സോഷ്യൽ മീഡിയയിൽ വരുമാനത്തിനായി കുട്ടികളെ ചൂഷണം ചെയ്യുന്ന 'ചൈൽഡ് ഇൻഫ്ലുവൻസർ' ട്രെന്‍ഡിനെതിരെ നടപടി കടുപ്പിച്ച് ചൈനീസ് സര്‍ക്കാര്‍.
സോഷ്യൽ മീഡിയയിൽ ലൈക്കുകളും കാഴ്ച്ചക്കാരെയും കൂട്ടി പണം സമ്പാദിക്കുന്നതിനായി മാതാപിതാക്കൾ സ്വന്തം കുട്ടികളെ ക്രൂരമായി ചൂഷണം ചെയ്യുന്ന പ്രവണതയ്ക്കെതിരെ ചൈനീസ് സർക്കാർ നടപടി കടുപ്പിക്കുന്നു. 'ചൈൽഡ് ഇൻഫ്ലുവൻസർമാരുടെ' പേരിൽ കുട്ടികളുടെ ശാരീരിക-മാനസിക ആരോഗ്യത്തെ തകർക്കുന്ന രീതിയിലുള്ള ദൃശ്യങ്ങൾ വ്യാപകമായതോടെയാണ് ചൈനീസ് ഔദ്യോഗിക മാധ്യമമായ സിസിടിവി ഉൾപ്പടെയുള്ളവ ഇതിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയത്.
വരുമാനമുണ്ടാക്കാനുള്ള വെറും ഉപാധിയായി കുട്ടികളെ മാറ്റുന്ന പ്രവണത അപകടകരമായ തലത്തിലെത്തിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ഭാഗമായി പ്രായപൂർത്തിയാകാത്തവരെ ദോഷകരമായി ബാധിക്കുന്ന ഓൺലൈൻ ഉള്ളടക്കങ്ങൾ പൂർണ്ണമായി നിയന്ത്രിക്കാൻ ചൈന പുതിയ കർശന ചട്ടങ്ങൾ നിലവിൽ വരുത്തിയിട്ടുണ്ട്.
മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
ചൈനീസ് സോഷ്യൽ മീഡിയകളിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ച ചില പ്രധാന സംഭവങ്ങൾ ഇവയാണ്:
അമിതഭക്ഷണം കഴിപ്പിക്കൽ: 3 വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയെ കൂടുതൽ കാഴ്ച്ചക്കാരെ നേടാനായി മാതാപിതാക്കൾ ലൈവ് സ്ട്രീമിങ്ങിലൂടെ അമിതമായി ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചു. ഇതിന്റെ ഫലമായി വെറും 3 വയസ്സിൽ കുട്ടിയുടെ ശരീരഭാരം 35 കിലോഗ്രാമിലെത്തി.
അനുചിതമായ പെരുമാറ്റം: പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയെയും പെൺകുട്ടിയെയും പ്രണയജോഡികളായി അവതരിപ്പിച്ച് മുതിർന്നവരെപ്പോലെ അടുത്തിടപഴകാൻ പ്രേരിപ്പിക്കുന്ന ദൃശ്യങ്ങളും, ഒരു കൊച്ചുകുട്ടിയെ ജീവനുള്ള വിരകളും ഒച്ചുകളും കഴിപ്പിക്കുന്ന വീഡിയോയും വലിയ പ്രതിഷേധത്തിനിടയാക്കി.
സ്ത്രീകളുടെ വസ്ത്രം മാറുന്ന മുറിയിലേക്ക് കയറാൻ ചെറിയ ആൺകുട്ടിയെ മുതിർന്നയാൾ പ്രേരിപ്പിക്കുന്ന വീഡിയോയും പുറത്തുവന്നു. 'നീ കുട്ടിയായതിനാൽ നിയമപരമായ ഉത്തരവാദിത്വമില്ല, പെൺകുട്ടികളെ ഉപദ്രവിച്ചാലും കുറ്റകരമല്ല' എന്ന് മുതിർന്നയാൾ കുട്ടിയോട് പറയുന്ന ഞെട്ടിക്കുന്ന ഓഡിയോയും ഇതിലുണ്ടായിരുന്നു.
മറ്റൊരു വീഡിയോയിൽ സ്ത്രീകളുടെ ശൗചാലയത്തിൽ ഒളിഞ്ഞുനോക്കി പിടിയിലായ ബാലൻ താൻ കുട്ടിയായതിനാൽ നിയമം ലംഘിച്ചിട്ടില്ലെന്ന് സ്വയം ന്യായീകരിക്കുന്നതും കാണാം.
ഈ വീഡിയോകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് അധികൃതർ ഇവ അടിയന്തരമായി നീക്കം ചെയ്തു.
