മറാഠ്‌വാഡയിലെ കര്‍ഷകര്‍ക്ക് 2,904 കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കണമെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Nov 19, 2019, 3:26 PM IST
Highlights

'2,904,36 കോടി രൂപ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യമാണ്. വിളവെടുപ്പാന്‍ പാകമായ വിളകളില്‍ ഭൂരിഭാഗവും നശിച്ചുപോയി.' സോമന്‍ മഴക്കെടുതിയെക്കുറിച്ച് വിശദമാക്കുന്നു.

കാലംതെറ്റിയുള്ള മഴയും രൂക്ഷമായ വരള്‍ച്ചയും കാരണം വിളനാശത്തിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന മഹാരാഷ്ട്രയിലെ മറാഠ്‌വാഡയിലെ കര്‍ഷകര്‍ക്ക് 2,904.36 കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കണമെന്ന് ഔറംഗബാദിലെ ഡിവിഷണല്‍ കമ്മീഷണറുടെ ഓഫീസില്‍ നിന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കാലംതെറ്റിയുള്ള മഴ കാരണം കൃഷിനാശം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്ന ഈ റിപ്പോര്‍ട്ട്.

വരള്‍ച്ചയും വിളനാശവുമാണ് ഇന്ത്യയിലെ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. ഈ റിപ്പോര്‍ട്ട് പ്രകാരം 44,33,549 കര്‍ഷകര്‍ കാലംതെറ്റിയുള്ള മഴക്കെടുതി മൂലമുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്.  മഹാരാഷ്ട്രയിലെ മറാഠ്‌വാഡയിലെ എട്ടുജില്ലകളിലായി ഏകദേശം 41,49,175 ഹെക്ടര്‍ സ്ഥലത്തുള്ള കൃഷി നശിച്ചിട്ടുണ്ട്.

റവന്യു വിഭാഗം നടത്തിയ അവലോകനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഭരണകൂടത്തിന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഡിവിഷണല്‍ കമ്മീഷണറായ പരാഗ് സോമന്‍ പ്രസ്ട്രസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

വരള്‍ച്ച ബാധിത പ്രദേശമായ മറാഠ്‌വാഡയില്‍ ഈ വര്‍ഷം മണ്‍സൂണ്‍ കാലത്ത് വളരെക്കുറച്ച് മഴയേ ലഭിച്ചിട്ടുള്ളു. പക്ഷേ, ഒക്ടോബര്‍ മാസത്തില്‍ കാലംതെറ്റി പെയ്ത മഴ കാരണം ഖാരിഫ് വിളകള്‍ നശിച്ചു.

മഴക്കാലത്താണ് ഖാരിഫ് വിളകള്‍ കൃഷി ചെയ്യുന്നത്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ ആരംഭത്തില്‍ വിത്ത് വിതച്ച് മണ്‍സൂണിന്റെ അവസാനത്തോടെ വിളവെടുക്കുകയാണ് ചെയ്യുന്നത്. പൊതുവെ ജൂണ്‍-ജൂലൈ മാസങ്ങളിലാണ് ഖാരിഫ് കൃഷി ചെയ്യുന്നത്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ വിളവെടുപ്പ് നടത്തുന്നു. നെല്ല്, പരുത്തി, എള്ള്, സോയാബീന്‍, ചണം, കരിമ്പ് എന്നിവയെല്ലാം ഖാരിഫ് വിളകളാണ്. മഴയുടെ ലഭ്യതയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ഇത്തരം വിളകളെ പ്രതികൂലമായി ബാധിക്കാറുണ്ട്.

'2,904,36 കോടി രൂപ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യമാണ്. വിളവെടുപ്പാന്‍ പാകമായ വിളകളില്‍ ഭൂരിഭാഗവും നശിച്ചുപോയി.' സോമന്‍ മഴക്കെടുതിയെക്കുറിച്ച് വിശദമാക്കുന്നു.

ഔറംഗബാദ്, ബീഡ് എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കൃഷിനാശമുണ്ടായത്. ഇവിടെ 400 കോടിയിലധികം രൂപ നഷ്ടപരിഹാരമായി ആവശ്യമുണ്ട്. കൃഷിക്കായി മഴയല്ലാതെ മറ്റു ജലസേചന സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ ഹെക്ടറിന് 6,800 രൂപ നഷ്ടപരിഹാരം ലഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കഴിഞ്ഞ മണ്‍സൂണ്‍ കാലത്ത് 50,20,591 ഹെക്ടര്‍ സ്ഥലത്ത് കൃഷിയിറക്കിയതായി രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.

