ഭരിക്കാന്‍ ആളില്ലാതെ ഹെയ്തി; പ്രസിഡന്റിനെ കൊന്നത്  അമേരിക്കക്കാര്‍ അടങ്ങുന്ന വിദേശകൊലയാളികള്‍

By Web TeamFirst Published Jul 9, 2021, 1:05 PM IST
Highlights

പ്രസിഡന്റിന്റെ കൊലയെത്തുടര്‍ന്ന്, ഭരിക്കാന്‍ ആളില്ലാതെ ഹെയ്ത്തി. വസതിക്കുള്ളിലേക്ക് ഇരമ്പിക്കയറിയ സായുധ കൊലയാളി സഘത്തിന്റെ ആക്രമണത്തില്‍ പ്രസിഡന്റ് ഹേവനല്‍ മോയിസ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഈ അവസ്ഥ.

പ്രസിഡന്റിന്റെ കൊലയെത്തുടര്‍ന്ന്, ഭരിക്കാന്‍ ആളില്ലാതെ ഹെയ്ത്തി. വസതിക്കുള്ളിലേക്ക് ഇരമ്പിക്കയറിയ സായുധ കൊലയാളി സഘത്തിന്റെ ആക്രമണത്തില്‍ പ്രസിഡന്റ് ഹേവനല്‍ മോയിസ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഈ അവസ്ഥ. പ്രസിഡന്റിന്റെ കൊലയ്ക്കു പിന്നില്‍ വിദേശ കൊലയാളികള്‍ ആണെന്ന് പൊലീസ് വ്യക്തമാക്കിയതിനു പിന്നാലെയാണ് ആരു ഭരിക്കും ഹെയ്തി എന്ന ചോദ്യം ശക്തമായത്. കൊലയാളികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ശക്തമാവുകയും 17 പേര്‍ അറസ്റ്റിലാവുകയും ചെയ്‌തെങ്കിലും, ഭരണം നിര്‍വഹിക്കാന്‍ ആളില്ലാത്ത അവസ്ഥയിലാണ് ഈ കരീബിയന്‍ രാജ്യം. 

ബുധനാഴ്ച രാവിലെയാണ് പ്രസിഡന്റിന്റെ വസതിയില്‍ ആക്രമണം നടന്നത്. അമേരിക്കന്‍ ലഹരി വിരുദ്ധ ഏജന്‍സിയായ ഡി ഇ എയുടെ യൂനിഫോമണിഞ്ഞ് എത്തിയ സായുധ സംഘം, പ്രസിഡന്റിനെയും ഭാര്യയും തുരുതുരാ വെടിവെക്കുകയായിരുന്നു. 12 വെടിയുണ്ടകള്‍ തറച്ചുകേറിയ പ്രസിഡന്റ് തല്‍ക്ഷണം മരിച്ചു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യ അപകടനില തരണം ചെയ്തു. ഇവരുടെ മൂന്ന് മക്കള്‍ സുരക്ഷിത സ്ഥാനത്താണെന്ന് പൊലീസ് വ്യക്തമാക്കി. 

വിദേശത്തുനിന്നുമെത്തിയ കൊലയാളി സംഘമാണ് പ്രസിഡന്റിനെ വകവരുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. കൊളംബിയയിലെ മുന്‍ സൈനിക ഉദ്യോഗസ്ഥരും ഹെയ്തി വംശജരായ രണ്ട് അമേരിക്കക്കാരും അടക്കം 28 പേരടങ്ങിയതായിരുന്നു കൊലയാളി സംഘം. ഇവരില്‍ അമേരിക്കക്കാരടക്കം 17 പേര്‍ അറസ്റ്റിലാണ്. എട്ടു പേര്‍ ഒളിവിലാണ്. ഇവര്‍ക്കായി തെരച്ചില്‍ നടക്കുകയാണെന്ന് പൊലീസ് മേധാവി അറിയിച്ചു. കൊലയാളി സംഘത്തിലെ മൂന്ന് പേരെ തലസ്ഥാനമായ പോര്‍ട്ട് ഒ പ്രിന്‍സില്‍ നടന്ന ഏറ്റുമുട്ടലില്‍ വധിച്ചതായും അദ്ദേഹം പറഞ്ഞു. 

