
നഗരവൽക്കരണവും ആഗോളവൽക്കരണവും പരിസ്ഥിതിയെ നശിപ്പിക്കുകയാണ്. അതിന്റെ പല പരിണിത ഫലങ്ങളും നാം അനുഭവിക്കുന്നുമുണ്ട്. എന്നാൽ, അതിനിടെ പൂനെ ജില്ലയിലെ വെൽഹെ താലൂക്കിലെ ഹിർപോഡി ഗ്രാമവാസികൾ തരിശായി കിടക്കുന്ന ഭൂമിയെ കാടാക്കി മാറ്റാനുള്ള തീവ്രശ്രമത്തിലാണ്. അതിനായി കിടങ്ങുകൾ നിർമ്മിക്കുകയും വരൾച്ചയെ തടയുന്നതിന് വേണ്ടിയുള്ള മരങ്ങൾ വച്ച് പിടിപ്പിക്കുകയും ചെയ്യുകയാണ് അവർ.
ടൈംസ് നൗ പറയുന്നതനുസരിച്ച്, 70 -കാരനായ ജനാബായി ലക്ഷ്മൺ കുടിത്കർ തന്റെ വീടിന് പിന്നിലെ കുന്നൊക്കെ എങ്ങനെയാണ് ഇങ്ങനെ തരിശായി മാറിയത് എന്ന് ഓർക്കുന്നു. 'ആകെ കുറച്ച് മരങ്ങൾ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. 10 വർഷം മുമ്പ് വരെ തങ്ങളിവിടെ എള്ളും റാഗിയും കൃഷി ചെയ്തിരുന്നു. എന്നാൽ, കടുത്ത വേനലും ജലക്ഷാമവും കൃഷി ചെയ്യുന്നത് കഠിനമാക്കി. അതോടെ ആ ഭൂമി ഒരു എൻആർഐ ദമ്പതികൾക്ക് വിൽക്കുകയായിരുന്നു.'
മുമ്പ് തരിശായി കിടന്നിരുന്ന ഈ ഭൂമി രവീന്ദ്രന്റെയും സാധന സ്വറിന്റെയും പേരിലായിരുന്നു. അവർ ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന NGO ആയ FORREST-നെ സമീപിച്ചു. ആ എൻജിഒ ആണ് ഈ ഭൂമി എല്ലാവർക്കും പ്രയോജനപ്പെടുന്ന തരത്തിൽ മാറ്റുന്നതിനെ കുറിച്ച് സംസാരിച്ചത്. സ്വർ പറയുന്നത് തങ്ങൾ അവിടെ ഒരു വൃദ്ധസദനം തുടങ്ങാനായിരുന്നു പദ്ധതി ഇട്ടിരുന്നത്. എന്നാൽ, അവിടെ വെള്ളമോ, റോഡോ മറ്റ് സൗകര്യങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. വെറും തരിശ് ഭൂമി മാത്രമായിരുന്നു അത് എന്നാണ്.
"ഗ്രാമത്തിൽ നിന്ന് അരകിലോമീറ്റർ അകലെ, ശരാശരി സമുദ്രനിരപ്പിൽ നിന്ന് 760 മീറ്റർ ഉയരത്തിലാണ് ഈ ഭൂമി സ്ഥിതി ചെയ്യുന്നത്. വനംവകുപ്പ് നട്ടുപിടിപ്പിച്ച യൂക്കാലിപ്‌റ്റസ് മരങ്ങൾ ഒഴികെ വേറൊരു മരവും അവിടെ ഇല്ലായിരുന്നു. പിന്നെ ഉണ്ടായിരുന്നത് കുറച്ച് കുറ്റിച്ചെടികൾ മാത്രമാണ്" ഫോറെസ്റ്റിന്റെ സ്ഥാപകയും ഡയറക്ടറുമായ നേഹ സിംഗ് പറയുന്നു.
ഹിർപോഡിയിൽ 900 ആളുകളാണ് കഴിയുന്നത്. അത് പൂനെയിൽ നിന്നും 60 കിലോമീറ്റർ അകലെയാണ്. അവിടെ വെള്ളവും പച്ചപ്പും ഉണ്ടാക്കാനാണ് FORREST ശ്രമിച്ചത്. അതിനായി കിടങ്ങുകൾ നിർമിക്കുകയും പ്രാദേശികമായ, വരൾച്ചയെ തടയാൻ കഴിയുന്ന ചെടികൾ വച്ച് പിടിപ്പിക്കുകയും ചെയ്തു. ഏതായാലും ഹിർപോഡിയിലെ ജനങ്ങൾ ആ ഗ്രാമത്തെ പച്ച പുതച്ചതാക്കാൻ രാവും പകലും അധ്വാനിക്കുകയാണ്. അത് ഫലം കാണുന്നുണ്ട് എന്ന് വേണം പറയാൻ.