
രാജ്യം ഉറ്റുനോക്കിയ 'ഇന്ത്യ എഐ ഇംപാക്റ്റ് സമിറ്റിൽ' നിന്ന് തന്റെ കമ്പനിയുടെ പ്രധാന പ്രൊഡക്ട് മോഷണം പോയെന്ന പരാതിയുമായി ബെംഗളൂരു ആസ്ഥാനമായുള്ള നിയോസാപിയൻ സിഇഒ ധനഞ്ജയ് യാദവ്. ഫെബ്രുവരി 16 -ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടി ഉദ്ഘാടനം ചെയ്യുന്നതിന് മുന്നോടിയായി സുരക്ഷാ ഉദ്യോഗസ്ഥർ പ്രദർശന ഹാൾ ശൂന്യമാക്കിയിരുന്നു. വിലപിടിപ്പുള്ള എഐ വെയറബിൾ ഉപകരണങ്ങൾ കൂടെ കരുതണോ എന്ന് ധനഞ്ജയ് ചോദിച്ചപ്പോൾ, സുരക്ഷാ ഉദ്യോഗസ്ഥർ അത് വേണ്ടെന്ന് നിർദ്ദേശിച്ചു. മറ്റുള്ളവർ ലാപ്ടോപ്പുകൾ പോലും അവിടെ വെച്ചാണ് പോകുന്നതെന്നും സുരക്ഷ തങ്ങൾ ഉറപ്പാക്കുമെന്നും അവർ പറഞ്ഞു. ആറ് മണിക്കൂറിന് ശേഷം തിരികെയെത്തിയ താൻ കണ്ടത് ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്ന പെട്ടികൾ ചിതറിക്കിടക്കുന്നതും ഉപകരണങ്ങൾ കാണാതായതുമാണ് എന്ന് ധനഞ്ജയ് പറയുന്നു.
"വളരെ നിരാശാജനകമായ അനുഭവമാണിത്. സുരക്ഷാ ഉദ്യോഗസ്ഥർക്കും ഔദ്യോഗിക പ്രതിനിധികൾക്കും മാത്രം പ്രവേശനമുള്ള ഒരു അതീവ സുരക്ഷാ മേഖലയിൽ നിന്ന് ഇത് എങ്ങനെ സംഭവിച്ചു? വിമാനക്കൂലിയും താമസസൗകര്യവും സ്റ്റാൾ വാടകയുമെല്ലാം നൽകി ഇവിടെ വന്ന ഞങ്ങൾക്ക് ലഭിച്ചത് ഈ ആഘാതമാണ്" അദ്ദേഹം എക്സിൽ കുറിച്ചു. സംഭാഷണങ്ങൾ ട്രാക്ക് ചെയ്യാനും വികാരങ്ങൾ വിശകലനം ചെയ്യാനും ശേഷിയുള്ള ഇന്ത്യയിലെ ആദ്യത്തെ പേറ്റന്റ് ലഭിച്ച എഐ വെയറബിൾ ഉപകരണമായിരുന്നു ഇത്. പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ ഇത് പെടുമെന്ന പ്രതീക്ഷയിലായിരുന്നു ധനഞ്ജയ് .
അതേസമയം, സുന്ദർ പിച്ചൈ (ഗൂഗിൾ), ബിൽ ഗേറ്റ്സ് (മൈക്രോസോഫ്റ്റ്), സാം ആൾട്ട്മാൻ (ഓപ്പൺ എഐ) തുടങ്ങിയ ലോകപ്രശസ്തരായ വ്യക്തികൾ പങ്കെടുക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ എഐ ഉച്ചകോടികളിൽ ഒന്നാണിത് .