
കഴിഞ്ഞയാഴ്ച യുഎസ്സിൽ പൊലീസുകാരുടെ വെടിയേറ്റ് ഒരു കറുത്തവർഗ്ഗക്കാരൻ കൊല്ലപ്പെട്ടിരുന്നു. 25 -കാരനായ ജയ്‌ലാൻഡ് വാക്കറാണ് പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ജൂൺ 28 -നു രാത്രി പന്ത്രണ്ടരയ്ക്ക് ഒഹായോയിലെ അക്രോണിൽ വച്ചായിരുന്നു സംഭവം. പൊലീസ് വെടിവെച്ചിട്ട അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്ന് കണ്ടെടുത്തത് 60 -ലധികം വെടിയുണ്ടകളാണ്. പൊലീസ് അദ്ദേഹത്തിന് നേരെ വെടിയുതിർത്ത സമയം അദ്ദേഹം നിരായുധനായിരുന്നു. അതും അയാൾ ചെയ്ത തെറ്റ് ട്രാഫിക് നിയമം തെറ്റിച്ചുവെന്നതാണ്.
ഞായറാഴ്ച ഒരു വാർത്താസമ്മേളനത്തിൽ, പൊലീസ് തന്നെയാണ് പിന്തുടരലിന്റെയും വെടിവയ്പ്പിന്റെയും ക്യാമറാ ദൃശ്യങ്ങൾ പുറത്തുവിട്ടത്. നഗരത്തിലെ ട്രാഫിക് സ്റ്റോപ്പിൽ നിർത്താതെ പോയി നിയമം തെറ്റിച്ച അയാളെ പൊലീസ് തടയാൻ ശ്രമിച്ചു. എന്നിട്ടും കൂട്ടാക്കാതെ പാഞ്ഞുപോയ അയാളെ പൊലീസ് പിന്തുടർന്നു ചെന്ന് വെടിവച്ചിടുകയായിരുന്നു. സംഭവത്തിൽ പങ്കുണ്ടായിരുന്ന എട്ട് പൊലീസ് ഉദ്യോഗസ്ഥരോട് പൊലീസ് വകുപ്പ് അവധിയിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ, പൊലീസ് ഒന്നിലധികം വീഡിയോകൾ പ്ലേ ചെയ്തു. ഉദ്യോഗസ്ഥർ വാക്കർ ഓടിച്ചിരുന്ന കാർ പിന്തുടർന്നപ്പോൾ അയാൾ പൊലീസുകാർക്കെതിരെ ഒരു പ്രാവശ്യം വെടിയുതിർത്തതായി അതിൽ കാണാമായിരുന്നു. പിന്നീട് വാക്കർ ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നിന്ന് ചാടിയിറങ്ങി പൊലീസിന്റെ അടുക്കൽ നിന്ന് ഓടിപ്പോകാൻ ശ്രമിക്കുന്നതും കാണാം. ഇതിനിടയിലാണ് പൊലീസ് അയാളെ പിന്തുടർന്ന് വെടിവെച്ചിട്ടത്. വാക്കർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഇയാളുടെ കാറിൽ നിന്ന് ഒരു തോക്കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
അതേസമയം വാക്കറിന് ഏകദേശം 90 തവണ വെടിയേറ്റുവെന്നാണ് വാക്കറിന്റെ കുടുംബ അഭിഭാഷകൻ ബോബി ഡിസെല്ലോ പറയുന്നത്. "എല്ലാം ആറു സെക്കൻഡിൽ കഴിഞ്ഞു" അദ്ദേഹം പറഞ്ഞു. പ്രാഥമിക പോസ്റ്റ്‌മോർട്ടത്തിൽ അയാളുടെ ശരീരത്തിൽ നിന്ന് 60 വെടിയേറ്റ മുറിവുകളാണ് കണ്ടെത്തിയിട്ടുള്ളത്. പൊലീസിന്റെ ഈ നടപടി തീർത്തും പൈശാചികവും, ക്രൂരവുമാണെന്ന് അഭിഭാഷകൻ പറഞ്ഞു. തന്റെ 22 വർഷത്തെ കരിയറിൽ ഇതുപോലൊന്ന് താൻ മുൻപ് ഒരിക്കലും കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്കറിന്റെ മരണത്തെ തുടർന്ന് നഗരം സംഘർഷഭരിതമായി. പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷനു മുന്നിലെത്തി പ്രതിഷേധിക്കാൻ തുടങ്ങിയതോടെ സ്റ്റേഷനു ചുറ്റും പൊലീസ് ബാരിക്കേഡ് ഉയർത്തി.
അതേസമയം അയാൾ ഒരു ക്രിമിനൽ പശ്ചാത്തലമുള്ള ഒരാളോ, സ്ഥിരമായി ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന ഒരാളോ ഒന്നുമല്ല. എന്തായാലും, സംഭവത്തെ കുറിച്ച് അക്രോൺ പൊലീസ് ഡിപ്പാർട്ട്‌മെന്റും ഒഹായോ ബ്യൂറോ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനും അന്വേഷിച്ച് വരികയാണ്. യുഎസ്സിൽ വംശീയതയുടെ പേരിൽ കറുത്ത വർഗ്ഗക്കാരോട് പൊലീസ് നടത്തുന്ന ക്രൂരതയുടെ ഒടുവിലത്തെ ഇരയാണ് വാക്കർ.