ബില്‍ക്കിസ് ബാനു ഒരാള്‍ മാത്രം; ഗുജറാത്ത് കലാപത്തിനിടെ നാമറിയാതെ പോയത് ഇനിയുമെത്രയോ ബലാത്സംഗങ്ങൾ

By Web TeamFirst Published Apr 24, 2019, 12:45 PM IST
Highlights

കലാപത്തിനിടെ നൂറുകണക്കിന് യുവതികള്‍ക്ക് നേരെ കലാപകാരികള്‍ ബലാത്സംഗത്തെ ഒരു ആയുധമെന്നോണം ഉപയോഗിച്ചു. തെളിച്ചു പറഞ്ഞാല്‍ അങ്ങനെ ഉപയോഗിക്കാനുള്ള നിര്‍ദേശങ്ങള്‍ അവര്‍ക്ക് കലാപം ആസൂത്രണം ചെയ്തവരില്‍ നിന്നും കിട്ടിയിരുന്നു

2002 -ല്‍ ഗുജറാത്ത് കലാപത്തിനിടെ ബലാത്സംഗംചെയ്യപ്പെടുമ്പോള്‍ ബില്‍ക്കിസ് ബാനുവിന് പത്തൊമ്പതു വയസ്സുമാത്രമായിരുന്നു പ്രായം. മാര്‍ച്ച് മൂന്നാം തീയതി ലഹള ശക്തിപ്രാപിച്ചപ്പോള്‍, തങ്ങള്‍ക്ക് സ്വന്തം ഗ്രാമത്തില്‍ സുരക്ഷിതത്വമില്ല എന്ന് തിരിച്ചറിഞ്ഞ് ബില്‍ക്കിസ് ബാനു അടക്കമുള്ള പതിനേഴോളം പേര്‍ ഒരു ട്രക്കിലേറി ദോഹഡിലെ  രാധികാപൂര്‍ എന്ന ഗ്രാമത്തിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയായിരുന്നു. വഴിയില്‍ വെച്ച് കലാപകാരികളുടെ ഒരു സായുധസംഘം അവരെ തടഞ്ഞു. അവര്‍ വാളുകളും ത്രിശൂലങ്ങളുമായി ആ സംഘത്തിലെ പുരുഷന്മാരെ കൊന്നു തള്ളാന്‍ തുടങ്ങി. ബില്‍ക്കിസ് ബാനു അപ്പോള്‍ അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു. കൂടെ ആദ്യത്തെ കുഞ്ഞുമുണ്ടായിരുന്നു. ബാനുവിന്റെ കണ്മുന്നില്‍ വെച്ച് ആ കുഞ്ഞിനെ അവര്‍ തല തകര്‍ത്തു കൊന്നു. ബാനു കൂട്ടബലാത്സംഗത്തിനിരയായി. 

ഏറെ നേരം കഴിഞ്ഞ് ബോധം തെളിഞ്ഞപ്പോള്‍ ബാനു ഉടുതുണിയില്ലാതെ, ചോരയില്‍ കുളിച്ച് പതിനാല് ശവശരീരങ്ങള്‍ക്ക് നടുവില്‍ കിടക്കുകയായിരുന്നു.  തന്റെ കുഞ്ഞിനെ കല്ലില്‍ തലയടിച്ച് കൊന്ന ശൈലേഷ് ഭട്ടിനെ ബാനു പിന്നീട് വിചാരണയ്ക്കിടെ തിരിച്ചറിഞ്ഞിരുന്നു. ആ മലമുകളില്‍ ഭയന്നുവിറച്ച് ഏറെ നേരം ചെലവിട്ട ബാനു അവിടെയുള്ള ഒരു ആദിവാസി ഊരില്‍ അഭയം തേടി. അവര്‍ ബാനുവിനെ പരിചരിച്ചു. പിന്നീട് ധൈര്യം വീണ്ടുകിട്ടിയ ശേഷമാണ് ബില്‍ക്കിസ് ബാനു പൊലീസില്‍ പരാതിപ്പെടുന്നതും വിവരങ്ങളെല്ലാം പുറം ലോകം അറിയുന്നതും. 

ബില്‍ക്കിസ് ബാനു എന്നൊരാള്‍ മാത്രമല്ല ഗുജറാത്ത് കലാപത്തിനിടെ ബലാത്സംഗത്തിനിരയായത്. കലാപത്തിനിടെ നൂറുകണക്കിന് യുവതികള്‍ക്ക് നേരെ കലാപകാരികള്‍ ബലാത്സംഗത്തെ ഒരു ആയുധമെന്നോണം ഉപയോഗിച്ചു. തെളിച്ചു പറഞ്ഞാല്‍ അങ്ങനെ ഉപയോഗിക്കാനുള്ള നിര്‍ദേശങ്ങള്‍ അവര്‍ക്ക് കലാപം ആസൂത്രണം ചെയ്തവരില്‍ നിന്നും കിട്ടിയിരുന്നു. 

