പരുന്തില്‍ ഘടിപ്പിച്ച ക്യാമറ; പകര്‍ത്തിയ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നതെന്ത്?

Published : Oct 14, 2019, 03:23 PM ISTUpdated : Oct 14, 2019, 04:56 PM IST
പരുന്തില്‍ ഘടിപ്പിച്ച ക്യാമറ; പകര്‍ത്തിയ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നതെന്ത്?

Synopsis

ആൽപൈൻ ഈഗിൾ റേസ് പദ്ധതിയുടെ ഭാഗമായിട്ടാണ് വിക്ടറില്‍ ക്യാമറ ഘടിപ്പിച്ചിരുന്നത്. ഇതുവഴി ഹിമാനികള്‍ ഉരുകുന്നതിനെക്കുറിച്ചും ആഗോളതാപനത്തിന്റെ മറ്റ് ഫലങ്ങളെക്കുറിച്ചും അവബോധം വളർത്തുക എന്നാണ് ലക്ഷ്യമിടുന്നത്. 

ചൂടാണെങ്കിലെന്താ? നാം മുറിയില്‍ കയറി ഒന്നുകില്‍ ഫാന്‍ അല്ലെങ്കില്‍ എസിയില്‍ അഭയം തേടും. പക്ഷേ, പുറത്ത് അങ്ങനെയല്ല കാര്യങ്ങള്‍. കനത്ത ചൂടും കാലാവസ്ഥ വ്യതിയാനവും ലോകത്തെയാകെ ആശങ്കയുടെ മുനമ്പില്‍ നിര്‍ത്തുകയാണ്. അതുകൊണ്ടാണ് സ്‍കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കടക്കം തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വരുന്നത്. നമ്മുടെ പരിസ്ഥിതിക്ക് താങ്ങാവുന്നതിലുമേറെ നാശനഷ്ടങ്ങള്‍ നമ്മള്‍ വരുത്തിവെക്കുന്നുണ്ട് എന്നതിന്‍റെ വ്യക്തമായ സൂചനകളാണിത്. 

വിക്ടര്‍, ഒമ്പത് വയസ്സുള്ള വൈറ്റ് ടെയില്‍ഡ് പരുന്താണ് (വെള്ളവാലൻ കടൽപ്പരുന്ത്). പുതിയൊരു മിഷനുമായിട്ടാണ് വിക്ടര്‍ ഉയര്‍ന്നു പറന്നത്. കാലാവസ്ഥാ വ്യതിയാനം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തുന്നതിനായി ക്യാമറ ഘടിപ്പിച്ചിട്ടാണ് വിക്ടറിനെ പറക്കാന്‍ വിട്ടിരുന്നത്. 360 ഡിഗ്രി ക്യാമറ ഘടിപ്പിച്ച വിക്ടർ, മോണ്ട് ബ്ലാങ്കിനു മുകളിലായി അഞ്ച് ദിവസത്തിനുള്ളിൽ അഞ്ച് രാജ്യങ്ങളിലെത്തി, ലോകത്തിലെ ഏറ്റവും മനോഹരമായ പ്രകൃതിദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുകയാണ്.

ആൽപൈൻ ഈഗിൾ റേസ് പദ്ധതിയുടെ ഭാഗമായിട്ടാണ് വിക്ടറില്‍ ക്യാമറ ഘടിപ്പിച്ചിരുന്നത്. ഇതുവഴി ഹിമാനികള്‍ ഉരുകുന്നതിനെക്കുറിച്ചും ആഗോളതാപനത്തിന്റെ മറ്റ് ഫലങ്ങളെക്കുറിച്ചും അവബോധം വളർത്തുക എന്നാണ് ലക്ഷ്യമിടുന്നത്. ഫോട്ടോഗ്രാഫർ, ശാസ്ത്രജ്ഞൻ എന്നിവര്‍ ചേര്‍ന്നുള്ള പദ്ധതിയാണിത്. "ഇതാദ്യമായിട്ടാണ് നമുക്ക് പരുന്തിന്‍റെ വീക്ഷണകോണിൽ നിന്ന് പ്രകൃതിയെ കാണാൻ കഴിയുന്നത്, നമ്മുടെ പ്രകൃതി എത്ര മനോഹരമാണെന്ന് ആളുകൾ ഇത് കാണുന്നതിലൂടെ അറിയും. നമുക്കിടയില്‍ ശരിയായ അവബോധം വളർത്താനും പ്രകൃതിയെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാനും ഇതുവഴി കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.'' ആൽപ്‍സ് സംരക്ഷണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷനായ ഈഗിൾ വിംഗ്‍സിന്റെ സഹസ്ഥാപകനായ റൊണാൾഡ് മെൻസൽ പറഞ്ഞു.

