തിരമാലയില്‍ ജലദേവന്റെ ഫോട്ടോ; ഫേക്ക് അല്ലെന്ന് ബിബിസി

By Web TeamFirst Published Jul 9, 2021, 4:15 PM IST
Highlights

നെപ്ട്യൂണിന്റെ മുഖസാദൃശ്യമുള്ള ഒരു തിരയുടെ ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുന്നത്.

ഗ്രീക്ക് പുരാണത്തില്‍ നെപ്ട്യൂണ്‍ ദേവനെ ജല ദേവനായിട്ടാണ് കണക്കാക്കുന്നത്.  കടലിന്റെ ആഴങ്ങളില്‍ അദ്ദേഹം വസിക്കുന്നെന്നാണ് വിശ്വാസം. വെളുത്ത താടിയും മുടിയുമുള്ള ഒരു വൃദ്ധന്റെ രൂപമാണ് അദ്ദേഹത്തിന്. നെപ്ട്യൂണിന്റെ മുഖസാദൃശ്യമുള്ള ഒരു തിരയുടെ ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുന്നത്. ബിബിസി ഫോട്ടോഗ്രാഫര്‍ ജെഫ് ഓവേഴ്സാണ് ആ ചിത്രം പകര്‍ത്തിയത്. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ അത് നെപ്ട്യൂണിന്റെ മുഖമാണെന്നേ തോന്നൂ. ബിബിസി തന്നെ ചിത്രത്തെ നെപ്ട്യൂണുമായി താരതമ്യം ചെയ്യുന്നു.  

 

 

ഇംഗ്ലണ്ടിലെ ഈസ്റ്റ് സസെക്‌സിലെ ന്യൂഹാവനിലെ ബീച്ചില്‍ വച്ചാണ് ഈ ചിത്രം പകര്‍ത്തുന്നത്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ തിരമാലകള്‍ ഉയരുന്ന ദൃശ്യമാണ് ചിത്രത്തിലുള്ളത്. ചിത്രത്തില്‍ സൂക്ഷിച്ച് നോക്കിയാല്‍, നെപ്റ്റിയൂണിന്റെ നെറ്റിയും, കണ്ണുകളും, മൂക്കും, താടിയും എല്ലാം നമുക്ക് സങ്കല്പിക്കാം. അദ്ദേഹത്തിന്റെ മുഖം തിരമാലകളില്‍ നിന്ന് ഉയര്‍ന്നുവരുന്നത് പോലെ നമുക്ക് തോന്നും. മുന്‍വശത്തെ ചെറിയ തിര ഒരു കൈ പോലെയും തോന്നിക്കുന്നു. 'ഇത് തികച്ചും സ്വാഭാവികമായ ഒരു ഷോട്ടാണ്. ഞാന്‍ അതില്‍ ഒന്നും തന്നെ ചെയ്തിട്ടില്ല,' ഓവേഴ്സ് പറഞ്ഞു.

പരേയ്‌ഡോലിയയ്ക്ക് ഒരു ഉദാഹരണമാണ് ഈ ചിത്രം. ചില ചിത്രങ്ങള്‍ കാണുമ്പോള്‍ നമ്മുടെ മസ്തിഷ്‌കം ക്രമരഹിതമായ ഒരു പാറ്റേണ്‍ സ്വയം സങ്കല്പിക്കുന്നു. അത് ചിലപ്പോള്‍ ഒരു മുഖമാകാം, അല്ലെങ്കില്‍ മറ്റേതെങ്കിലും ഒരു രൂപമാകാം. ഈ പ്രവണതയെയാണ് പരേയ്‌ഡോലിയ എന്നത്‌കൊണ്ട് അര്‍ത്ഥമാക്കുന്നത്. േ

മേഘങ്ങളും,, തിരമാലകളും എല്ലാം നമ്മുടെ മസ്തിഷ്‌കത്തില്‍ അത്തരം പാറ്റേണുകള്‍ സൃഷ്ടിക്കും. അത് മുഖമല്ലെന്ന് നമുക്കറിയാമെങ്കിലും, നിമിഷനേരത്തേയ്ക്ക് അത് അങ്ങനെയാണ് എന്ന് നമുക്ക് തോന്നുന്നു. തലച്ചോറില്‍ മിന്നല്‍ വേഗത്തിലാണ് ഇത് സംഭവിക്കുന്നതെന്നാണ് പറയുന്നത്. ഫോട്ടോഗ്രാഫേഴ്‌സിന്റെ പ്രിയപ്പെട്ട ഇടമാണ് ആ ബീച്ചെന്ന് ഒവേര്‍സ് പറയുന്നു. കടല്‍ഭിത്തിയില്‍ ശക്തമായി വന്നടിക്കുന്നു തിരകള്‍ ഇത്തരം പാറ്റേണുകള്‍ സൃഷ്ടിക്കുന്നത് അവിടെ ഒരു പതിവ് കാഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിമിഷനേരം കൊണ്ടാണ് ഈ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി തീര്‍ന്നത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!