
കർണാടക ഹൈക്കോടതിയിൽ അസാധാരണമായ ഒരു കേസാണ് കുറച്ച് ദിവസം മുമ്പ് എത്തിയത്. ബെംഗളൂരുവിൽ നിന്നുള്ള ഒരു യുവാവിനെതിരെ ഭാര്യ നൽകിയ പരാതിയാണ് ഒടുവിൽ കോടതിക്ക് മുന്നിലെത്തിയത്. ഭർത്താവ് തന്നേക്കാൾ പ്രാധാന്യം നൽകുന്നത് തങ്ങളുടെ വീട്ടിലെ പൂച്ചയ്ക്കാണ് എന്നതായിരുന്നു യുവതിയുടെ പരാതി. കേസിൽ തുടരന്വേഷണം കോടതിയിടപെടലിൽ നിർത്തി വച്ചിരിക്കയാണ്.
വീട്ടിൽ നടക്കുന്ന സാധാരണ തർക്കങ്ങളാണ് ഒടുവിൽ കോടതി വരെ എത്തിയിരിക്കുന്നത്. ഭർത്താവിന് തന്നേക്കാൾ പ്രധാനം വീട്ടിലെ പൂച്ചയാണ് എന്നും ഇതിന്റെ പേരിൽ എന്നും വീട്ടിൽ താനും ഭർത്താവും തമ്മിൽ തർക്കങ്ങൾ നടക്കുന്നു എന്നുമായിരുന്നു ഭാര്യയുടെ ആരോപണം. ആ പൂച്ച തന്നെ മാന്തിയെന്നും ഭാര്യ ആരോപിക്കുന്നു.
ഡെക്കാൻ ഹെറാൾഡിന്റെ റിപ്പോർട്ട് പ്രകാരം, ക്രൂരത, സ്ത്രീധനം ചോദിക്കൽ എന്നിവ കൈകാര്യം ചെയ്യുന്ന ഐപിസി സെക്ഷൻ 498 എ പ്രകാരമാണ് നിയമനടപടികൾ തുടങ്ങിയത്. എന്നാൽ, സ്ത്രീധനമോ ക്രൂരതയോ ഒന്നുമല്ല ഈ തർക്കങ്ങൾക്ക് കാരണം, പകരം പൂച്ചയെ ചൊല്ലിയുള്ള തർക്കമാണ് ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾക്ക് കാരണം എന്നുമായിരുന്നു കോടതിയുടെ കണ്ടെത്തൽ.
ജസ്റ്റിസ് എം. നാഗപ്രസന്ന പറയുന്നത്, ഭർത്താവ് പൂച്ചയെ കൂടുതൽ ശ്രദ്ധിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഭാര്യയുടെ പരാതിയെന്നും അതാണ് വാദപ്രതിവാദങ്ങളിലേക്ക് നയിച്ചത് എന്നുമായിരുന്നു. പൂച്ചയാണെങ്കിൽ ഒന്നിലധികം തവണ ഭാര്യയെ മാന്തുകയും മറ്റും ചെയ്തിട്ടുണ്ട്. ഇത് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കി.
യുവതിയുടെ പരാതി മേൽപ്പറഞ്ഞ ഐപിസി സെക്ഷൻ പരിധിയിൽ വരുന്നതല്ല എന്നും ജസ്റ്റിസ് എം. നാഗപ്രസന്ന പറഞ്ഞു. ഇത്തരം ചെറിയ തർക്കങ്ങൾ വലിയ പ്രശ്നങ്ങളായി കോടതിയുടെ മുന്നിലെത്തുന്നത് നീതിന്യായ വ്യവസ്ഥയെ യഥാർത്ഥത്തിൽ ബുദ്ധിമുട്ടിക്കുന്നതാണ് എന്നും കോടതി നിരീക്ഷിച്ചു.
(ചിത്രം പ്രതീകാത്മകം)
ഒരുനിമിഷം വൈകിപ്പോയാല്‍..; കൊച്ചുകുഞ്ഞ് റോഡിലേക്ക്, റീൽ ഷൂട്ട് ചെയ്യുന്നതിൽ മുഴുകി യുവതി, വിമർശനം