ബെർലിനിലെ കാമ്പസ് കാന്റീനുകൾ മത്സ്യമാംസാദി വിഭവങ്ങൾ വെട്ടിക്കുറച്ചു, മത്സ്യവും മാംസവും ഇനി വെറും നാലുശതമാനം

By Web TeamFirst Published Sep 2, 2021, 1:12 PM IST
Highlights

2019 -ൽ നടത്തിയ ഒരു സർവേ പ്രകാരം, ബെർലിനിലെ 13.5 ശതമാനം വിദ്യാർത്ഥികളും വേഗനിസം പിന്തുടരുന്നവരാണ്, ഇത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 1.6 ശതമാനം വരും. ബാക്കി 33 ശതമാനം വിദ്യാർത്ഥികളും സസ്യാഹാരികളാണ്. 

ജർമ്മൻ തലസ്ഥാനമായ ബെർലിനിലെ കാമ്പസ് കാന്റീനുകൾ മത്സ്യമാംസാദി വിഭവങ്ങൾ വെട്ടിക്കുറച്ചു. സർവകലാശാലകളിലെ കാന്റീനുകളിൽ ഇനി മുതൽ സസ്യാഹാരമായിരിക്കും കൂടുതലും ലഭിക്കുക. കാലാവസ്ഥാ സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് മെനുവിൽ കൂടുതലും സസ്യാഹാരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നാണ് പറയുന്നത്. ഒക്ടോബർ ആദ്യം മുതൽ ക്യാന്റീനുകളിൽ നാല് ശതമാനം മാത്രമായിരിക്കും മത്സ്യ-മാംസ വിഭവങ്ങൾ ലഭിക്കുക.  

ബെർലിനിലെ നാല് സർവകലാശാലകളിലായി ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ഇനി മുതൽ അവിടങ്ങളിലുള്ള കാന്റീനുകളും കഫേകളും 68 ശതമാനം വെഗനും, 28 ശതമാനം സസ്യാഹാരവും, മറ്റൊരു 4 ശതമാനം മാത്രം മത്സ്യമാംസാദികളുമായിരിക്കും വാഗ്ദാനം ചെയ്യുക. മെനുവിൽ മാംസം ഉണ്ടായിരിക്കുമെങ്കിലും, ആഴ്ചയിൽ നാല് ദിവസം മാംസത്തിൽ നിന്നുള്ള ഒരൊറ്റ വിഭവം മാത്രമായിരിക്കും ലഭിക്കുക. തിങ്കളാഴ്ചകളിൽ, മാംസ വിഭവങ്ങൾ ലഭ്യമായിരിക്കില്ല. അതിന് പകരം സാലഡുകളായിരിക്കും ലഭിക്കുക.  

പരമ്പരാഗത ജർമ്മൻ വിഭവങ്ങളിലെല്ലാം മാംസം വളരെ സാധാരണമാണ്. എന്നിരുന്നാലും, മാംസ വ്യവസായം ഉൽപാദിപ്പിക്കുന്ന കാർബൺ ഉദ്‌വമനം കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നുവെന്ന് ശാസ്ത്രജ്ഞർ പറയുന്നു. യുണൈറ്റഡ് നേഷൻസ് ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ അഭിപ്രായത്തിൽ, ആഗോള ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്റെ 14.5 ശതമാനവും മൃഗങ്ങൾ മൂലമാണ് ഉണ്ടാകുന്നത്. സസ്യാഹാരത്തിന് കാലാവസ്ഥാ വ്യതിയാനത്തെ ലഘൂകരിക്കാൻ കഴിയുമെന്നും ഇന്റർ ഗവൺമെന്റൽ പാനലിന്റെ (ഐപിസിസി) 2019-ലെ ഒരു റിപ്പോർട്ട് പറയുന്നു.
 
2019 -ൽ നടത്തിയ ഒരു സർവേ പ്രകാരം, ബെർലിനിലെ 13.5 ശതമാനം വിദ്യാർത്ഥികളും വേഗനിസം പിന്തുടരുന്നവരാണ്, ഇത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 1.6 ശതമാനം വരും. ബാക്കി 33 ശതമാനം വിദ്യാർത്ഥികളും സസ്യാഹാരികളാണ്. ബെർലിനിലെ സർവകലാശാലകളുടെ കാന്റീനുകളിൽ ആ വർഷം 5.6 ദശലക്ഷം വിദ്യാർത്ഥികൾ ആഹാരം കഴിച്ചിരുന്നു. മാംസം രഹിത വിഭവങ്ങൾക്ക് ആവശ്യക്കാരേറിയതോടെ, ജർമ്മൻ യൂണിവേഴ്സിറ്റി കാന്റീനുകളും കഫറ്റീരിയകളും 30 മുതൽ 50 ശതമാനം വരെ വെജിറ്റേറിയൻ ഭക്ഷണം ഉൾപ്പെടുത്തിയെന്ന് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സംഘടനയായ സ്റ്റുഡിയെൻഡെൻവർക്കിന്റെ സ്റ്റീഫൻ ഗ്രോബ് ബിബിസിയോട് പറഞ്ഞു.

സ്റ്റുഡിയെൻഡെൻവർക്കിന്റെ കീഴിലുള്ള 34 കാന്റീനുകളിലും പകർച്ചവ്യാധിയുടെ സമയത്ത് മെനു പരിഷ്കരിക്കുകയും, കൂടുതൽ കാലാവസ്ഥ സൗഹൃദ വിഭവങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തുവെന്നും അവർ കൂട്ടിച്ചേർത്തു. ബെർലിനിലെ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കിടയിൽ, കാലാവസ്ഥ സംരക്ഷണം ഒരു പ്രധാന അജണ്ടയായി മാറിയിരിക്കയാണ്. അതിന്റെ ഭാഗമായാണ് ഈ പുതിയ തീരുമാനവും. 

click me!