
ഈ ലോകത്തെ ആകർഷിച്ച ഒരുപാട് മനോഹരങ്ങളായ പ്രണയകഥകൾ നാം കേട്ടിട്ടുണ്ടാവും. ദമ്പതികളെന്നാൽ ഏത് പ്രതിസന്ധിയിലും ഏത് രോഗത്തിലും കരുത്തായി ഒരുമിച്ച് നിൽക്കേണ്ടവരാണ് എന്ന് നാം പറയാറുണ്ട്. നേപ്പാളിൽ നിന്നുള്ള സ്രിജനയുടെയും ബിബേക് പംഗേനിയുടെയും പ്രണയകഥയും അത്തരത്തിൽ ഒന്നാണ്. എന്നാൽ, ബിബേകിന്റെ വിയോഗമാണ് ഇപ്പോൾ സകലരേയും വേദനിപ്പിക്കുന്നത്.
സോഷ്യൽ മീഡിയയിലൂടെ ബിബേക് കാൻസറുമായി പോരാടുന്ന വിവരം പങ്കിട്ടതോടെയാണ് സോഷ്യൽ മീഡിയയിൽ ഈ ദമ്പതികളുടെ പ്രണയകഥ ശ്രദ്ധ നേടിയത്. സ്റ്റേജ് ഒന്നിലാണ് കാൻസർ തിരിച്ചറിയപ്പെട്ടതെങ്കിലും അതിവേഗം അത് സ്റ്റേജ് നാലിൽ എത്തുകയായിരുന്നു. ഒടുവിൽ, ബിബേകിന് സ്രിജനയെ തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥ വന്നു.
എന്നാൽ, അവൾ ബിബേകിനൊപ്പം തന്നെ നിന്നു. അവനെ പരിചരിച്ചുകൊണ്ടും ജീവിക്കാനുള്ള പ്രതീക്ഷ നൽകിക്കൊണ്ടും അവൾ അവനൊപ്പം തന്നെ ഉണ്ടായിരുന്നു. ആഗസ്റ്റിൽ, ബിബെക്കിൻ്റെ 32 -ാം ജന്മദിനം ആയിരുന്നു. അതിന്റെ വീഡിയോ സ്രിജന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ബലൂണുകളും പൂക്കളുമായിട്ടായിരുന്നു പിറന്നാൾ ആഘോഷിച്ചത്.
അതിൽ സ്രിജന ബിബേകിന്റെ കവിളിൽ ചുംബിക്കുന്നത് കാണാം. ഒരു നിമിഷം അവന്റെ മുഖത്തും ഒരു ചെറുപുഞ്ചിരി വിടരുന്നുണ്ട്. ബിബേക് അതിജീവിക്കുമെന്നും അവരുടെ പ്രണയം രോഗത്തെ തോല്പിക്കുമെന്നും തന്നെ എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ ബിബേക് മരണപ്പെട്ടു എന്നൊരു വാർത്ത പ്രചരിച്ച് തുടങ്ങുകയായിരുന്നു.
പിന്നീട്, നേപ്പാളിലെ ഒരു മാധ്യമം ഇത് സംബന്ധിച്ച് വാർത്തയും നൽകി. എങ്കിലും കുടുംബം ഇതുവരെയും ബിബേകിന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവനകളൊന്നും തന്നെ നൽകിയിട്ടില്ല. വിവരമറിഞ്ഞതോടെ സ്രിജനയുടെ സോഷ്യൽ മീഡിയയിൽ ആളുകൾ അവളെ ആശ്വസിപ്പിച്ചുകൊണ്ടുള്ള മെസ്സേജുകൾ പങ്കിടുകയാണ്.