India@75 : ഭഗത് സിങ്ങിനൊപ്പം വീറോടെ പോരാടിയ ധീരൻ -ബതുകേശ്വർ ദത്ത്

Published : Jul 27, 2022, 11:35 AM ISTUpdated : Aug 08, 2022, 03:33 PM IST
India@75 : ഭഗത് സിങ്ങിനൊപ്പം വീറോടെ പോരാടിയ ധീരൻ -ബതുകേശ്വർ ദത്ത്

Synopsis

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ച ഇന്ത്യ@75 കാമ്പെയിനിന്റെ ഭാഗമായി തയ്യാറാക്കുന്ന 'സ്വാതന്ത്ര്യസ്പര്‍ശം' പരിപാടിയില്‍ ഇന്ന് ബതുകേശ്വർ ദത്ത്. 

8 ഏപ്രിൽ 1929. ഇന്ത്യൻ പ്രതിനിധികൾക്ക് പരിമിതമായ അധികാരങ്ങളോടെ രൂപീകരിച്ച ദില്ലി കേന്ദ്ര നിയമസഭയുടെ  സമ്മേളനം. സ്വരാജ് പാർട്ടി സ്ഥാപകനും സർദാർ പട്ടേലിന്റെ സഹോദരനുമായ വിതൽഭായ് പട്ടേൽ അധ്യക്ഷൻ. പൊതുസുരക്ഷ സംബന്ധിച്ച ചർച്ച പ്രഖ്യാപിക്കാനായി വിതൽ ഭായ് എഴുന്നേറ്റ് നിന്നതേ ഉള്ളൂ... പൊടുന്നനെ സഭയ്ക്കുള്ളിൽ, വലിയ സ്ഫോടനത്തോടെ തീയും പുകയും പരന്നു. രണ്ട് ബ്രിട്ടീഷ് അംഗങ്ങൾ പരിക്കേറ്റ് വീണു. പുക നിറഞ്ഞ സന്ദർശക ഗാലറിയിൽ രണ്ട് യുവാക്കൾ രക്ഷപ്പെടാൻ ശ്രമിക്കാതെ ഇൻക്വിലാബ് സിന്ദാബാദ് മുഴക്കിക്കൊണ്ട് നിന്നു. പൊലീസ് പിടിയിലായ ആ യുവാക്കളായിരുന്നു ഭഗത് സിങ്ങും ബതുകേശ്വർ ദത്തും. പൊലീസ് മർദ്ദനത്തെ തുടർന്ന് മരണമടഞ്ഞ തങ്ങളുടെ നേതാവ് ലാലാ ലജ്പത് റായിയുടെ അനുഭവത്തിൽ പ്രതിഷേധിക്കാനായിരുന്നു  ബോംബാക്രമണം.  

മുമ്പ് നടന്ന ലാഹോർ കേസിൽ ഭഗത് സിങ് തൂക്കിക്കൊല്ലപ്പെട്ടപ്പോൾ ബോംബാക്രമണക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ദത്തിനെ ആന്റമാനിലെ സെല്ലുലാർ ജയിലിലാണടച്ചത്.

 

 

പശ്ചിമബംഗാളിലെ ബര്‍ധമാന്‍ ജില്ലയിൽ 1910 -ൽ ജനനം. കാൺപൂരിൽ വിദ്യാർത്ഥി ആയിരിക്കുമ്പോൾ ഭഗത് സിംഗിന്റെ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷനിൽ ചേർന്നു. ബോംബ് നിർമ്മാണത്തിൽ പ്രാവീണ്യം. ദില്ലി നിയമസഭയിൽ ബോംബെറിയാനാണ് ദത്തും സുഖ്ദേവും ആദ്യം നിയുക്തരായത്. ആ ദിവസങ്ങളിൽ ഭഗത് സിങ് വിദേശയാത്ര തീരുമാനിച്ചിരുന്നതിനാലായിരുന്നു അത്. പക്ഷെ ഭഗത് സിംഗിന്റെ പരിപാടി മാറ്റിയതോടെ അദ്ദേഹം തന്നെ പങ്കെടുത്തു. 

തടവിന് ശേഷം പുറത്തുവന്ന ദത്ത് ക്ഷയരോഗബാധിതനായി. എന്നിട്ടും ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് വീണ്ടും നാലു വർഷത്തെ തടവ് ശിക്ഷ വരിച്ചു. ബീഹാറിലെ ചമ്പാരനിലായിരുന്നു ജയിൽ. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം അവഗണിക്കപ്പെട്ട ദത്തിന്റെ 1965 -ലെ അന്ത്യം ദാരിദ്ര്യത്തിലായിരുന്നു. തന്റെ സഖാക്കളായ ഭഗത് സിങ്ങിന്റെയും  മറ്റും രക്തസാക്ഷി സ്മാരകമായ പഞ്ചാബിലെ ഫിറോസാബാദിൽ സത്‌ലജ് നദിക്കരയിലെ ഹുസൈനിവാലയിലാണ് ദത്തിനെയും സംസ്കരിച്ചത്. 

PREV
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!