
പഠനത്തിനുള്ള പണം കണ്ടെത്താനായി പാർട്ട് ടൈം ജോലികൾ ചെയ്യുന്ന ഒരുപാട് വിദ്യാർത്ഥികളുണ്ട്. എന്നാൽ, അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരു വഴി തിരഞ്ഞടുത്തിരിക്കുകയാണ് അമേരിക്കക്കാരനായ ആന്റണി ഒണ്ടോ. 23 -കാരനായ ആന്റണി തന്റെ കോളേജ് ട്യൂഷൻ ഫീസ് കണ്ടെത്തുന്നത് തേനീച്ചവളർത്തലിലൂടെയാണ്. വെസ്റ്റേൺ പെൻസിൽവേനിയയിൽ 50 കൂടുള്ള ഉള്ള ഒരു തേനീച്ച ഫാം സ്വന്തമായി നടത്തുന്ന ആന്റണി, ഇതിൽ നിന്നുള്ള ലാഭം ഉപയോഗിച്ചാണ് തന്റെ പഠനം മുന്നോട്ട് കൊണ്ടുപോകുന്നത്.
ചാതം യൂണിവേഴ്സിറ്റിയിലെ സസ്റ്റൈനബിൾ ബിസിനസ് വിദ്യാർത്ഥിയാണ് ആന്റണി. അവന്റെ ഈ താൽപ്പര്യം തുടങ്ങുന്നത് ഹൈസ്കൂൾ പഠനത്തിന് ശേഷമുള്ള അവധിക്കാലത്താണ്. ഒരു സുഹൃത്തിന്റെ മുത്തച്ഛനെ തേനെടുക്കാൻ സഹായിക്കാൻ പോയതായിരുന്നു ആന്റണി. പണി തുടങ്ങി 15 മിനിറ്റിനുള്ളിൽ തന്നെ തേനീച്ചയുടെ കുത്തേറ്റു. എന്നാൽ, ആ അനുഭവം ഈ മേഖലയോടുള്ള ഇഷ്ടക്കേടിന് പകരം ഇഷ്ടമായി മാറുകയായിരുന്നു. വൈകാതെ തന്നെ സ്വന്തമായി ഏതാനും കൂടുകൾ പരിപാലിക്കാൻ തുടങ്ങിയ ആന്റണി 2024 -ൽ ബിസിനസ് ആരംഭിച്ചു.
"ചില സ്കോളർഷിപ്പുകളും ചെറിയൊരു ഫെഡറൽ ലോണും എനിക്കുണ്ട്. അതൊഴിച്ചാൽ ബാക്കി ഫീസുകളെല്ലാം ബിസിനസ്സിൽ നിന്നുള്ള വരുമാനം കൊണ്ടാണ് അടയ്ക്കുന്നത്. ആദ്യ ദിവസം മുതൽ തന്നെ എനിക്ക് ലാഭം ലഭിച്ചു തുടങ്ങി" എന്ന് ആന്റണി പറയുന്നു. എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഇതിനായി ചെലവാക്കേണ്ടതില്ല എന്നതും ഫ്ലെക്സിബിലിറ്റിയുമാണ് ഇതിന്റെ പ്രധാന ആകർഷണമെന്നും അവൻ കൂട്ടിച്ചേർത്തു.
നിക്ഷേപകരെ തേടിപ്പോകുന്നതിന് പകരം വേറിട്ട രീതിയിലായിരുന്നു ആന്റണി ബിസിനസ് വളർത്തിക്കൊണ്ടു വന്നത്. ഓരോ വീടുകളിലും കയറിയിറങ്ങി തന്റെ ഉൽപ്പന്നം പരിചയപ്പെടുത്തി. അവരുടെ പുരയിടത്തിൽ തേനീച്ചക്കൂടുകൾ സ്ഥാപിക്കാൻ അനുവാദം ചോദിച്ചു. പകരമായി വിളവെടുക്കുന്ന തേനിന്റെ ഒരു വിഹിതം വീട്ടുടമസ്ഥർക്ക് നൽകും. ഈ രീതി വിജയകരമായതോടെ നിലവിൽ ആയിരക്കണക്കിന് പൗണ്ട് തേനാണ് ഓരോ വർഷവും ഉൽപ്പാദിപ്പിക്കുന്നത്.
ലോക്കൽ കഫേകളിലും ചെറുകിട ബിസിനസ് സ്ഥാപനങ്ങളിലും ആന്റണി ഇപ്പോൾ തേൻ വിതരണം ചെയ്യുന്നുണ്ട്. സ്വന്തം ബിസിനസ്സിന് പുറമെ, ചാതം യൂണിവേഴ്സിറ്റിയുടെ കാമ്പസിലുള്ള തേനീച്ച വളർത്തലും ആന്റണി തന്നെയാണ് നോക്കുന്നത്. പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന ഇത്തരം ഉൽപ്പന്നങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കാറുമുണ്ട് ആന്റണി.