ഭാര്യയുടെ പേരിൽ വട്ടിപ്പലിശക്കെടുത്ത് കൊടുത്ത പണം തിരികെ നൽകിയില്ല, ബംഗാൾ കൂട്ടക്കൊലപാതകം അന്വേഷണം വഴിത്തിരിവിൽ

By Web TeamFirst Published Oct 14, 2019, 7:18 PM IST
Highlights

ഭാര്യയുടെ പേരിൽ ബാങ്കിൽ നിന്ന് കടമെടുത്ത് നിക്ഷേപിച്ച പണമോ പലിശയോ ഒന്നും പറഞ്ഞ സമയത്ത് തിരികെ നൽകാത്തതിന്റെ പേരിലാണ് ഇരുവരും തമ്മിൽ തെറ്റുന്നത്.
 

കഴിഞ്ഞയാഴ്ച നടന്ന ബംഗാളിനെ നടുക്കിയ ബിർഭം കൂട്ടക്കൊലപാതകത്തിൽ സംശയത്തിന്റെ മുന നീളുന്നത് കൊല്ലപ്പെട്ട ബന്ധുപ്രകാശ് പാലിന്റെ സുഹൃത്തും ബിസിനസ് പാർട്ട്ണറുമായ സൗവിക് ബണികിന് നേരെയാണ്. മാരകായുധങ്ങളുമായി ജിയാഗഞ്ജിലെ ലേബു ബാഗാനിലുള്ള പാലിന്റെ വീട്ടിലേക്ക് കയറിവന്ന അജ്ഞാതർ പാലിനെയും, പത്നി ബ്യൂട്ടിയെയും, അഞ്ചുവയസുള്ള മകൻ അംഗനെയും വെട്ടിക്കൊലപ്പെടുത്തിയിരുന്നു. അക്രമം നടന്നപാടേ, കൊല്ലപ്പെട്ടത് ആർഎസ്എസ് പ്രവർത്തകനാണെന്നും കൊലപാതകം രാഷ്ട്രീയ വൈരമാണെന്നും ഒക്കെയുള്ള പ്രചാരണങ്ങൾ ബിജെപിയുടെ ബംഗാൾ ഘടകത്തിന്റെ പക്ഷത്തുനിന്ന് ഉണ്ടായിരുന്നു. എന്നാൽ, അതിനെ പാടെ നിഷേധിച്ച് കൊല്ലപ്പെട്ട പാലിന്റെ ബന്ധുക്കൾ അധികം താമസിയാതെ രംഗത്ത് വന്നിരുന്നു. തങ്ങളുടെ മകൻ ഒരു പാർട്ടിയിലും അംഗമായിരുന്നില്ല എന്ന് പാലിന്റെ അമ്മ തന്നെ വെളിപ്പെടുത്തിയിരുന്നു. 

ബന്ധുപ്രകാശ് പാൽ ബിർഭമിലെ ഒരു പ്രൈമറി സ്‌കൂളിൽ അധ്യാപകനായിരുന്നു എങ്കിലും, നെറ്റ്‌വർക്ക് മാർക്കറ്റിങ്ങിൽ അധിഷ്ഠിതമായ എന്തോ ബിസിനസ് കൂടി അദ്ദേഹം ചെയ്തു പോന്നിരുന്നതായി ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. പ്രസ്തുത ബിസിനസിലെ പാർട്ട്ണർ ആണ് പാലിന്റെ സ്നേഹിതൻ കൂടിയായ ബണിക്. ചെയിൻ മാർക്കറ്റിങ് ബിസിനസിന്റെ പേരും പറഞ്ഞ് ആളുകളെ വഞ്ചിച്ചതിന് ബണിക്കിന്റെ പേരിൽ ഇതിനുമുമ്പും കേസുകൾ ഉണ്ടായിട്ടുണ്ട് എന്ന് പൊലീസും പറയുന്നുണ്ട്. കൊലപാതകം നടന്നപാടേ അപ്രത്യക്ഷനായ ബണിക് അടക്കം നിരവധിപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്‌തു വരികയാണ്. വാടകക്കൊലയാളികളാണ് കൃത്യം ചെയ്തത് എന്ന സംശയത്തിന്റെ പേരിൽ പൊലീസ് നിരവധി ഇടങ്ങളിൽ റെയ്‌ഡുകളും നടത്തുന്നുണ്ട്. 

