
നമുക്ക് തീർത്തും അപരിചിതരായ ചിലർ ഷെയർ ചെയ്യുന്ന വീഡിയോ ചിലപ്പോൾ നമ്മെ സന്തോഷിപ്പിക്കാറും വേദനിപ്പിക്കാറും ഒക്കെയുണ്ട്. അതുപോലെ, ഒരേസമയം മനോഹരവും വികാരഭരിതവുമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ബെംഗളൂരുവിൽ നിന്നുള്ള സോഫ്റ്റ്‌വെയർ ഡെവലപ്പറായ ഒരു യുവാവാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. അടുത്തിടെ യുവാവ് തന്റെ പിതാവിന് ഒരു കാർ സമ്മാനമായി നൽകി അദ്ദേഹത്തെ അത്ഭുതപ്പെടുത്തുകയായിരുന്നു. 26 -കാരനായ സത്യം പാണ്ഡെയാണ് തന്റെ പിതാവിന് ഒരു പുതിയ ടാറ്റ പഞ്ച് സമ്മാനിച്ചത്. വർഷങ്ങളായിട്ടുള്ള അച്ഛന്റെ കഠിനാധ്വാനത്തിനും ത്യാഗത്തിനുമുള്ള സമ്മാനം എന്നാണ് തന്റെയീ സമ്മാനത്തെ സത്യം പാണ്ഡെ വിശേഷിപ്പിച്ചത്.
'എന്റെ അച്ഛൻ ജീവിതകാലം മുഴുവനും ടൂ വീലർ മാത്രമാണ് ഓടിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഹീറോ ഹോണ്ട സ്പ്ലെൻഡറിന് 14 വയസുണ്ട്. അത് ഉപയോഗിക്കാൻ പോലും പറ്റാത്ത അവസ്ഥയായി. ജീവിതകാലം മുഴുവനും (ഇപ്പോഴും) അദ്ദേഹം തന്റെ സുഖസൗകര്യങ്ങൾ ത്യജിച്ചത് കുറച്ചധികം പണമുണ്ടാക്കാനും ഞങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം നൽകാനും വേണ്ടിയാണ്. എന്നാൽ, നാളെ അത് മാറുകയാണ്. അദ്ദേഹത്തിന് ഇക്കാര്യം ഇതുവരെയും അറിയില്ല, പക്ഷേ നാളെ നമ്മുടെ ആദ്യത്തെ ഫാമിലി കാർ വീട്ടിലേക്ക് കൊണ്ടുവരികയാണ്' എന്നാണ് തന്റെ പോസ്റ്റിൽ ആദ്യം സത്യം പാണ്ഡെ കുറിച്ചത്. പിന്നീട്, കാർ കൊണ്ടുവരുന്നതും അച്ഛന് കാർ കാണിച്ചുകൊടുക്കുന്നതും ഒക്കെയായ വീഡിയോകളും യുവാവ് ഷെയർ ചെയ്തിട്ടുണ്ട്.
വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. അനേകങ്ങളാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. ശരിക്കും കണ്ണുകൾ നിറഞ്ഞുപോയി ഈ വീഡിയോ കണ്ടിട്ട് എന്നാണ് പലരും പറഞ്ഞിരിക്കുന്നത്.