Albert Keshet : പഞ്ചസാര നിറച്ച ഒരു വളഞ്ഞ സ്പൂണിന്റെ ആകൃതിയിൽ പക്ഷിക്കൂട്ടം, വൈറലായി ചിത്രം

Published : Jan 04, 2022, 01:04 PM IST
Albert Keshet : പഞ്ചസാര നിറച്ച ഒരു വളഞ്ഞ സ്പൂണിന്റെ ആകൃതിയിൽ പക്ഷിക്കൂട്ടം, വൈറലായി ചിത്രം

Synopsis

സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് ശേഷം, അദ്ദേഹത്തിന് ആളുകളിൽ നിന്ന് സന്ദേശങ്ങളുടെ പ്രവാഹമാണ്. പലർക്കും അത്ഭുതമാണ് ചിത്രങ്ങൾ കണ്ടിട്ട്. 

ആകാശത്ത് ചടുലമായി ചിറകുകൾ വിരിച്ച് പക്ഷി(Bird)കൾ കൂട്ടത്തോടെ പറക്കുമ്പോൾ, അവ അറിയാതെ തന്നെ ചില രൂപങ്ങളും ഉണ്ടാക്കുന്നു. ചിലപ്പോൾ ഒരാളുടെ മുഖമാവാം, ഇല്ലെങ്കിൽ ഒരു ജീവിയാകാം. ഇപ്പോൾ അതുപോലെ പഞ്ചസാര നിറച്ച ഒരു സ്പൂണിന്റെ ആകൃതിയിൽ രൂപപ്പെട്ട ഒരു പക്ഷിക്കൂട്ടത്തിന്റെ ശ്രദ്ധേയമായ ചിത്രമാണ് പുറത്ത് വരുന്നത്. ഇസ്രായേലി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ആൽബർട്ട് കെഷെറ്റാ(Albert Keshet)ണ് ഈ അപൂർവ ചിത്രം എടുത്തത്.  

ആയിരക്കണക്കിന് പക്ഷികൾ കൂട്ടത്തോടെ പറക്കുകയും കുതിക്കുകയും ചെയ്യുമ്പോൾ സംഭവിക്കുന്ന ആ ഒരു നിമിഷത്തെയാണ് അദ്ദേഹം തന്റെ ക്യാമറയിൽ ഒപ്പിയെടുത്തത്. ഒരു വലിയ കൂട്ടം പക്ഷികൾ, ഒരുമിച്ച് ഒരേ ദിശയിലേക്ക് പറക്കുന്ന ഈ പ്രതിഭാസത്തെ മർമറേഷൻ എന്നാണ് പറയുന്നത്. സ്റ്റെർലിങ് പക്ഷികളാണ് സാധാരണയായി ഇങ്ങനെ പറക്കുന്നത്. അതുപോലെ പക്ഷിക്കൂട്ടം ചേരുമ്പോൾ സ്പൂൺ വളയുന്നതായി തോന്നിക്കുന്ന മറ്റൊരു ചിത്രവും അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

അതേസമയം ആൽബർട്ട് ഈ ചിത്രം പകർത്താൻ ഉദ്ദേശിച്ചായിരുന്നില്ല അവിടെ എത്തിയത്. വടക്കൻ ജോർദാൻ താഴ്‌വരയിലെ ഒരു സ്ഥലത്ത് കാട്ടുചെടികളുടെയും പക്ഷികളുടെയും ചിത്രമെടുക്കാനായിരുന്നു അദ്ദേഹം അതിരാവിലെ തന്നെ എത്തിയത്. അപ്പോഴാണ് തീർത്തും അപ്രതീക്ഷിതമായി ഈ അത്ഭുതപ്പെടുത്തുന്ന പ്രതിഭാസം കാണാൻ ഇടയായത്. "ഞാൻ പക്ഷികളെ തേടി താഴ്‌വരയിൽ പോയി. അപ്പോഴാണ് സ്റ്റെർലിങിന്റെ കൂട്ടത്തെ ഞാൻ കണ്ടത്. ആറ് മണിക്കൂറുകളോളം ഞാൻ അവിടെ ചെലവഴിച്ചു. മനോഹരമായ ചിത്രങ്ങൾ പകർത്തുന്നതിനായി അവയെ ഞാൻ കുറേനേരം നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്തു" അദ്ദേഹം ബിബിസിയോട് പറഞ്ഞു.

സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് ശേഷം, അദ്ദേഹത്തിന് ആളുകളിൽ നിന്ന് സന്ദേശങ്ങളുടെ പ്രവാഹമാണ്. പലർക്കും അത്ഭുതമാണ് ചിത്രങ്ങൾ കണ്ടിട്ട്. ഇത് പ്രശസ്ത ഇസ്രയേലി സ്പൂൺ ബെൻഡർ യുറി ഗെല്ലറുടെ ശ്രദ്ധയും ആകർഷിച്ചു. ഇസ്രയേലി ജാലവിദ്യക്കാരനും ടെലവിഷൻ പ്രകടനക്കാരനുമായ യുറി ഗെല്ലർ മനസ്സിന്റെ ശക്തികൊണ്ട് സ്പൂണുകൾ വളയ്ക്കുന്നതിൽ പേരുകേട്ടയാളാണ്. ചിത്രങ്ങൾ കണ്ട് ഇഷ്ടപ്പെട്ട് സന്ദേശം അയച്ചവരുടെ കൂട്ടത്തിൽ അദ്ദേഹവുമുണ്ടായിരുന്നു. അദ്ദേഹം അതിനെ അത്ഭുതകരമായ അദ്വിതീയ നിമിഷമെന്നും, തന്റെ ജന്മദിനത്തിനുള്ള സമ്മാനമെന്നും വിളിച്ചു. ദിവസങ്ങൾക്ക് മുമ്പായിരുന്നു അദ്ദേഹത്തിന്റെ 75 -ാം ജന്മദിനം. തുടർന്ന്, അദ്ദേഹം ആ ചിത്രം തന്റെ മ്യൂസിയത്തിൽ ഫ്രെയിം ചെയ്ത് സൂക്ഷിക്കുകയും ചെയ്തു.  

കഴിഞ്ഞ പത്ത് വർഷത്തെ ജീവിതത്തിൽ താൻ കണ്ട ഏറ്റവും അപൂർവമായ കാഴ്ചകളിൽ ഒന്നാണ് ഇതെന്നാണ് ആൽബർട്ട് പറയുന്നത്. "ആകാശത്തേക്ക് പറന്നുയരുന്നതോടെ പക്ഷിക്കൂട്ടം അവയുടെ ഈ നൃത്തം ആരംഭിക്കും. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ഏകദേശം അഞ്ച് സെക്കൻഡിനുള്ളിൽ അവ ഒരു സ്പൂണിന്റെ ആകൃതിയിൽ രൂപപ്പെട്ടു. കുറച്ച് നിമിഷങ്ങൾക്കുള്ളിൽ അവ ഒരു വളഞ്ഞ സ്പൂണിന്റെ ആകൃതിയിലേക്ക് മാറി, യുറി ഗെല്ലർ പ്രശസ്തമായത് പോലെ!" അദ്ദേഹം പറഞ്ഞു.  

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