വിദേശികളാണ് പ്രസിഡന്റിനെ വധിച്ചത് എന്ന് പൊലീസ് പറയുന്നതിനിടെ, തങ്ങളുടെ പൗരന്‍മാരാരും സംഭവത്തില്‍ പ്രതികളായതായി സ്ഥിരീകരിച്ചില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് അറിയിച്ചു. തങ്ങളുടെ സൈന്യത്തിലെ ആറ് മുന്‍ ഉദ്യോഗസ്ഥര്‍ കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടതായി മനസ്സിലാക്കുന്നുവെന്ന് കൊളംബിയ വ്യക്തമാക്കി. അന്വേഷണവുമായി ഏതു വിധത്തിലും സഹകരിക്കുമെന്നും കൊളംബിയന്‍ സര്‍ക്കാര്‍ അറിയിച്ചു. 

അതിനിടെ, പ്രസിഡന്റിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഹെയ്തിയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി. ഇവിടെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചുവെങ്കിലും പല സ്ഥലങ്ങളിലും ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. പ്രതിഷേധം ചിലയിടങ്ങളില്‍ അക്രമാസക്തമായി. അതിനിടെയാണ്, ഭരണഘടനാപരമായ വലിയ പ്രതിസന്ധിയിലേക്ക് രാജ്യം കടന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 


ഭരിക്കാന്‍ ആളില്ലാതായ ഹെയ്ത്തി 

രാജ്യം ഭരിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ് ഇവിടെ. പരമാധികാരിയായ പ്രസിഡന്റ് മരിച്ചുകഴിഞ്ഞാല്‍, അധികാരം സുപ്രീം കോടതി പ്രസിഡന്റിന് കൈമാറണം എന്നാണ് ഹെയ്തി ഭരണഘടന അനുശാസിക്കുന്നത്. എന്നാല്‍ സുപ്രീം കോടതി പ്രസിഡന്റ് റെനെ സില്‍വെസ്‌ട്രെ കഴിഞ്ഞ മാസം കോവിഡ് ബാധിച്ച് മരിച്ചു. ആ സ്ഥാനം ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്.

ദേശീയ അസംബ്ലിക്ക് ഒരു പുതിയ നേതാവിനെ തിരഞ്ഞെടുക്കാനാകും. എന്നാല്‍ കഴിഞ്ഞ പാര്‍ലമെന്റിന്റെ കാലാവധി അവസാനിച്ചതിന് ശേഷവും തിരഞ്ഞെടുപ്പ് നടക്കാത്തതിനാല്‍ ദേശീയ അസംബ്ലിയും ഇല്ല.

ഭരണഘടനാ ഭേദഗതി പ്രകാരം ഇത്തരം സാഹചര്യത്തില്‍ പ്രധാനമന്ത്രിക്കായിരിക്കും അധികാരം. എന്നാല്‍, നിലവിലെ പ്രധാനമന്ത്രി ക്ലോഡ് ജോസഫിനെ മാറ്റി ഏരിയല്‍ ഹെന്‍ട്രി എന്ന പുതിയ ഒരാളെ പ്രസിഡന്റ് ഈയടുത്ത് പ്രധാനമന്ത്രി ആയി നിയോഗിച്ചിരുന്നു. എന്നാല്‍, ഇദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തിട്ടില്ല. ഭരണഘടന പ്രകാരം നിലവിലെ പ്രധാനമന്ത്രിക്ക് ഈ അവസ്ഥയില്‍ തുടരാനാവില്ല. സത്യപ്രതിജ്ഞ ചെയ്യാതെ, പുതിയ പ്രധാനമന്ത്രിക്ക് അധികാരമേല്‍ക്കാനും കഴിയില്ല. 

പുതിയ സാഹചര്യത്തില്‍, താന്‍ അധികാരം ഏറ്റെടുക്കുമെന്ന് നിയുക്ത പ്രധാനമന്ത്രി ഏരിയല്‍ ഹെന്‍ട്രി പ്രഖ്യാപിച്ചു. എന്നാല്‍, ഭരണഘടനാപരമായി അതിനു സാധുതയില്ലെന്നാണ് നിലവിലെ പ്രധാനമന്ത്രി ക്ലോഡ് ജോസഫ് പറയുന്നത്. താന്‍ തന്നെ പ്രധാനമന്ത്രിയായി തുടരും എന്നും അദ്ദേഹം വ്യക്തമാക്കി. 

അതിനിടെ, പുതിയ ഭരണപ്രതിസന്ധിക്ക് പരിഹാരമായി തെരഞ്ഞെടുപ്പ് നടത്താനും അതുവരെ നിലവിലെ പ്രധാനമന്ത്രി തുടരാനും ഐക്യരാഷ്ട്ര സഭ നിര്‍ദ്ദേശിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 

click me!