
വളരെ വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പാണ്... അന്ന് അജീത് സിങ്ങിന് വയസ്സ് 18... ഒരു ബന്ധുവിന്‍റെ വിവാഹ പരിപാടികളില്‍ പങ്കെടുക്കുകയായിരുന്നു അജീത്. അന്ന് അവിടെ ദേവദാസി നൃത്തം അവതരിപ്പിക്കാന്‍ ഒരു സ്ത്രീയെത്തി. അവരോടുള്ള അവിടെ കൂടിനിന്നവരുടെ പെരുമാറ്റം അജീത്തിനെ അസ്വസ്ഥനാക്കി. നൃത്തം കഴിഞ്ഞ ശേഷവും കൂടിയിരുന്ന ആള്‍ക്കൂട്ടം അവരെ വെറുതെ വിട്ടില്ല. കളിയാക്കിക്കൊണ്ടേയിരുന്നു.
ആ സ്ത്രീയോടുള്ള ആള്‍ക്കൂട്ടത്തിന്‍റെ സമീപനം അജീത്തിനെ ഞെട്ടിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് ലൈംഗിക തൊഴിലാളികളായവര്‍ക്ക് വേണ്ടി അവരുടെ കുട്ടികള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് അജീത് തീരുമാനിക്കുന്നത്. നൃത്തം കഴിഞ്ഞ ശേഷം അജീത് അവര്‍ക്കരികിലെത്തി. അവരുടെ കുഞ്ഞുങ്ങളുടെ പഠനവും മറ്റ് കാര്യങ്ങളും താന്‍ ശ്രദ്ധിക്കട്ടെ എന്ന് അജീത് ചോദിച്ചു.
ഒരു 18 വയസ്സുകാരനെ സംബന്ധിച്ച് ഇതൊട്ടും എളുപ്പമായിരുന്നില്ല. അജീത് അന്ന് വെറും ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി മാത്രമായിരുന്നു. പക്ഷെ, എന്നിട്ടും രണ്ടാമതൊന്നു ചിന്തിക്കാന്‍ അജീത് നിന്നില്ല. ആ മൂന്ന് കുട്ടികളേയും അജീത് ദത്തെടുത്തു. അവരുടെ പഠനവും എല്ലാ കാര്യങ്ങളും നോക്കാമെന്ന് ഉറപ്പു നല്‍കി.
വീട്ടുകാരും നാട്ടുകാരുമെല്ലാം എതിര്‍ത്തു. പക്ഷെ, അജീത് ചെയ്യാനുറച്ച കാര്യങ്ങളില്‍ നിന്നും പിന്നോട്ട് നീങ്ങിയില്ല. അയാള്‍, ഒഴിവ് സമയങ്ങളിലെല്ലാം ആ കുട്ടികളെ പഠിപ്പിച്ചു. അവരുടെ അമ്മ നയിക്കുന്ന അതേ ജീവിതം അവര്‍ക്കും നയിക്കേണ്ടി വരരുതെന്ന് അജീത് ഉറപ്പിച്ചിരുന്നു. അതോടൊപ്പം തന്നെ വരാണസിയിലെ റെഡ് ലൈറ്റ് ഏരിയയിലെ ലൈംഗിക തൊഴിലാളികളുടെ മക്കളെ കൂടി അജീത് പഠിപ്പിച്ചു തുടങ്ങി. പക്ഷെ, വളരെ പെട്ടെന്ന് തന്നെ താന്‍ കരുതിയിരുന്ന അത്ര എളുപ്പമല്ല കാര്യങ്ങളെന്ന് അജീത്തിന് മനസ്സിലായി.
