
തമിഴ്‌നാട്ടിലെ നീലഗിരിയിൽ നിന്നുള്ള ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. വന്യജീവി പ്രേമികളെ അമ്പരപ്പിച്ച ഈ വീഡിയോയിൽ ഒരു കരിമ്പുലിയും രണ്ടു പുള്ളിപ്പുലികളും ആണുള്ളത്. നീലഗിരിയിലെ ഒരു റോഡിലൂടെ രാത്രിയിൽ സവാരി നടത്തുന്ന പുലികളുടെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
29 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ ഏറെ കൗതുകത്തോടെയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഓഫീസർ പർവീൺ കസ്വാൻ ആണ് എക്‌സിൽ (ട്വിറ്റർ) വീഡിയോ ഷെയർ ചെയ്തത്.
'നീലഗിരിയിലെ റോഡുകളിൽ രാത്രി സവാരിക്കിറങ്ങിയ ബഗീരയും (ബ്ലാക്ക് പാന്തർ/ കരിമ്പുലി) സുഹൃത്തുക്കളും. അപൂർവമായ കാഴ്ച' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.
വളരെ ശാന്തമായി മൂന്നു പുലികളും റോഡിലൂടെ നടന്നു പോകുന്ന ഈ അപൂർവ കാഴ്ച ഇതിനോടകം നിരവധി ആളുകൾ കണ്ടുകഴിഞ്ഞു. തുടർന്നുള്ള മറ്റൊരു പോസ്റ്റിൽ, കരിമ്പുലികൾ ഒരു പ്രത്യേക ഇനമല്ലെന്നും മറിച്ച് സാധാരണ ഇന്ത്യൻ പുള്ളിപ്പുലിയുടെ മെലാനിസ്റ്റിക് വകഭേദങ്ങളാണെന്നും കസ്വാൻ വ്യക്തമാക്കി. മെലാനിസം എന്ന ജനിതക അവസ്ഥ കാരണമാണ് ഈ മൃഗങ്ങൾ കറുത്തതായി കാണപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആവാസവ്യവസ്ഥയുടെ പ്രശ്നങ്ങൾ, വേട്ടയാടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയ ഭീഷണികൾ അവ നേരിടുന്നതിനാൽ, സംരക്ഷണ ശ്രമങ്ങൾ അവയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ രസകരമായ നിരവധി പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. ഒരു ഉപയോക്താവ് കുറിച്ചത്, 'അവർ ഷേർ ഖാനെ തിരയുകയാണ്' എന്നായിരുന്നു. 'മൗഗ്ലിയിലെ ബഗീരയെ ഞാൻ ഓർക്കുന്നു' എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.