അമ്പലത്തിലേക്കുള്ള വഴിക്കുവേണ്ടി സ്വന്തം ഭൂമി വിട്ടുനൽകി മാതൃകയായി ബാരാബങ്കിയിലെ ഈ മുസ്‌ലിം സഹോദരന്മാർ

By Web TeamFirst Published Nov 19, 2019, 5:09 PM IST
Highlights

അങ്ങനെയിരിക്കുമ്പോൾ, പ്രശ്നങ്ങൾ എന്നെന്നേക്കുമായി തീരട്ടെ എന്നുകരുതിക്കൊണ്ട്, വഴിക്കുവേണ്ടി അമ്പലത്തിന് ഭൂമിവിട്ടുനൽകിയ ബാരാബങ്കിയിലെ ഈ മുസ്ലിം സഹോദരന്മാർ പ്രകടിപ്പിച്ചിരിക്കുന്ന ത്യാഗസന്നദ്ധത, രാഷ്ട്രത്തിനു തന്നെ പിന്തുടരാവുന്ന ഒരു മാതൃകയാണ്.  

'ജോ റബ് ഹേ, വഹീ റാം ഹേ...' എന്ന വാരിസ് ഷായുടെ സൂഫിവചനം അന്വർത്ഥമാക്കുന്ന ഒരു പ്രവൃത്തിയാണ്, ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ നിന്ന് പുറത്തുവരുന്നത്. അവിടെ, ഉസ്മാന്‍ സിദ്ധിഖി, സൽമാൻ സിദ്ധിഖി എന്നിങ്ങനെ രണ്ടു സഹോദരന്മാർ, തങ്ങളുടെ ഉടമസ്ഥതയിലുള്ള ഏകദേശം 35  സെന്റോളം വരുന്ന, ലക്ഷങ്ങൾ വിലമതിക്കുന്ന, കണ്ണായ ഭൂമി അമ്പലത്തിന്റെ ആവശ്യത്തിനായി വിട്ടുകൊടുത്തിരിക്കുകയാണ്. 'ഭൂയിയാം ബാബ' എന്നറിയപ്പെടുന്ന ദേവതാ സങ്കല്പത്തിന്റെ ഏറെ പ്രാചീനമായ അമ്പലമുണ്ട് ബാരാബങ്കിയിൽ. അവിടേക്കുള്ള വഴി ഏറെ ഇടുങ്ങിയതായിരുന്നു. ആ വഴി ഗതാഗതയോഗ്യമാക്കുന്നതിലേക്കാണ് തങ്ങളുടെ വിലപിടിപ്പുള്ള ഭൂമി, മറ്റൊന്നും തന്നെ ചിന്തിക്കാൻ നിൽക്കാതെ ഈ സഹോദരർ ദാനമായി നൽകിയത്. ഇതോടെ പരിഹാരമായിരിക്കുന്നത്, ക്ഷേത്രത്തിലേക്കുള്ള വഴിയുടെ ബന്ധപ്പെട്ട് വർഷങ്ങളായി നിലനിൽക്കുന്ന തർക്കങ്ങൾക്കാണ്. 

അയോധ്യാ വിധിയെത്തുടർന്ന് തങ്ങളുടെ അതൃപ്തി വ്യക്തമായി അറിയിച്ചിട്ടില്ല മുസ്ലിം വ്യക്തിനിയമബോർഡടക്കമുള്ള പല സംഘടനകളും റിവ്യൂ പെറ്റിഷനുമായി മുന്നോട്ടുപോകും എന്നറിയിച്ചിട്ടുള്ള ഈ സാഹചര്യത്തിൽ, സുന്നി വഖഫ് ബോർഡ് പോലുള്ള മറ്റുചില സംഘടനകൾ ഇനി കേസിനില്ല എന്നും അറിയിച്ചിരുന്നു. ഈ വിഷയത്തിൽ മുസ്‌ലിം സംഘടനകൾക്കിടയിൽപ്പോലും ഒരു ആശയസമന്വയം ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. അങ്ങനെയിരിക്കുമ്പോൾ, പ്രശ്നങ്ങൾ എന്നെന്നേക്കുമായി തീരട്ടെ എന്നുകരുതിക്കൊണ്ട്, വഴിക്കുവേണ്ടി അമ്പലത്തിന് ഭൂമിവിട്ടുനൽകിയ ബാരാബങ്കിയിലെ ഈ മുസ്ലിം സഹോദരന്മാർ പ്രകടിപ്പിച്ചിരിക്കുന്ന ത്യാഗസന്നദ്ധത, രാഷ്ട്രത്തിനു തന്നെ പിന്തുടരാവുന്ന ഒരു മാതൃകയാണ്.  

ഉത്തർപ്രദേശിലെ ക്ഷേത്രനഗരമായ അയോധ്യയോട് തൊട്ടുകിടക്കുന്ന ജില്ലയാണ് ബാരാബങ്കി. ഇത്തരത്തിൽ മതസൗഹാർദ്ദത്തിന്റെ മാറ്റുകൂട്ടുന്ന തരത്തിലുള്ള ഒരു തീരുമാനം അറിയിച്ചതിന്റെ പേരിൽ സഹോദരന്മാർ ഇരുവരെയും അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് നാട്ടുകാർ. ഇത്രയും കാലമായി വെളിച്ചമുള്ള ഒരു റോഡ് ഈ അമ്പലത്തിലേക്ക് ഇല്ലായിരുന്നു. വയലുകളും മറ്റും കയറിയിറങ്ങി വളഞ്ഞുചുറ്റിയായിരുന്നു, അമ്പലത്തിലെത്തിച്ചേരാനും തിരിച്ചുമുള്ള  രാത്രികാലങ്ങളിലെ പ്രദേശവാസികളുടെ യാത്രകൾ. അത് ഏറെ അപകടങ്ങൾക്കുള്ള സാധ്യയുള്ള ഒന്നായിരുന്നു. പാമ്പുകടിയും മറ്റും ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ആ യാത്രകളൊക്കെ ഇപ്പോൾ നേരിട്ടൊരു വഴി ഈ ഭൂമിദാനത്തിലൂടെ പണിഞ്ഞു കഴിയുമ്പോൾ എളുപ്പമാകുമെന്ന് അമ്പലക്കമ്മിറ്റിക്കാർ പറഞ്ഞു. ഭൂമി ദാനം ചെയ്ത സിദ്ധിഖി സഹോദരങ്ങളോടുള്ള തങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദിയും  'ഭൂയിയാം ബാബ' ക്ഷേത്രസമിതിക്കാർ അറിയിച്ചു. 

click me!