വിദ്യാഭ്യാസത്തോടൊപ്പം ആരോഗ്യകാര്യങ്ങളിലും അവര്‍ക്ക് ആവശ്യമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതുണ്ടായിരുന്നു. HIV പോലെയുള്ള കാര്യങ്ങളില്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതുണ്ടായിരുന്നു. അതേ സമയം തന്നെ അടിമത്തവും, ട്രാഫിക്കിങ്ങും അവിടെയുള്ള പെണ്‍കുട്ടികളനുഭവിക്കുന്ന പ്രശ്നങ്ങളായിരുന്നു. അതൊക്കെ പരിഹരിച്ചെങ്കില്‍ മാത്രമേ അവര്‍ക്ക് നല്ലൊരു ഭാവിയുണ്ടാകുമായിരുന്നുള്ളൂ.
പോരാടാനുറച്ച് അജീത്തും സംഘവും
അങ്ങനെയാണ് 1993 -ല്‍ Guria എന്ന ഓര്‍ഗനൈസേഷന്‍ പിറവിയെടുക്കുന്നത്. ലൈംഗിക ചൂഷണത്തിനെതിരെ പോരാടുക, സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന പെണ്‍കുട്ടികളെ അതിലേക്കെത്തിക്കുക തുടങ്ങിയവയായിരുന്നു സംഘടനയുടെ ലക്ഷ്യങ്ങള്‍.
സെക്സ് റാക്കറ്റുകളെ കുടുക്കുക എന്നതായിരുന്നു അജീത്തിന്‍റെ അടുത്ത ലക്ഷ്യം. അയാള്‍ കുറച്ച് ഹിഡന്‍ ക്യാമറകള്‍ സംഘടിപ്പിച്ചു. പേന, ഷര്‍ട്ടിന്‍റെ ബട്ടണ്‍, വാച്ച് തുടങ്ങിയ ഇടത്തെല്ലാം ക്യാമറ വച്ചു. തുടര്‍ന്ന് ഒരു കസ്റ്റമറെപ്പോലെ അകത്തെത്തി. എവിടെയൊക്കെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ചൂഷണത്തിനിരയാകുന്നത് എന്നറിയുകയായിരുന്നു മുഖ്യ ലക്ഷ്യം.
ഇത്തരം സ്ഥലങ്ങളെല്ലാം കണ്ടെത്തിയ ശേഷം നിരവധി വളണ്ടിയര്‍മാരുമായി അജീത്ത് വരാണസിയിലെ ശിവദാസ്പൂരിലെത്തി. ഒറ്റ ദിവസം കൊണ്ട് അജീത്തും സംഘവും രക്ഷിച്ചെടുത്തത് 15 പെണ്‍കുട്ടികളേയാണ്. അതിനുശേഷം പലയിടങ്ങളിലും നടത്തിയ റെയ്ഡില്‍ ആയിരത്തിലധികം പെണ്‍കുട്ടികളെ മോചിപ്പിച്ചു.
സെക്സ് റാക്കറ്റിനും സെക്സ് ട്രാഫിക്കിങ്ങിനുമെതിരെ നിരവധി കാമ്പയിനുകളും റാലികളും അജീത്തിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. മോചിപ്പിച്ച പെണ്‍കുട്ടികളെ സര്‍ക്കാരിന്‍റെ അഭയകേന്ദ്രങ്ങളിലാക്കി. കൗണ്‍സിലിങ്ങ് നല്‍കിയ ശേഷം മാതാപിതാക്കളുടെ അടുത്തെത്തിച്ചു. അതിനുശേഷവും അവരെ അജീത്തും സംഘവും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വീണ്ടും ലൈംഗികാടിമകളായി മാറുന്നില്ലായെന്ന് ഉറപ്പ് വരുത്തുന്നുണ്ടായിരുന്നു.
പെണ്‍കുട്ടികളെ മോചിപ്പിച്ച ശേഷം അജീത്ത് ചെയ്തത് റാക്കറ്റിലുള്‍പ്പെട്ട പിമ്പുകളുള്‍പ്പടെ ഉള്ളവരെ നിയമത്തിന് മുന്നിലെത്തിക്കുക എന്നതായിരുന്നു. ഗുരിയ എന്ന ഓര്‍ഗനൈസേഷന്‍ 1400 കേസുകളാണ് ട്രാഫിക്കേഴ്സിനെതിരെ ഫയല്‍ ചെയ്തത്. അതില്‍ പലരും ജയിലിലാവുകയും ചെയ്തു. അവര്‍ക്ക് ജാമ്യം കിട്ടാതിരിക്കാനും അജീത്തും സംഘവും ശ്രദ്ധിച്ചിരുന്നു.
മോചിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് കോടതിയില്‍ സംഭവിച്ചതെല്ലാം ധൈര്യത്തോടെ തുറന്നു പറയാനുള്ള പരിശീലനവും അജീത്തും ഓര്‍ഗനൈസേഷനും നല്‍കി. പലരേയും ഒളിപ്പിച്ചു പാര്‍പ്പിച്ചു, വിചാരണ പൂര്‍ത്തിയാകുന്നതുവരെ.
ഇങ്ങനെ മോചിപ്പിക്കുന്ന പെണ്‍കുട്ടികളെ പുനരധിവസിപ്പിക്കാനും അവരെ വിവിധ പ്രൊഫഷനുകളിലേക്ക് തിരിച്ചു വിടാനുമുള്ള പരിശീലനവും അജീത്ത് നല്‍കി. എജുക്കേഷണല്‍ വര്‍ക്ക് ഷോപ്പുകളും പരിശീലനങ്ങളും നല്‍കി. വസ്ത്രങ്ങളും ഭക്ഷണവുമടക്കം ആ പെണ്‍കുട്ടികള്‍ക്ക് നല്‍കാന്‍ പലരും സഹായിച്ചു.
2009 -ല്‍ വരാണസിയിലെ സ്വന്തം വീടിനടുത്ത് നിന്നാണ് 17 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. അവളെ കടത്തിയത് ദില്ലിയിലേക്കായിരുന്നു. അവിടെ അടച്ചിട്ടൊരു മുറിയില്‍ നിരവധി ദിവസങ്ങള്‍ അവള്‍ പീഡിപ്പിക്കപ്പെട്ടു. പിന്നീട് അവളെ സൂറത്തിലേക്ക് കടത്തി. പലപ്പോഴും അവിടെ കൂട്ടം ചേര്‍ന്ന് പീഡിപ്പിക്കപ്പെട്ടു ആ പെണ്‍കുട്ടി. അതിനുശേഷം മൂന്നാമതൊരു സംഘത്തിന് വില്‍ക്കാനായി അവളെ മുംബൈയിലേക്ക് കൊണ്ടുവന്നു. ആ സമയത്താണ് അജീത്തും ഗുരിയയും അവളുടെ രക്ഷക്കെത്തുന്നത്. അവളെ തിരികെ അവളുടെ വീട്ടിലെത്തിക്കുക മാത്രമല്ല ഗുരിയ ചെയ്തത്. അവളെ കടത്തിക്കൊണ്ടു പോവുകയും വില്‍ക്കുകയും പീഡിപ്പിക്കുകയും ചെയ്തവരെയെല്ലാം നിയമത്തിന് മുന്നിലെത്തിക്കാന്‍ പോരാട്ടവും നടത്തി. അവര്‍ക്ക് ജാമ്യം കിട്ടാതിരിക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്തു.
ഇതുപോലെയുള്ള നിരവധി പെണ്‍കുട്ടികളെ അജീത്തും കൂട്ടരും മോചിപ്പിച്ചു. 25 അംഗ വളണ്ടിയര്‍മാരുള്ള ഓര്‍ഗനൈസേഷന്‍, ഇങ്ങനെ ചൂഷണം ചെയ്യപ്പെടുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനും നല്ല ഭാവിക്കുമായി പോരാടുന്നു. അജീത് തന്‍റെ ജീവിതം തന്നെ ഇങ്ങനെ പോരാട്ടമാക്കി മാറ്റുകയായിരുന്നു. ആ 17 വയസ്സുകാരിയെ പെണ്‍കുട്ടിയെ പോലെ നിരവധി പേരാണ് അജീത്തിന് നന്ദി പറയുന്നത്.