മഹാരാഷ്ട്രയിലെ വരള്‍ച്ചയും അനവസരത്തില്‍ പെയ്ത മഴമൂലമുള്ള കൃഷിനാശവും മറികടക്കാനായി 10,000 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

മറാഠ്‌വാഡായിലെ വരള്‍ച്ചയുടെ ചിത്രം

വരള്‍ച്ചാ ബാധിതപ്രദേശമായ മറാഠ്‌വാഡയില്‍ കൃത്രിമമഴ പെയ്യിക്കാനുള്ള സാങ്കേതികസഹായവുമായി ചൈന 2016 -ല്‍ മുന്നോട്ട് വന്നിരുന്നു. സില്‍വര്‍ അയൊഡൈഡ് കൊണ്ട് നിര്‍മിച്ച അഗ്രമുള്ള പ്രത്യേകതരത്തില്‍പ്പെട്ട റോക്കറ്റുകള്‍ ഉപയോഗിച്ചാണ് കൃത്രിമ മഴമേഘങ്ങളെ സൃഷ്ടിക്കുന്നത്. ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ ചൈന ഉപയോഗിച്ചുതുടങ്ങിയത് 1958 -ലാണ്.

ഇന്ത്യയിലെ കൃഷിയുടെ പകുതിയും കാലവര്‍ഷത്തെ ആശ്രയിച്ചാണ് നടക്കുന്നത്. പലയിടത്തും ശൈത്യകാല വിളകള്‍ അണക്കെട്ടുകളില്‍ സംഭരിച്ചിരിക്കുന്ന വെള്ളത്തെ ആശ്രയിച്ചാണ് കൃഷി ചെയ്യുന്നത്.  2015 -ല്‍ മറാഠ്‌വാഡായില്‍ മഴയില്ലാത്തതുമൂലം കൃഷി ചെയ്യാന്‍ കഴിയാതെ 600 പേരാണ് ആത്മഹത്യ ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു. മഹാരാഷ്ട്രയില്‍ കരിമ്പ് കൃഷിക്കാണ് ഏറ്റവും കൂടുതല്‍ വെള്ളം ഉപയോഗിക്കുന്നത്.

2016 -ല്‍ ലാത്തൂരിലെ സറൂം ഗ്രാമത്തില്‍ നിന്നും വരള്‍ച്ചയെ അതിജീവിക്കാന്‍ കഴിയാതെ കൃഷിക്കാര്‍ മുംബെയിലേക്ക് പലായനം ചെയ്തത് വാര്‍ത്തയായിരുന്നു. സറൂം ഗ്രാമത്തിലെ പ്രധാന കൃഷി കരിമ്പായിരുന്നു. വരള്‍ച്ച കാരണം സോയാബീന്‍ കൃഷി ചെയ്തുനോക്കിയ ഇവര്‍ ഒടുവില്‍ കുടിവെള്ളം പോലുമില്ലാതെ മുംബെയിലേക്കും പൂനെയിലേക്കും ജോലി തേടിപ്പോയി. ഇവിടെ വരള്‍ച്ച ഇല്ലാതാക്കാന്‍ ജലസംരക്ഷണ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കിയിരുന്നു.

കുഴല്‍ക്കിണറുകള്‍ വറ്റിയതും ടാങ്കര്‍ ലോറികള്‍ വരാതായതും കാരണം ജനങ്ങള്‍ക്ക് കുടിവെള്ളമില്ലാത്ത അവസ്ഥയായിരുന്നു. ലത്തൂര്‍ നഗരത്തിന് സമീപമുള്ള വ്യവസായ ശാലകള്‍ വരള്‍ച്ച കാരണം അടച്ചുപൂട്ടി. രണ്ട് കുടം വെള്ളം കിട്ടിയിരുന്ന ഗ്രാമവാസികള്‍ രണ്ട് കിലോമീറ്റര്‍ അകലെ നിന്ന് വെള്ളം കൊണ്ടുവന്നായിരുന്നു നിത്യവൃത്തിക്ക് ഉപയോഗിച്ചത്‌

click me!