
ടൊറന്റോയിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്കുള്ള വിമാനത്തിൽ കയറാൻ പോയ ഒരാൾക്ക് അതിൽ കയറാൻ കഴിഞ്ഞില്ല. എന്നാൽ, വിചിത്രമായത് ഇതൊന്നുമല്ല ഇദ്ദേഹത്തിന്റെ രണ്ട് പൂച്ചകളെ ഇദ്ദേഹമില്ലാതെ തന്നെ നേരെ യുഎസ്സിലേക്ക് അയച്ചു. ഇനി ആ പൂച്ചകളെ തിരികെ കിട്ടാൻ എന്ത് ചെയ്യുമെന്ന് ചോദിച്ചപ്പോൾ എയർപോർട്ട് ഉദ്യോഗസ്ഥർ പറഞ്ഞത് അങ്ങോട്ട് പോയി അവയെ തിരികെ കൊണ്ടുവരൂ എന്നാണ്.
വിസയിലെ ചില പ്രശ്നങ്ങളെ തുടർന്ന് ജൂലൈ ആറിനാണ് അബ്ബാസ് സൊയേബ് എന്നയാൾക്ക് ബോർഡിംഗ് പാസ് നിഷേധിച്ചത്. പിന്നാലെ എയർ കാനഡയിലെ ഉദ്യോഗസ്ഥരാണ് അദ്ദേഹത്തിന്റെ പൂച്ചകളായ മിമിയും ബുബ്ബയും അദ്ദേഹമില്ലാതെ തന്നെ സാൻ ഫ്രാൻസിസ്കോയിലേക്ക് പറന്നു എന്ന് അറിയിച്ചത്. എങ്ങനെ അവയെ തിരികെ കിട്ടുമെന്ന് ചോദിച്ച അബ്ബാസിനോട് ഉദ്യോഗസ്ഥർ പറഞ്ഞത് ഒന്നുകിൽ നേരിട്ട് സാൻഫ്രാൻസിസ്കോയിലേക്ക് പോയി പൂച്ചകളെ തിരികെ കൊണ്ടുവരണം അല്ലെങ്കിൽ അവിടെയുള്ള ആരോടെങ്കിലും പൂച്ചകളെ തിരികെ എത്തിക്കാൻ പറയൂ എന്നാണ്.
തനിക്ക് പൂച്ചകളെ നോക്കാൻ അവിടെ ആരുമില്ല എന്ന് അബ്ബാസ് പറഞ്ഞു. 15 മണിക്കൂറുകൾക്ക് ശേഷം പൂച്ചകൾ രണ്ടും ടൊറന്റോ എയർപോർട്ടിലുണ്ട് എന്ന് സ്ഥിരീകരിച്ചു. 'എന്റെ പൂച്ചകളെ വലിച്ചെറിയാവുന്ന ലഗേജ് പോലെയാണ് അവർ പരിഗണിച്ചത്. ആ സമയമത്രയും അവയെ കുറിച്ചോർത്ത് ഞാൻ ആശങ്കപ്പെട്ടിരിക്കുകയായിരുന്നു' എന്ന് അബ്ബാസ് പറയുന്നു.
അവസാനം 15 മണിക്കൂറിന് ശേഷം പൂച്ചകളെ കിട്ടിയപ്പോൾ അവ അവശരും രോഗം ബാധിച്ചവരെ പോലെയും ആയിരുന്നു എന്ന് അബ്ബാസ് പറയുന്നു. എയർ കാനഡയുടെ വെബ്‌സൈറ്റിലെ അപ്‌ഡേറ്റ് പറയുന്നതനുസരിച്ച്, ഇതുപോലെ വളർത്തുമൃഗങ്ങളെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവർ ഒന്നുകിൽ അവരെ കൈകളിൽ വയ്ക്കുകയോ അല്ലെങ്കിൽ എയർ കാനഡ കാർഗോയോ ഉപയോഗിക്കണം എന്ന് പറയുന്നു.
ഏതായാലും, ഉടമയില്ലാതെ പൂച്ചകൾ തനിച്ച് പറന്ന് തിരിച്ചെത്തിയ കാര്യം വലിയ വാർത്തയായിരിക്കുകയാണ്.