പാലിന്റെയും ബണിക്കിന്റെയും നിരവധി ബന്ധുക്കളെ ചോദ്യം ചെയ്തതിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് എത്തിയിരിക്കുന്ന പ്രാഥമിക നിഗമനം ഇതൊക്കെയാണ്. പാൽ സ്വന്തംസമ്പാദ്യത്തിൽ നിന്നും, ഭാര്യ ബ്യൂട്ടിയുടെ പേരിൽ ബാങ്കിൽ നിന്ന് കടമെടുത്ത പണത്തിൽ നിന്നും ഒക്കെ വലിയ തുകകൾ ബിസിനസിനായി ബണികിനെ ഏൽപ്പിച്ചിരുന്നു. ആ പണം, പറഞ്ഞ സമയത്ത് തിരികെ നൽകാത്തതിന്റെ പേരിൽ മുമ്പ് പലപ്പോഴും, ബണിക്കും  പാലും തമ്മിൽ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. ബണിക്ക് ആണ് കൊലപാതകങ്ങൾക്ക് പിന്നിൽ എന്ന് തെളിയിക്കാനുള്ള പഴുതടച്ച തെളിവുകൾ ഇനിയും കിട്ടിയിട്ടില്ല എങ്കിലും അന്വേഷണം ത്വരിതഗതിയിൽ പുരോഗമിക്കുന്നുണ്ട് എന്ന് പൊലീസ് പറഞ്ഞു. പോലീസും സിഐഡിയും ചേർന്നാണ് അന്വേഷണം 

ഏഴുലക്ഷത്തോളം രൂപയാണ് മാർക്കറ്റിൽ നിന്ന് വട്ടിപ്പലിശയ്‌ക്കെടുത്ത് പാൽ ബണിക്കിന് കൊടുത്തിരുന്നത്. വാഗ്ദാനം ചെയ്ത പലിശയോ, മുതലോ ഒന്നുംതന്നെ കിട്ടുന്നുണ്ടായിരുന്നില്ല. രണ്ടുവർഷം മുമ്പ് രാംപൂർ ഹാട്ടിൽ ഉള്ള തന്റെ ഭാര്യവീട്ടിലേക്ക് പോയ സമയത്ത്, പാൽ ബണിക്കിനെ അവിടേക്ക് വിളിച്ചുവരുത്തുകയും പണത്തെപ്പറ്റി അന്ന് അവർ ഇരുവരും സംസാരിച്ച് തെറ്റി, തമ്മിൽ ഉന്തും തള്ളും വരെ നടക്കുകയുമുണ്ടായി. മറ്റൊരു സ്ത്രീയുടെ കയ്യിൽ നിന്ന് പത്തുലക്ഷം രൂപ ഒരു കുടിവെള്ള നിർമാണ ശാലയിൽ നിക്ഷേപം എന്ന നിലയിൽ സ്വീകരിച്ച ശേഷം അവരെ വഞ്ചിച്ചതിന് ഒരു കേസ് ബണിക്കിന്റെ പേരിൽ ഇന്നും നിലവിലുണ്ട്. 

സ്ഥലത്തെ പ്രധാന അധോലോകഗുണ്ടാസംഘങ്ങളോടൊക്കെ ബന്ധമുണ്ട് എന്ന സംശയം തോന്നിയിരുന്നതിനാൽ പാലിനോട് ബണിക്കുമായുള്ള ബന്ധങ്ങൾ വിച്ഛേദിക്കണം എന്ന് പലകുറി പറഞ്ഞിരുന്നതായി ബ്യൂട്ടിയുടെ സഹോദരൻ ഗോപാൽ മണ്ഡൽ പൊലീസിനോട് പറഞ്ഞു. സ്വന്തം സാമ്പത്തിക നില തന്നെ വളരെ മോശമായിരുന്നിട്ടും പലിശയ്ക്ക് പണമെടുത്താണ് പാൽ ബണിക്കിന് കൊടുത്തിരുന്നത്. വൻതുക പലിശയാണ് വാഗ്‌ദാനം ചെയ്തിരുന്നതിന്റെ പേരിലായിരുന്നു അങ്ങനെ ചെയ്തത് എന്നും പറയപ്പെടുന്നു. ഒടുവിൽ പലിശയും മുതലും ഒന്നും കിട്ടാതെയായപ്പോഴാണ് ഇരുവരും തമ്മിലുള്ള ബന്ധങ്ങൾ വഷളാകുന്നത് എന്ന് പറയപ്പെടുന്നു.

എന്തായാലും, അവരും ദിവസങ്ങളിൽ ഈ കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ പൊലീസിന് കിട്ടുമെന്നും കേസിന് തുമ്പുണ്ടാകും എന്നും പ്രതീക്ഷിക്കപ്പെടുന്നു. 


 

click me!