
അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു നഗരമാണ് ബെംഗളൂരു. അതുപോലെ തന്നെ വീട്ടുവാടകയടക്കം സകലതിനും വൻ ചിലവും ആയിക്കൊണ്ടിരിക്കുകയാണ്. മിക്കവാറും ആളുകൾ വലിയ പൈസയില്ലാതെ ഇവിടെ ജീവിതം കഠിനമാണ് എന്ന് പരാതി പറയാറുണ്ട്. ഇത് ബെംഗളൂരുവിലെ മാത്രം അവസ്ഥയല്ല. ബോംബെ, ദില്ലി അടക്കം ഇന്ത്യയിലെ ആയാലും ലോകത്തിലെ ആയാലും പല പ്രധാന നഗരങ്ങളിലും ഇത് തന്നെയാണ് അവസ്ഥ.
അതുപോലെ, ബെംഗളൂരുവിൽ നിന്നുള്ള ഒരു സ്റ്റാർട്ടപ്പ് മെന്റർ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ലിങ്ക്ഡ്ഇന്നിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഹരീഷ് എൻഎ തന്റെ പോസ്റ്റിൽ പറയുന്നത് എങ്ങനെയാണ് കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം ഇവിടെ ചെലവായിപ്പോകുന്നത് എന്നാണ്.
പാലിന്റെയും ഡീസലിന്റെയും വില കൂടുന്നത് അടക്കം പറഞ്ഞുകൊണ്ടാണ് ഹരീഷ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. പാലിന്റെ വില കൂടിയതിനെ കുറിച്ചാണ് ആദ്യം പറയുന്നത്. നന്ദിനി മിൽക്കിന് വില 2025 മാർച്ച് 7 -ന് ലിറ്ററിന് 4 രൂപ കൂടി 47 -ൽ എത്തി. പാക്കേജിംഗ് 1,050 മില്ലിയിൽ നിന്ന് 1 ലിറ്ററായി കുറച്ചു എന്നാണ് പറയുന്നത്.
അതുപോലെ ഡീസലിനും വില കൂടിയെന്നും 91.02 ആയെന്നും പോസ്റ്റിൽ പറയുന്നു. 2025 ഫെബ്രുവരി 9 -ന് നമ്മ മെട്രോയിലെ നിരക്കുകൾ കൂടി. ഇത് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ മെട്രോയായി മാറി, മാക്സിമം ചാർജ്ജ് 60 -ൽ നിന്ന് 90 ആയി ഉയർന്നുവെന്നും പോസ്റ്റിൽ പറയുന്നുണ്ട്.
ഇത് കൂടാതെ സർവീസ് ചാർജ്ജുകൾ കൂടിയതിനെ കുറിച്ചും വാടക കൂടുന്നതിനെ കുറിച്ചും എല്ലാം പോസ്റ്റിൽ പറയുന്നുണ്ട്. ഒപ്പം ഇതെല്ലാം കൂടുമ്പോഴും ശമ്പളത്തിൽ മാറ്റമൊന്നും വരുന്നില്ല എന്നാണ് ഹരീഷ് പറയുന്നത്. മാത്രമല്ല, ഇത് ഇവിടെ മാത്രമാണോ അങ്ങനെ, അതോ ലോകത്ത് എല്ലായിടത്തും ഇങ്ങനെ തന്നെയാണോ എന്നൊരു ചോദ്യം കൂടി ഹരീഷ് പങ്കുവയ്ക്കുന്നുണ്ട്.
ബെംഗളൂരുവിലെ അവസ്ഥ ഇത് തന്നെയാണ് എന്ന് അഭിപ്രായപ്പെട്ടവർ ഒരുപാടുണ്ട്. അതുപോലെ മറ്റ് പല നഗരങ്ങളുടെ അവസ്ഥയും ഇത് തന്നെ ആണെന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.