ലൈംഗികപ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമെന്ന് ബോർഡ്, റോഡരികിലെ വ്യാജവൈദ്യന്റെ ചികിത്സ, ടെക്കിക്ക് നഷ്ടം 48 ലക്ഷം

Published : Nov 25, 2025, 05:10 PM IST
man disappointed

Synopsis

പിന്നെയും പിന്നെയും ​ഗുരുജി ഇയാളോട് ഇതുപോലെയുള്ള 'മരുന്നു'കൾ വാങ്ങാൻ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഭാര്യയിൽ നിന്നും മറ്റും പണം വാങ്ങിയും ലോണെടുത്തും യുവാവ് ഇതെല്ലാം വാങ്ങുകയും ചെയ്തു.

ലൈം​ഗികാരോ​ഗ്യപ്രശ്നത്തിന് വ്യാജ ആയുർവേദ ചികിത്സകനെ സമീപിച്ച യുവാവിന് നഷ്ടം 48 ലക്ഷം രൂപ. ഒപ്പം കിഡ്നി പ്രശ്നവും. ബെം​ഗളൂരുവിൽ നിന്നുള്ള സോഫ്റ്റ്‍വെയർ എഞ്ചിനീയറാണ് റോഡരികിൽ ടെന്റ് കെട്ടി ചികിത്സിക്കുന്ന വ്യാജ ആയുർവേദ ചികിത്സകനെ തന്റെ പ്രശ്നങ്ങൾ പരിഹരിക്കാനായി സമീപിച്ചത്. എന്നാൽ, പണവും ആരോ​ഗ്യവും പോയി എന്നല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. ശനിയാഴ്ച ജ്ഞാനഭാരതി പൊലീസിൽ യുവാവ് പരാതി നൽകി.

2023 -ലാണ് യുവാവിന്റെ വിവാഹം കഴിഞ്ഞത്. പിന്നാലെ, അയാൾക്ക് ഒരു ലൈം​ഗികാരോ​ഗ്യ പ്രശ്നമുണ്ടായി. ബെംഗളൂരുവിനടുത്തുള്ള കെങ്കേരിയിലെ ഒരു മൾട്ടി സ്പെഷ്യാലിറ്റി ക്ലിനിക്കിൽ യുവാവ് ആദ്യം ചികിത്സ തേടിയിരുന്നുവെന്ന് ദ ഹിന്ദുവിലെ റിപ്പോർട്ട് പറയുന്നു. മെയ് 3 -ന്, കെഎൽഇ ലോ കോളേജിന് സമീപം, ലൈംഗിക പ്രശ്നങ്ങൾക്ക് പെട്ടെന്ന് പരിഹാരം കാണാം എന്ന വാഗ്ദാത്തോടെ റോഡരികിൽ പ്രവർത്തിക്കുന്ന ഒരു 'ആയുർവേദ ദവാഖാന' (ആയുർവേദ ക്ലിനിക്) ടെന്റ് യുവാവിന്റെ ശ്രദ്ധയിൽപ്പെട്ടു. ടെന്റിനുള്ളിൽ, 'വിജയ് ഗുരുജി' എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാളുണ്ടായിരുന്നു. ഇയാൾ നൽകുന്ന 'അപൂർവ ആയുർവേദ മരുന്നുകൾ' കഴിച്ചാൽ അസുഖം പൂർണമായും ഭേദമാകുമെന്നും ഇയാൾ ഇരയായ യുവാവിനോട് പറഞ്ഞു.

യശ്വന്ത്പൂരിലെ വിജയലക്ഷ്മി ആയുർവേദിക് സ്റ്റോറിൽ നിന്ന് 'ദേവരാജ് ബൂട്ടി' എന്ന ഉൽപ്പന്നം വാങ്ങാനും ഈ 'ഗുരുജി' യുവാവിനോട് പറഞ്ഞു. ഈ ബൂട്ടി ഹരിദ്വാറിൽ നിന്ന് പ്രത്യേകമായി കൊണ്ടുവന്നതാണെന്നും ഒരു ഗ്രാമിന് 1.6 ലക്ഷം രൂപ വിലവരുന്നതാണെന്നും ഇയാൾ അവകാശപ്പെട്ടു. ഒപ്പം ഇത് വാങ്ങാനായി പോകുമ്പോൾ കൂടെ ആരേയും കൂട്ടരുതെന്നും പണം നോട്ടുകളായി തന്നെ നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.

പിന്നെയും പിന്നെയും ​ഗുരുജി ഇയാളോട് ഇതുപോലെയുള്ള 'മരുന്നു'കൾ വാങ്ങാൻ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഭാര്യയിൽ നിന്നും മറ്റും പണം വാങ്ങിയും ലോണെടുത്തും യുവാവ് ഇതെല്ലാം വാങ്ങുകയും ചെയ്തു. അങ്ങനെ 48 ലക്ഷം രൂപ യുവാവിന് ചെലവായി. എന്നാൽ, അസുഖത്തിന് യാതൊരു മാറ്റവുമുണ്ടായില്ല. ഒടുവിൽ ഇത് തട്ടിപ്പാണ് എന്ന് യുവാവിന് ബോധ്യപ്പെടുകയായിരുന്നു. പിന്നാലെയാണ് പരാതി നൽകുന്നത്.

അതേസമയം, വാർത്ത പുറത്ത് വന്നതോടെ യുവാവിനെ വിമർശിച്ചുകൊണ്ട് നിരവധിപ്പേർ മുന്നോട്ട് വന്നു. റോഡരികിലെ ഒരു കൂടാരത്തിലുള്ള വ്യാജവൈദ്യന്റെ വാക്കുകൾ കേട്ട് 48 ലക്ഷം രൂപ ചിലവാക്കണമെങ്കിൽ അയാൾക്ക് വിദ്യാഭ്യാസമുണ്ടായിട്ട് ഒരു കാര്യവുമില്ല എന്ന് പലരും അഭിപ്രായപ്പെട്ടു.

 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?