
കിഴക്കൻ ചൈനയിൽ നിന്നുള്ള ഒരു യുവ നീന്തൽ പരിശീലകനാണ് ഇപ്പോൾ ചൈനയിലെ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുന്നത്. യുവാവിന്റെ നീന്തൽ പരിശീലിപ്പിക്കുന്നതിലെ രീതികൾ കൊണ്ടോ, കഴിവുകൾ കൊണ്ടോ മാത്രമല്ല അത്. ആളൊരു സുന്ദരനാണ്. പോരാത്തതിന് ഹോട്ടാണ് ഫിറ്റാണ് എന്നാണ് ആളുകളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ അഭിപ്രായം. അതോടെ കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നതിനായി പരിശീലകന്റെ അടുത്തേക്ക് അമ്മമാരുടെ ഒഴുക്കാണത്രെ.
ജൂലൈ മുതലാണ് നീന്തൽ പരിശീലകനായ യുവാവിന്റെ നിരവധി വീഡിയോകൾ ഓൺലൈനിൽ പ്രചരിക്കാൻ തുടങ്ങിയത്. ഹാങ്‌ഷൗ ചെൻജിംഗ്ലുൻ സ്‌പോർട്‌സ് സ്‌കൂളിലാണ് ഇയാൾ കുട്ടികളെ നീന്തൽ പരിശീലിപ്പിക്കുന്നത്. യുവാവ് കുട്ടികളെ ഇവിടെ വച്ച് നീന്തൽ പരിശീലിപ്പിക്കുന്ന വിവിധ വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.
മിക്ക വീഡിയോകളും ഇവിടെ പരിശീലനത്തിനെത്തുന്ന കുട്ടികളുടെ അമ്മമാർ തന്നെ എടുത്ത് പോസ്റ്റ് ചെയ്‌തതാണ്. തിളങ്ങുന്ന സ്വിമ്മിംഗ് സ്യൂട്ട് ധരിച്ചും, ഷർട്ടില്ലാതെയും ഒക്കെ പ്രത്യക്ഷപ്പെടുന്ന യുവാവിന്റെ ചിത്രങ്ങൾ വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്.
ചെൻ എന്നാണ് യുവാവിന്റെ സർനെയിം. ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയ ചെൻ അടുത്തിടെയാണ് നാൻജിംഗ് സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നത്. പഠിക്കുമ്പോൾ തന്നെ ജൂനിയർ പരിശീലകനായി പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്നു ചെൻ. നാലിനും അഞ്ചിനും ഇടയിൽ പ്രായമുള്ള ഇരുപതോളം കുട്ടികൾക്കാണത്രെ ചെൻ പരിശീലനം നൽകുന്നത്.
നീന്തലിൽ പ്രശസ്തരായ സൺ യാങ്, ചെൻ യൂഫെയ് എന്നിവരെപ്പോലുള്ള മികച്ച കായികതാരങ്ങളെ സൃഷ്ടിച്ചതിന് പേരുകേട്ട സ്ഥാപനമാണ് ഹാങ്‌ഷൗ ചെൻജിംഗ്ലുൻ സ്‌പോർട്‌സ് സ്‌കൂൾ. ഈ വേനൽക്കാലത്ത് മാത്രം ഇവിടെ ഏകദേശം 800 കുട്ടികൾ നീന്തൽ ക്ലാസിൽ ചേർന്നതായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ കോച്ച് ചെൻ ആണ് അപ്രതീക്ഷിതമായി ഇപ്പോൾ താരമായി മാറിയിരിക്കുന്നത്.