ബില്‍ക്കിസ് ബാനുവിന്റെ പരാതിയിന്മേല്‍  ആദ്യഘട്ടങ്ങളിലുള്ള ഗുജറാത്ത് പോലീസിന്റെ നിസ്സഹകരണം കൊണ്ട് അന്വേഷണം ഉപേക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ബില്‍ക്കിസ് വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. അവര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് അന്വേഷണം സിബിഐക്ക് വിടാനുള്ള ഉത്തരവ് നേടി. മാത്രവുമല്ല, സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഒഴിവാക്കാന്‍  കേസ് മഹാരാഷ്ട്രയില്‍ വിചാരണ നടത്താനും വിധിയായി. ബോംബെ ഹൈക്കോടതി ഒരു ഡോക്ടറും, ആറ്  പോലീസുകാരും അടക്കം 19  പേരെ വിചാരണ ചെയ്തു. പതിനൊന്നു പേര്‍ക്ക് മേല്‍ ചുമത്തിയ ബലാത്സംഗ, കൊലപാതക  കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടു. അവര്‍ക്ക് ജീവപര്യന്തം കഠിനതടവ് ശിക്ഷ കിട്ടി. ഒരു ഡോക്ടറും അഞ്ചു പോലീസുകാരും  കൃത്യവിലോപത്തിനും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനും ശിക്ഷിക്കപ്പെട്ടു. 

ഇന്നും കേസുമായി ബന്ധപ്പെട്ട നൂലാമാലകളുമായി ഉഴലുകയാണ് ബില്‍ക്കിസ് ബാനുവും ഭര്‍ത്താവ്  യാക്കൂബ് റസൂല്‍ ഖാനും അവരുടെ നാലു മക്കളും. കഴിഞ്ഞ പതിനാറു വര്‍ഷങ്ങള്‍ക്കിടെ ഇരുപതുവട്ടമെങ്കിലും അവര്‍ക്ക് വാടക വീടുകള്‍ മാറേണ്ടി വന്നിട്ടുണ്ട്. സ്വന്തം ജീവിതങ്ങളെ കേസിന്റെ വിചാരണ നടക്കുന്ന മുംബൈയിലേക്ക് പറിച്ചു നടേണ്ടി വന്നു അവര്‍ക്ക്. അവര്‍ തന്റെ ജീവിതത്തിലെ പ്രധാന സംഘവങ്ങളെയെല്ലാം അടയാളപ്പെടുത്തുന്നത് കോടതി ഉത്തരവുകളുമായി  ബന്ധപ്പെട്ടാണ്. മൂത്ത കുട്ടി പിറക്കുന്നത് അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന കാലത്താണ്. രണ്ടാമത്തെ കുട്ടി ജനിച്ചത് അന്വേഷണം കോടതി സിബിഐക്ക് വിട്ടുകൊണ്ട് വിധി പുറപ്പെടുവിക്കുമ്പോഴാണ്. മൂന്നാമത്തെ മകന്‍ ജനിക്കുന്നത് സെഷന്‍സ് കോടതി വിധി വരുമ്പോഴും. 

ഗുജറാത്ത് കലാപകാലത്ത് ബലാത്സംഗത്തിന് ഇരയായ പല സ്ത്രീകളും കുടുംബത്തിനുണ്ടായേക്കാവുന്ന മാനഹാനിയുടെ പേരില്‍ അതിന്റെ പേരിലുള്ള മനോപീഡകള്‍ കടിച്ചമര്‍ത്താന്‍ നിര്‍ബന്ധിതരായി. എന്നാല്‍, ബില്‍ക്കിസ് ബാനു എന്ന ധീരയായ യുവതി, തോറ്റുകൊടുക്കാനും, തന്റെ കുടുംബാംഗങ്ങളെ കണ്മുന്നില്‍ അരിഞ്ഞിട്ടവരോട്, ഗര്‍ഭിണിയായ തന്നെ ബലാത്സംഗം ചെയ്തവരോട്, പൊറുക്കാന്‍ തയ്യാറാവാതിരുന്നതുകൊണ്ടു മാത്രം  ഗുജറാത്ത് കലാപത്തിന്റെ ഭീകരമായ മുഖത്തെപ്പറ്റി ലോകമറിഞ്ഞു. 

 ബില്‍ക്കിസ് ബാനുവിനെ ആക്രമിച്ച കലാപകാരികള്‍ ഇന്ന് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുകൊണ്ട് ഇരുമ്പഴിക്കുള്ളിലാണ്. അതേ  കേസില്‍ സംസ്ഥാന സര്‍ക്കാരിനോട് രണ്ടാഴ്ചയ്ക്കകം അമ്പത് ലക്ഷം രൂപ ബില്‍ക്കിസ് ബാനുവിന് നഷ്ടപരിഹാരമായി നല്‍കണം എന്ന് ഉത്തരവിട്ടിരിക്കുകയാണ് സുപ്രീം കോടതി ഇന്നലെ. കലാപത്തിനിടെ ബാനു അനുഭവിച്ച ദുരിതങ്ങള്‍ക്കുള്ള നഷ്ടപരിഹാരമായി അവര്‍ക്ക് നിയമാനുസൃതമുള്ള ഒരു സര്‍ക്കാര്‍ ജോലിയും താമസ സൗകര്യങ്ങളും അനുവദിച്ചുനല്‍കണം എന്നാണ് കോടതിയുടെ നിര്‍ദേശം. ഏറെക്കുറെ ബാനുവിന് നീതി കിട്ടി എന്നുതന്നെ പറയാം, ഒന്നും അവര്‍ അനുഭവിച്ച പീഡനങ്ങള്‍ക്ക് പരിഹാരമാവുന്നില്ല എങ്കിലും.

click me!