ഭര്‍ത്താവിന്‍റെ ഓര്‍മ്മയ്ക്കായി ജാനറ്റ് നട്ടുപിടിപ്പിച്ചത് 73,000 മരങ്ങള്‍

By Web TeamFirst Published Jun 7, 2019, 3:10 PM IST
Highlights

ഗജ ചുഴലിക്കാറ്റ് വളരെ മോശമായി തന്നെ ബാധിച്ച വിഭാഗമാണ് കര്‍ഷകര്‍. അവരുടെ കൃഷി ചുഴലിക്കാറ്റില്‍ നശിച്ചു. 'തെങ്കജ' എന്ന പദ്ധതിയിലൂടെ പതിനായിരം തെങ്ങിന്‍ തൈകള്‍ അവര്‍ക്കായി ജാനെറ്റ് നട്ടു. 
 

ബംഗളൂരുവിലുള്ള 68 വയസ്സുകാരി ജാനറ്റ്, മരിച്ചുപോയ തന്‍റെ ഭര്‍ത്താവിന്‍റെ ഓര്‍മ്മയ്ക്കായി ചെയ്തത് എന്താണെന്നോ 73,000 മരങ്ങള്‍ നട്ടുപിടിപ്പിച്ചു. ജാനറ്റിന്‍റെ ഭര്‍ത്താവ് മരിച്ചത് 2005 -ലാണ്. ആ സമയത്ത് തന്നെയാണ് വികസനത്തിന്‍റെ പേരില്‍ ബംഗളൂരുവില്‍ ഒരുപാട് മരം മുറിച്ചു കളയുന്നത്. 

അതിനെതിരെ പ്രതിരോധിക്കുന്നതിന് പകരം ജാനറ്റ് ചെയ്തത് നിറയെ ചെടികള്‍ നട്ടു പിടിപ്പിക്കുകയാണ്. സ്വന്തം വീടിന് പരിസരത്താണ് ജാനറ്റ് ആദ്യം ചെടികള്‍ നട്ടു തുടങ്ങിയത്. എന്നാല്‍, പതിയെ ചെടികള്‍ നടുന്നതിനെ കുറിച്ച് ചുറ്റുമുള്ളവരെക്കൂടി അവര്‍ ബോധ്യപ്പെടുത്തി. ചിലരൊക്കെ ജാനറ്റ് പറഞ്ഞത് ഉള്‍ക്കൊണ്ടു, ചിലരാകട്ടെ അവഗണിച്ചു. 

കര്‍ണാടകയിലാകെയും തമിഴ്നാടിന്‍റെ ചില ഭാഗത്തും ചെടി നടാന്‍ ജാനറ്റ് തീരുമാനിച്ചിരുന്നു. ആദ്യമാദ്യം ഇതിനായി സ്വന്തം കയ്യില്‍ നിന്നുതന്നെയാണ് ജാനറ്റ് ചെലവിനുള്ള പണം കണ്ടെത്തിയിരുന്നത്. ഇന്ന്, ജാനറ്റിന്‍റെ പ്രവൃത്തിയെ കുറിച്ച് ബോധ്യപ്പെട്ടവര്‍ സംഭാവനകള്‍ നല്‍കുന്നു. 

ഗജ ചുഴലിക്കാറ്റ് വളരെ മോശമായി തന്നെ ബാധിച്ച വിഭാഗമാണ് കര്‍ഷകര്‍. അവരുടെ കൃഷി ചുഴലിക്കാറ്റില്‍ നശിച്ചു. 'തെങ്കജ' എന്ന പദ്ധതിയിലൂടെ പതിനായിരം തെങ്ങിന്‍ തൈകള്‍ അവര്‍ക്കായി ജാനെറ്റ് നട്ടു. 

ലാന്‍ഡ്സ്കേപ്പ് ഡിസൈനിങ്ങാണ് ജാനറ്റ് പഠിച്ചത്. അതിനാല്‍ തന്നെ ഏത് സ്ഥലത്ത് എങ്ങനെയുള്ള ചെടികള്‍ നടണമെന്നതിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ട് ജാനറ്റിന്. ആ അറിവിന് വേണ്ടി സമീപിക്കുന്ന ആരേയും ജാനറ്റ് സഹായിക്കുന്നു. ഒരേയൊരു കണ്ടീഷന്‍ മാത്രമേയുള്ളൂ. നട്ട ചെടി അതുപോലെ തന്നെ കാര്യമായി വെള്ളവും വളവും നല്‍കി പരിചരിക്കുകയും വേണം. 

പല പരിപാടികളിലും ചെടി നടുന്നത് ഇന്ന് പതിവായിട്ടുണ്ട്. പലരും പിറന്നാളുകള്‍ക്കും മറ്റും ചെടി നടുന്നുണ്ട്. പക്ഷെ, കര്‍ഷകര്‍ക്കായി പ്രവര്‍ത്തിക്കുമ്പോള്‍ ജാനറ്റിന് കൂടുതല്‍ സന്തോഷമുണ്ട്. വൃക്ഷങ്ങളുടെ അമ്മ എന്നറിയപ്പെടുന്ന സാലമുരട തിമ്മക്കയാണ് ഇങ്ങനെ ഒരു കാര്യം ചെയ്യാന്‍ ജാനറ്റിന് പ്രചോദനമായത്. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്‍റെ ലക്ഷ്യമായ 75000 ചെടികളിലേക്ക് എത്തുമെന്നാണ് ജാനറ്റ് പറയുന്നത്. 
 

click me!