അക്കൗണ്ട് മാറി അയച്ച 50,000 രൂപ, ഹെഗ്‍ഡെ നേരെ പോയത് റിസ്വാന്‍റെ വീട്ടിലേക്ക്, പിന്നീടുണ്ടായത് അപൂർവസൗഹൃദം 

Published : May 04, 2025, 03:45 PM ISTUpdated : May 04, 2025, 03:46 PM IST
അക്കൗണ്ട് മാറി അയച്ച 50,000 രൂപ, ഹെഗ്‍ഡെ നേരെ പോയത് റിസ്വാന്‍റെ വീട്ടിലേക്ക്, പിന്നീടുണ്ടായത് അപൂർവസൗഹൃദം 

Synopsis

അവിടെ നിന്നും മടങ്ങിയെത്തിയ ഹെഗ്‌ഡെ ആ വീട്ടിൽ താൻ കണ്ട കാര്യങ്ങൾ തന്റെ പിതാവിനോട് പറഞ്ഞു. തൊട്ടടുത്ത ദിവസം ഹെഗ്‌ഡെയും അദ്ദേഹത്തിൻറെ അച്ഛനും വീണ്ടും റിസ്വാന്റെ വീട്ടിലെത്തി.

അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങൾ ചിലപ്പോഴെങ്കിലും വലിയ വഴിത്തിരിവുകൾക്ക് കാരണമാകാറുണ്ട്. അത്തരത്തിൽ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ബെംഗളൂരു ആസ്ഥാനമായുള്ള സംരംഭകനും കായികതാരവുമായ ചിന്മയ് ഹെഗ്ഡെ. രണ്ടുവർഷം മുൻപ് തൻറെ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങളാണ് ഹെഗ്ഡെ കഴിഞ്ഞദിവസം എക്സില്‍ പോസ്റ്റ് ചെയ്തത്. അദ്ദേഹത്തിൻറെ പോസ്റ്റ് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടു എന്ന് മാത്രമല്ല അത് ചർച്ചയാവുകയും ചെയ്തു.

ഹെഗ്ഡെ തൻറെ പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്; രണ്ടുവർഷം മുമ്പ് ഒരു ദിവസം ഒരു ഇൻറർനാഷണൽ അക്കൗണ്ടിൽ നിന്നും ഹെഗ്ഡെയ്ക്ക് 50,000 രൂപ ലഭിച്ചു. തനിക്ക് എവിടെ നിന്നും പ്രത്യേകിച്ച് പണം ഒന്നും വരാനില്ലാതിരുന്നതിനാൽ ബാങ്കിങ്ങിൽ സംഭവിച്ച പിഴവായിരിക്കാം കാരണമെന്ന് അദ്ദേഹം ഊഹിച്ചു. തുടർന്ന് ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ സംഗതി ബാങ്കിംഗ് പിഴവ് തന്നെയാണെന്ന് വ്യക്തമായി.

സൗദി അറേബ്യയിൽ നിന്നുള്ള റിസ്വാൻ എന്ന വ്യക്തിയാണ് ആ പണം അയച്ചത്. ബാങ്കിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിസ്വാൻ ഹെഗ്‌ഡെയെ ബന്ധപ്പെട്ടു. തുടർന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ആ മനുഷ്യൻ നാട്ടിലുള്ള തന്റെ കുടുംബത്തിനായി നീക്കിവെച്ച പണമാണ് അതെന്നും തിരികെ നൽകണമെന്നും അപേക്ഷിച്ചു. വിഷമിക്കേണ്ടന്നും പണം ഉറപ്പായും തിരികെ നൽകുമെന്നും ഹെഗ്‌ഡെ അദ്ദേഹത്തിന് ഉറപ്പുനൽകി.

ഹെഗ്‌ഡെ തുടർന്ന് റിസ്വാന്റെ കുടുംബത്തെ സന്ദർശിക്കാൻ തീരുമാനിച്ചു. അപ്പോഴാണ് ആ കുടുംബത്തിൻറെ ദയനീയാവസ്ഥ അദ്ദേഹത്തിന് മനസ്സിലായത്. സാമ്പത്തികമായി കുടുംബം ഒട്ടും നല്ല നിലയിൽ ആയിരുന്നില്ല. ഏതുനിമിഷവും തകർന്നുവീഴാൻ പാകത്തിനുള്ള ഒരു കൊച്ചുവീട്ടിലായിരുന്നു റിസ്വാന്റെ കുടുംബം താമസിച്ചിരുന്നത്. കെട്ടിട തൊഴിലാളിയായിരുന്നു റിസ്വാന്റെ അച്ഛൻ. മൂന്നുവർഷം മുൻപ് ഒരു കെട്ടിടത്തിന് മുകളിൽ നിന്നും വീണ അദ്ദേഹം ഇപ്പോൾ കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട് വീൽചെയറിലാണ്. 

അച്ഛൻ അപകടത്തിൽപ്പെട്ടതോടെ കുടുംബത്തിന്റെ ഉത്തരവാദിത്വം റിസ്വാന്റെ ചുമലിലായി. 92% മാർക്കോട് ബികോം പാസായ റിസ്വാൻ അതോടെ പഠനം ഉപേക്ഷിച്ച് കുടുംബത്തെ നോക്കാനായി സൗദിയിലേക്ക് പോയി. കുടുംബത്തിൻറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ റിസ്വാന്റെ സഹോദരിയുടെ പഠനത്തെയും ബാധിച്ചിരുന്നു.

അവിടെ നിന്നും മടങ്ങിയെത്തിയ ഹെഗ്‌ഡെ ആ വീട്ടിൽ താൻ കണ്ട കാര്യങ്ങൾ തന്റെ പിതാവിനോട് പറഞ്ഞു. തൊട്ടടുത്ത ദിവസം ഹെഗ്‌ഡെയും അദ്ദേഹത്തിൻറെ അച്ഛനും വീണ്ടും റിസ്വാന്റെ വീട്ടിലെത്തി. തുടർന്ന് റിസ്വാന്റെ സഹോദരിയുടെ മുഴുവൻ പഠന ചെലവും അവർ ഏറ്റെടുത്തു. കുടുംബവുമായി തുടർന്നും ബന്ധം കാത്തുസൂക്ഷിച്ചു. എല്ലാവർക്കും അഭിമാനമായി ഈ വർഷം ആ പെൺകുട്ടി പത്താം ക്ലാസ് ബോർഡ് പരീക്ഷ വിജയിച്ചത് 97% മാർക്കോടെയാണ്. 625 മാർക്കിൽ 606 മാർക്കും അവൾ നേടി.

റിസൾട്ട് അറിഞ്ഞ് അവൾ ആദ്യം വിളിച്ചത് തന്നെയാണെന്നാണ് ഹെഗ്‌ഡെ പറയുന്നത്. ഒപ്പം താനും അവളുടെ സ്വന്തം സഹോദരൻ തന്നെയാണെന്ന് തന്നോട് പറയുകയും ചെയ്തതായും ഹെഗ്‌ഡെ പോസ്റ്റിൽ കുറിക്കുന്നു. ചെറിയൊരു പിശക് വലിയൊരു അനുഗ്രഹമായി മാറിയതിന്റെ സന്തോഷത്തിലാണ് താൻ ഇപ്പോഴെന്നും കുറിച്ചുകൊണ്ടാണ് ഹെഗ്‌ഡെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?