നാലുമക്കളിൽ മൂന്നുപേരെയും തട്ടിയെടുത്ത ബോംബ് സ്ഫോടനത്തിന് മുന്നിൽ പകച്ച് ഡാനിഷ് ശതകോടീശ്വരൻ

By Web TeamFirst Published Apr 23, 2019, 4:46 PM IST
Highlights

2,20,000 ഏക്കറോളം വരുന്ന ഭൂസ്വത്തടക്കം, അഞ്ചര ബില്യൺ പൗണ്ടിന്റെ ആസ്തിയുണ്ട് ആൻഡേഴ്‌സ് ഹോൾഷ് പോൾസൺ എന്ന ബിസിനസ് സാമ്രാജ്യ ഉടമയ്ക്ക്. ശ്രീലങ്കയിലേക്ക് അവധിക്കാലം ചെലവിടാൻ പുറപ്പെടും മുമ്പ് സ്വത്തെല്ലാം തന്റെ നാലുമക്കൾക്കുമായി വീതിച്ചു നൽകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ...

"എന്റെ കാലശേഷം എന്റെ നാലു മക്കൾ സ്കോട്ട്ലൻഡിനെ വീണ്ടും പച്ചപ്പുനിറഞ്ഞതാക്കും" -  അവധിക്കാലം ചെലവിടാൻ വേണ്ടി ശ്രീലങ്കയിലേക്ക് പുറപ്പെടും മുമ്പ്, ഡാനിഷ് ശതകോടീശ്വരനായ ആൻഡേഴ്‌സ് ഹോൾഷ് പോൾസൺ  മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണിത്. ഡാനിഷ് വംശജനായ പോൾസൺ ലോകത്തിലെതന്നെ ഏറ്റവും വലിയ ഭൂപ്രഭുക്കന്മാരിൽ ഒരാളാണ്. ജന്മനാട് ഡെന്മാർക്കാണെങ്കിലും അദ്ദേഹത്തിന്റെ ബിസിനസ് സ്ഥാപനങ്ങൾ മുഖ്യമായും സ്കോട്ലൻഡിലാണ്. ബെസ്റ്സെല്ലർ എന്ന ഒരു റീട്ടെയിൽ സ്ഥാപനം അദ്ദേഹത്തിന്റെയാണ്. അസോസ് എന്ന സ്ഥാപനത്തിലും അദ്ദേഹത്തിന് കാര്യമായ നിക്ഷേപങ്ങളുണ്ട്. ജാക്ക് ആൻഡ് ജോൺസ്, വെറോ മോഡ തുടങ്ങിയ ബുട്ടീക് ചെയിനുകളും അദ്ദേഹത്തിന്റേതാണ്.  

കഴിഞ്ഞ കുറെ വർഷങ്ങളായി അദ്ദേഹം സ്കോട്ട്ലാൻഡിൽ ഭൂമി വാങ്ങിക്കൂട്ടുകയായിരുന്നു. ഏകദേശം 2,20.000 ഏക്കർ ഭൂമിയാണ് അദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നത്. തന്റെ കൈവശമുള്ള 12  സ്റ്റേറ്റുകളിലായി പടർന്നു കിടന്നിരുന്ന ഈ ഭൂമിയിൽ, 200 വർഷം കൊണ്ട് നടപ്പിലാക്കാൻ പോന്ന 'റീ-വൈൽഡിങ്ങ്' പ്രോജക്ടായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നപദ്ധതി. സ്‌കോട്ട് ലാൻഡിൽ ആദ്യകാലങ്ങളിൽ ഉണ്ടായിരുന്ന, എന്നാൽ മനുഷ്യരുടെ ഇടപെടൽ കൊണ്ട് നാമാവശേഷമായി കാടുകളും, അരുവികളും, തണ്ണീർത്തടങ്ങളുമെല്ലാം തങ്ങൾ പുനഃസ്ഥാപിക്കും എന്നും, തങ്ങളുടെ കാലശേഷം അത് തങ്ങളുടെ മക്കൾ ഏറ്റെടുക്കും എന്നും എന്നും അദ്ദേഹം പറഞ്ഞിരുന്നു. 

1975 ൽ ഒരൊറ്റ ബുട്ടീക് സ്റ്റോറുമായി ആൻഡേഴ്‌സിന്റെ അച്ഛൻ ട്രോൾസ് തുടങ്ങിയ ബിസിനസ് മകന്റെ കാലമായപ്പോഴേക്കും പതിനയ്യായിരത്തിലധികം പേർ തൊഴിലെടുക്കുന്ന ഒരു വമ്പൻ ശ്യംഖലയായി പടർന്നു പന്തലിക്കുകയായിരുന്നു. അഞ്ചര ബില്യൺ പൗണ്ടിൽ അധികമാണ് ഇന്ന് അദ്ദേഹത്തിന്റെ ആസ്തി. 

തന്റെ സമ്പത്തുക്കളെല്ലാം നാലുമക്കൾക്കായി വീതിച്ചു നൽകാനായിരുന്നു അദ്ദേഹത്തിന്റെ പ്ലാൻ. എന്നാൽ വിധി അദ്ദേഹത്തിന്റെ നാലുമക്കളിൽ മൂന്നുപേരെയും ശ്രീലങ്കൻ സന്ദർശന വേളയിൽ അദ്ദേഹത്തിൽ നിന്നും തട്ടിയെടുത്തു. അൽമ, ആസ്ട്രിഡ്, ആഗ്നസ്, ആൽഫ്രെഡ് എന്നിങ്ങനെ നാല് മക്കളാണ് ആൻഡേഴ്‌സിനും ആനിനും. അവരിൽ ആരൊക്കെയാണ് സ്‌ഫോടനത്തിൽ മരിച്ചു പോയതെന്ന വിവരം ഇതുവരെ പുറത്തു വിട്ടിട്ടില്ല. 

മൂത്തവളായ അൽമ ഏതാനും ദിവസം മുമ്പ് ഇളയ മൂന്നു പേരുടെയും ചിത്രങ്ങൾ 'Three Bears' എന്ന കാപ്ഷനോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 

3 x små ferie basser 🐻

A post shared by ALMA STORM HOLCH POVLSEN (@almashpovlsen) on Apr 17, 2019 at 7:45am PDT

ശ്രീലങ്കയിൽ വിദേശ സന്ദർശകരെയും ക്രിസ്തുമതവിശ്വാസികളെയും ലക്ഷ്യമിട്ടു നടന്ന സ്ഫോടന പരമ്പരയിൽ  പള്ളികളും പഞ്ചനക്ഷത്ര ഹോട്ടലുകളായ ഷാൻഗ്രിലാ, കിങ്‌സ്‌ബെറി, സിന്നമൺ ഗ്രാൻഡ് എന്നിവയുമാണ്  പ്രധാനമായും സ്ഫോടനങ്ങൾക്കിരയായത്.  ആൻഡേഴ്‌സിന്റെ ബിസിനസ് സ്ഥാപനമായ ബെസ്റ്റ്  സെല്ലറിന്റെ ഹെഡ് ക്വാർട്ടേഴ്സിന് മുന്നിൽ ആ കുഞ്ഞുങ്ങളുടെ വിയോഗത്തിൽ അനുശോചിച്ചുകൊണ്ടുള്ള പുഷ്പങ്ങളും മെഴുകുതിരികളും അർപ്പിക്കുകയാണ് കണ്ണീരോടെ നാട്ടുകാർ.

click me!