എട്ട് സർക്കാർ ഏജൻസികളുടെ സംയുക്ത ചട്ടം
കുട്ടികളുടെ അവകാശങ്ങളും ആരോഗ്യവും സംരക്ഷിക്കുന്നതിനായി ചൈനയുടെ സൈബർസ്പേസ് അഡ്മിനിസ്ട്രേഷൻ, വിദ്യാഭ്യാസ മന്ത്രാലയം, പൊതുസുരക്ഷാ മന്ത്രാലയം എന്നിവയുൾപ്പെടെ എട്ട് കേന്ദ്ര സർക്കാർ ഏജൻസികൾ ചേർന്നാണ് പുതിയ ചട്ടങ്ങൾക്ക് രൂപം നൽകിയത്. അനുചിതമായ ഓൺലൈൻ ഉള്ളടക്കങ്ങളെ പ്രധാനമായും നാല് വിഭാഗങ്ങളായാണ് ഈ ചട്ടം തരംതിരിക്കുന്നത്:
അപകടകരമായ അനുകരണങ്ങൾ: സ്കൂൾ മുടക്കാനും പരീക്ഷയിൽ കോപ്പിയടിക്കാനും പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങൾ, ലൈംഗിക സൂചനകളുള്ള ദൃശ്യങ്ങൾ, പുകവലി, മദ്യപാനം, ടാറ്റൂ ചെയ്യൽ, അപകടകരമായി വാഹനമോടിക്കൽ തുടങ്ങിയ മുതിർന്നവരുടെ ജീവിതശൈലി കുട്ടികളെക്കൊണ്ട് അനുകരിപ്പിക്കൽ.
തെറ്റായ മൂല്യബോധം: അമിതമായി പണം പ്രദർശിപ്പിക്കൽ, പഠനത്തിന് പ്രാധാന്യമില്ലെന്ന ആശയം പ്രചരിപ്പിക്കൽ എന്നിവ വഴി കുട്ടികളുടെ ചിന്താഗതിയെ ദോഷകരമായി സ്വാധീനിക്കൽ.
സ്വകാര്യതാലംഘനം: കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും അവരുടെ അനുമതിയില്ലാതെ ദുരുപയോഗം ചെയ്യലും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും.
കടുത്ത പിഴ
പുതിയ നിയമപ്രകാരം ലംഘനം നടത്തുന്ന കണ്ടന്റ് ക്രിയേറ്റർമാർക്ക് പുറമെ അത് പ്രചരിപ്പിക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കെതിരെയും ശിക്ഷയുണ്ടാകും. ഗുരുതരമായ നിയമലംഘനങ്ങൾക്ക് പ്ലാറ്റ്ഫോമുകൾക്ക് 10 ലക്ഷം യുവാൻ (ഏകദേശം 1.5 ലക്ഷം യുഎസ് ഡോളർ) വരെ പിഴ ചുമത്താൻ ചട്ടത്തിൽ വ്യവസ്ഥയുണ്ട്.
തുടർക്കഥയാകുന്ന വിവാദങ്ങൾ
കുട്ടികളെ പണമുണ്ടാക്കാനുള്ള മാർഗ്ഗമായി ഉപയോഗിക്കുന്നത് ചൈനയിൽ ഇതാദ്യമല്ല. 2021-ൽ അഞ്ച് വയസ്സുകാരിയായ ഒരു പെൺകുട്ടി മേക്കപ്പ് വീഡിയോകളിലൂടെ 'ഏറ്റവും പ്രായം കുറഞ്ഞ ബ്യൂട്ടി ബ്ലോഗർ' ആയി ശ്രദ്ധ നേടിയിരുന്നു. ഇതിലൂടെ മാതാപിതാക്കൾ പ്രതിമാസം 1.5 ലക്ഷം യുവാൻ വരെ സമ്പാദിച്ചിരുന്നെങ്കിലും വിമർശനം കടുത്തതോടെ അക്കൗണ്ട് പൂട്ടേണ്ടി വന്നു. കഴിഞ്ഞ ജൂണിൽ ഹുവാങ് യിമിംഗ് എന്ന ഇൻഫ്ലുവൻസറെ സോഷ്യൽ മീഡിയയിൽ നിന്ന് വിലക്കിയിരുന്നു. തന്റെ മൂന്ന് വയസ്സുള്ള മകളെ രാവിലെ മുതൽ രാത്രി വൈകുവോളം വസ്ത്രങ്ങൾ വിൽക്കാനുള്ള ലൈവ് സ്ട്രീമിങ് പരസ്യങ്ങളിൽ പങ്കെടുപ്പിച്ചതായിരുന്നു കാരണം.
