതോടെ എല്ലാം തികഞ്ഞു. അത് ദൈവത്തെ വിളിച്ച് കരച്ചിലോട് കരച്ചിൽ. "മെലിഞ്ഞുനീണ്ട പനമരത്തിനെ കാണുമ്പോൾ എനിക്ക് അസൂയ തോന്നുകയാണ്. എന്നെ എന്തിനിങ്ങനെ തടിച്ചു കുള്ളനായി സൃഷ്ടിച്ചു നീ പടച്ചവനേ..? തീജ്വാലകൾ പോലുള്ള പൂക്കളുമായി നിൽക്കുന്ന ആ മരം നോക്കൂ... എനിക്കുമുണ്ട് പൂക്കൾ, ഹും... എന്തിനു കൊള്ളാം? "

ബവോബാബിന്റെ കരച്ചിലും പതം പറച്ചിലും അനുദിനം കൂടിക്കൂടി വന്നു. അത്തിമരത്തിൽ നിറഞ്ഞുതൂങ്ങിനിന്ന പഴങ്ങൾ കൂടി കണ്ടപ്പോൾ ബവോബാബ് മരം അലമുറയിട്ട് നിലവിളി തുടങ്ങി. ഒടുവിൽ ചെവിതല കേൾക്കാൻ പറ്റാത്ത അവസ്ഥയായപ്പോൾ പടച്ചവൻ മുകളിൽ നിന്നും കലി തുള്ളി ഇറങ്ങി വന്ന്, ബവോബാബ് മരത്തിനെ കടയോടെ പിഴുതെടുത്ത്  തലകുത്തനെ മണ്ണിലേക്കാഴ്ത്തി. അതോടെ ബവോബാബിന്റെ കണ്ണുകളും വായും എല്ലാം മണ്ണിനടിയിലായി. പിന്നീട് ബവോബാബ് ഒന്നും കണ്ടതുമില്ല, ഒരു പരാതിയും പറഞ്ഞതുമില്ല. പാവം ബവോബാബ്! 

എന്നാൽ ഇക്കണ്ട പൊണ്ണത്തടിയും, വേരുകൾ തലകുത്തനെ വെച്ചപോലുള്ള ശിഖരങ്ങളും ഒക്കെയുണ്ടെങ്കിലും ബവോബാബ് ആള് ചില്ലറക്കാരനല്ല കേട്ടോ. പാതിരായ്ക്ക് പൂക്കുന്ന പൂക്കളാണ് ഈ മരത്തിന്. ഈ പൂക്കളിൽ പൂതമുണ്ടെന്നാണ് ഗോത്രജനതയുടെ വിശ്വാസം. മനുഷ്യർ ആരെങ്കിലും മരത്തിൽ കേറി  പൂ പറിച്ചാൽ ആളെ സിംഹം കടിച്ചുകീറി ശാപ്പിടുമെന്നവർ വിശ്വസിക്കുന്നു. പൂപൂത്ത്‌ പഴമായാൽ നല്ല രുചിയാണ്. മരത്തിലിരുന്ന് പഴുത്താലും കൊഴിഞ്ഞു വീഴാത്ത ലോകത്തിലെ ഒരേയൊരു പഴമാണ് ബവോബാബ്  പഴം. അങ്ങനെ ഇരുന്നുണങ്ങിക്കോളും.

ആറുമാസത്തോളം വെയിലുകൊണ്ട് അങ്ങനെ ഇരുന്നു വാടും. ഒടുവിൽ അതിന്റെ പച്ച പുറം തോട് കല്ലിച്ച് കല്ലിച്ച്  നല്ല ചിരട്ട പരുവത്തിനാവും. മാംസളമായ പഴത്തിൽ നിന്നും ജലാംശം പതിയെ വറ്റിത്തീരും. അതിൽ നിന്നും പിന്നെ കുരു കളഞ്ഞ് ചുമ്മാ പിടിച്ചെടുത്താൽ നല്ല ഒന്നാന്തരം ഫ്രൂട്ട് പൗഡർ റെഡി. ഒരു പ്രിസർവേറ്റീവും ചേർക്കാതെ തന്നെ അത് മൂന്നുവർഷത്തോളം കേടാവാതെ ഇരിക്കും. വൈറ്റമിൻ സിയുടെ ഒരു കലവറയാണ് ഈ പഴം. നല്ല ഒന്നാന്തരം ഒരു ആന്റി ഓക്സിഡന്റും. ഒരു വിധം അസുഖങ്ങളെല്ലാം മാറാൻ ഈ പൊടി സേവിച്ചാൽ മതി. രോഗപ്രതിരോധശേഷിയ്ക്കും, ദഹന ശേഷിയ്ക്കും, തിളങ്ങുന്ന ത്വക്കിനും ഇത് ഉത്തമമാണ്. 

'ആയുസ്സിന്റെ മരം' ( Tree of Life) എന്ന ആഫ്രിക്കയിൽ അറിയപ്പെടുന്ന ബവോബാബ് മരങ്ങളുടെ ആയുസ്സും അപാരമാണ്. രണ്ടായിരം മുതൽ അയ്യായിരം വർഷം വരെ പഴക്കമുള്ള ബവോബാബ് മരങ്ങളുണ്ട്. 30 മീറ്റർ വരെ പരമാവധി ഉയരം വെക്കും. ചുറ്റളവോ പരമാവധി 50  മീറ്റർ വരെയും.


 

PREV
click me!

Recommended Stories

വിവാഹ വസ്ത്രത്തിൽ സോഫ്റ്റ്‌വെയർ പ്രശ്നം പരിഹരിച്ച വധുവിന് വിമ‍‍ർശനം; പിന്നാലെ ചുട്ട മറുപടി, വൈറൽ
വല്ലപ്പോഴും കിട്ടുന്ന ശമ്പളം, കടുത്ത അവഗണന; യുവതിയുടെ കുറിപ്പ് ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളെ വെളിപ്പെടുത്തുന്നു