യൂറോപ്പിലെ തന്നെ ഏറ്റവും വലിയ പരുന്താണ് വൈറ്റ് ടെയില്‍ഡ് പരുന്ത്. ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്‍റെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ അവ താഴെയാണെങ്കിലും ഇപ്പോൾ പടിഞ്ഞാറൻ യൂറോപ്പിൽ വിരളമാണ്. ഹിമാനികൾ നൽകുന്ന ജലസ്രോതസ്സുകളെ ആശ്രയിച്ചാണ് അവയുടെ നിലനിൽപ്പ്. 200 വർഷങ്ങൾക്കുമുമ്പ് ഫ്രാൻസിൽ നിന്ന് ഈ പരുന്തുകൾ അപ്രത്യക്ഷമായി. അതിർത്തിയിൽ സ്വിസ് ഭാഗത്താണ് ഇപ്പോള്‍ ചുരുക്കമെണ്ണം അവശേഷിക്കുന്നത്. 

''നിർഭാഗ്യവശാൽ ഇന്ന് ഹിമാനികളാണ് പ്രധാന പ്രശ്‌നമനുഭവിക്കുന്നത്. കാരണം അവ അവിശ്വസനീയമായ വേഗതയിലാണ് ഉരുകുന്നത്. ഇത് നമുക്ക് വ്യക്തമായി കാണാൻ കഴിയുന്നതാണ്.'' ഈഗിൾ വിംഗ്‍സിന്റെ സഹസ്ഥാപകനും വിക്ടറിന്റെ ഫാൽക്കണറുകളിലൊരാളുമായ ജാക്ക് ഒലിവിയർ ട്രാവേഴ്‌സ് പറയുന്നു. 'അതിനാൽ ഈ പരുന്തുകളെ വീണ്ടും കാട്ടിലേക്ക് മടക്കിക്കൊണ്ടുവരണമെങ്കില്‍ ഈ പരിസ്ഥിതിയെ നാം സംരക്ഷിച്ചേ തീരൂ'വെന്നും അദ്ദേഹം പറഞ്ഞു.

"ലോകമെമ്പാടും കഴിഞ്ഞ 50 വർഷമായി താപനില 0.8 ഡിഗ്രിയായി വർദ്ധിച്ചു. ആൽപ്സിൽ ശരാശരി 1.5 ഡിഗ്രി.  മോണ്ട് ബ്ലാങ്കിൽ ഇത് രണ്ട് ഡിഗ്രിയാണ്. അതിനാൽ അടുത്ത നൂറ്റാണ്ടിലെ കാലാവസ്ഥയെ കുറിച്ചുള്ള ഏറ്റവും മോശം പ്രവചനം തന്നെ ഇതിനകം നടന്നിരിക്കുന്നുവെന്നും മെൻസൽ പറഞ്ഞു.

PREV
click me!

Recommended Stories

ഔദ്ധ്യോഗിക വസതിയിൽ എസ്എച്ച്ഒ വെടിയേറ്റ് മരിച്ചു, പിന്നാലെ വനിത കോൺസ്റ്റബിൾ കൊലപാതക കുറ്റത്തിന് അറസ്റ്റിൽ; സംഭവം യുപിയിൽ
വസ്ത്രത്തിന് പകരം കൈമാറിയത് മകന്‍റെ തലച്ചോർ; ഇന്ത്യൻ വംശജയായ ശ്മശാന ഡയറക്ടർക്കെതിരെ കേസ്