രണ്ട് കുട്ടികളെ ബലാത്സം​ഗം ചെയ്ത് കൊന്ന കേസിലെ പ്രതി ഒടുവിൽ പുറത്തേക്ക്, ജീവിതകാലം മുഴുവനും നിരീക്ഷണത്തിൽ

By Web TeamFirst Published Sep 2, 2021, 12:30 PM IST
Highlights

നിയുക്ത വിലാസത്തിൽ താമസിക്കുക, പ്രൊബേഷൻ മേൽനോട്ടത്തിൽ പങ്കെടുക്കുക, ഇലക്ട്രോണിക് ടാഗ് ധരിക്കുക, നുണപരിശോധന ടെസ്റ്റുകളിൽ പങ്കെടുക്കുക, ഉപയോഗിക്കുന്ന വാഹനങ്ങൾ, ആരോടാണ് സംസാരിക്കുന്നത് എന്നിവ വെളിപ്പെടുത്തുക എന്നിവയെല്ലാം ബോർഡിന്റെ ലൈസൻസ് വ്യവസ്ഥകളിൽ ഉൾപ്പെടുന്നു. 

യുകെ -യിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി കോളിൻ പിച്ച്ഫോർക്ക് ഒടുവിൽ ജയിൽ മോചിതനായെന്ന് നീതിന്യായ മന്ത്രാലയം സ്ഥിരീകരിച്ചു. 1988 -ൽ 15 വയസ്സുള്ള ലിൻഡാ മാൻ, ഡോൺ ആഷ്വർത്ത് എന്നിവരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ക്ക് ജയിൽ ശിക്ഷ വിധിച്ചത്. ഡിഎൻഎ തെളിവുകൾ ഉപയോഗിച്ച് ശിക്ഷിക്കപ്പെട്ട ആദ്യ കൊലപാതകിയാണ് പിച്ച്ഫോർക്ക്. ഇയാളെ മോചിപ്പിക്കുന്നത് സുരക്ഷിതമാണെന്ന് ജൂണിൽ, പരോൾ ബോർഡ് അറിയിക്കുകയായിരുന്നു. എന്നാൽ, മോചിപ്പിക്കപ്പെട്ടു എങ്കിലും 61 -കാരനായ പിച്ച്ഫോർക്ക് തന്റെ ജീവിതകാലം മുഴുവൻ നിരീക്ഷണത്തിലായിരിക്കും. 

1983 നവംബറിൽ നാർബറോയിൽ വച്ച് ലിൻഡ മാനിനെ ബലാത്സംഗം ചെയ്യുകയും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്ത് മൂന്ന് വർഷത്തിന് ശേഷമാണ് ഡോൺ ആഷ്വർത്തിനെ ഇയാള്‍ കൊല്ലുന്നത്. 5,000 പുരുഷന്മാരുടെ ഡിഎൻഎ പ്രൊഫൈലിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ വിശാലമായ പരിശോധനയ്ക്ക് ശേഷമാണ് ഇയാള്‍ പിടിക്കപ്പെട്ടത്.

1988 ജനുവരിയിലാണ് രണ്ട് കൊലപാതകങ്ങളിലും ഇയാള്‍ പ്രതിയാണ് എന്ന് സ്ഥിരീകരിക്കപ്പെടുന്നതും ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നതും. ഈ വർഷം ആദ്യം ഒരു വാദം കേട്ടതിനു ശേഷം, പരോൾ ബോർഡ് നിബന്ധനകൾക്ക് വിധേയമായി,  ഇയാളെ ജയിലിൽ നിന്ന് മോചിപ്പിക്കാമെന്ന് അറിയിക്കുകയായിരുന്നു. 

ഈ തീരുമാനത്തെ നിരവധി എംപിമാരും ഇരകളുടെ കുടുംബാംഗങ്ങളും എതിര്‍ത്തു. യുക്തിരഹിതമായ തീരുമാനം എന്നാണ് ഇവര്‍ അതിനെ വിശേഷിപ്പിച്ചത്. എന്നാൽ, ജൂലൈയിൽ ഒരു ജഡ്ജിയുടെ നേതൃത്വത്തിലുള്ള അവലോകനം ഇത് തള്ളിക്കളഞ്ഞു. ഒരു മന്ത്രാലയ വക്താവ് പറഞ്ഞത്: പരോൾ ബോർഡിന്റെ കോളിൻ പിച്ച്ഫോർക്കിനെ വിട്ടയക്കാനുള്ള തീരുമാനത്തെ തുടർന്ന് ലിൻഡ മാൻ, ഡോൺ ആഷ്വർത്ത് എന്നിവരുടെ കുടുംബങ്ങളോട് ഞങ്ങളുടെ സഹതാപം നിലനിൽക്കുന്നു എന്നാണ്.  

"പൊതു സുരക്ഷയാണ് ഞങ്ങളുടെ മുൻ‌ഗണന, അതിനാലാണ് അയാള്‍ നിശ്ചയിച്ചിട്ടുള്ള ചില കർശനമായ വ്യവസ്ഥകൾക്ക് വിധേയമാകുന്നത്, കൂടാതെ ജീവിതകാലം മുഴുവൻ ഇയാള്‍ മേൽനോട്ടത്തിൽ തുടരും." എന്നും അവർ പറയുന്നു.

നിയുക്ത വിലാസത്തിൽ താമസിക്കുക, പ്രൊബേഷൻ മേൽനോട്ടത്തിൽ പങ്കെടുക്കുക, ഇലക്ട്രോണിക് ടാഗ് ധരിക്കുക, നുണപരിശോധന ടെസ്റ്റുകളിൽ പങ്കെടുക്കുക, ഉപയോഗിക്കുന്ന വാഹനങ്ങൾ, ആരോടാണ് സംസാരിക്കുന്നത് എന്നിവ വെളിപ്പെടുത്തുക എന്നിവയെല്ലാം ബോർഡിന്റെ ലൈസൻസ് വ്യവസ്ഥകളിൽ ഉൾപ്പെടുന്നു. സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ നിയന്ത്രണങ്ങളും, അയാൾക്ക് എവിടെ പോകാം എന്നതില്‍ പരിമിതികളുമുണ്ട്. ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ലീസെസ്റ്റർഷയറിൽ പ്രവേശിക്കുന്നതിൽ നിന്ന് അയാളെ വിലക്കിയിരിക്കുകയാണ്.

കോളിൻ പിച്ച്ഫോർക്കിനെ ഇപ്പോൾ ജയിലിൽ നിന്ന് ഒരു അംഗീകൃത പരിസരത്തേക്ക് മാറ്റിയിരിക്കുകയാണ്. ഒരു നീണ്ട ശിക്ഷയ്ക്ക് ശേഷം ജയിലില്‍ നിന്നും ഇറങ്ങുന്ന കുറ്റവാളികളെ നിര്‍ത്തുന്ന ഹോസ്റ്റൽ ആണിത്. അവിടെ നിന്ന്, ഒടുവിൽ അയാൾക്ക് സ്വന്തം വീട്ടിലേക്ക് മാറാനുള്ള അവസരം ലഭിക്കും. എന്നാൽ അത് സംഭവിക്കുന്നതിന് മുമ്പ്, അയാൾ തന്റെ എല്ലാ ലൈസൻസ് വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് തെളിയിക്കണം. സമൂഹത്തിൽ അവരുടെ ശിക്ഷയുടെ ഭാഗമായ ഏതൊരാൾക്കും ഏർപ്പെടുത്തിയിട്ടുള്ള സ്റ്റാൻഡേർഡ് നിയന്ത്രണങ്ങൾക്ക് മുകളിലുള്ള 36 കർശന നിരീക്ഷണ വ്യവസ്ഥകൾക്ക് അയാള്‍ ഇപ്പോൾ വിധേയനാണ്. 

ഇതിലേതെങ്കിലും ലംഘിച്ച് കഴിഞ്ഞാല്‍ അയാളെ തിരികെ ജയിലിലേക്ക് തന്നെ വിളിക്കാം. ഇയാളെ മോചിപ്പിക്കരുത് എന്ന ആവശ്യമുയര്‍ത്തി പ്രവര്‍ത്തിച്ചവരെല്ലാം നിരാശയിലാണ്. സൌത്ത് ലെസ്റ്റർഷയർ എംപി ആല്‍ബര്‍ട്ടോ കോസ്റ്റ പറഞ്ഞത് അയാള്‍ ഇപ്പോഴും അപകടകാരിയാണ് എന്നാണ്. 

click me!