കാഴ്ചക്കാരുടെ കണ്ണിലുണ്ണി പക്ഷേ, സ്വന്തക്കാരുടെ ശത്രു; ഒടുവില്‍ 'മിസ്റ്റർ ടെർമിനേറ്ററെ' ഒഴിപ്പിച്ചു

Published : Oct 04, 2025, 03:13 PM IST
Black Swan Named Mr Terminator

Synopsis

സ്ട്രാറ്റ്‌ഫോർഡിൽ വിനോദസഞ്ചാരികളുടെ പ്രിയങ്കരനായിരുന്ന 'റെഗ്ഗി' എന്ന കറുത്ത അരയന്നം, തദ്ദേശീയ അരയന്നങ്ങളെ ആക്രമിക്കാൻ തുടങ്ങിയതോടെ 'മിസ്റ്റർ ടെർമിനേറ്റർ' എന്നറിയപ്പെട്ടു. മറ്റ് അരയന്നങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായതോടെ, റെഗ്ഗിയെ മാറ്റാൻ തീരുമാനിച്ചു. 

 

കദേശം ഒൻപത് മാസം മുൻപാണ് 'റെഗ്ഗി' എന്ന കറുത്ത അരയന്നം സ്ട്രാറ്റ്‌ഫോർഡിൽ എത്തുന്നത്. നഗരത്തിൽ സാധാരണയായി കാണുന്ന നിശബ്ദ അരയന്നങ്ങളിൽ (Mute Swans) നിന്ന് വ്യത്യസ്തമായി, ആകർഷകമായ കറുത്ത നിറം കാരണം റെഗ്ഗി വളരെ പെട്ടെന്ന് തന്നെ നാട്ടുകാരുടെയും വിനോദ സഞ്ചാരികളുടെയും ശ്രദ്ധ പിടിച്ചുപറ്റി. വില്യം ഷേക്സ്പിയറിനെ കാണാനെത്തുന്നതിനെക്കാൾ കൂടുതൽ ആളുകൾ ഈ കറുത്ത അരയന്നത്തെ കാണാൻ എത്തുന്നുണ്ടെന്നാണ് 40 വർഷത്തിലേറെയായി നഗരത്തിലെ അരയന്നങ്ങളെ പരിപാലിക്കുന്ന സ്വാൻ വാർഡൻ, സിറിൽ ബെന്നിസ് പറയുന്നത്. 'പുറത്തുനിന്നുള്ള' ഒരു അരയന്നം എന്ന നിലയിൽ റെഗ്ഗി ഒരു കൗതുകമായിരുന്നു. ഈ അരയന്നത്തിന് നാട്ടുകാർ നൽകിയ പേരാണ് റെഗ്ഗി (Reggie). എന്നാൽ, അത് കാട്ടിക്കൂട്ടിയ ആക്രമണ സ്വഭാവം കാരണം 'മിസ്റ്റർ ടെർമിനേറ്റർ' എന്നാണ് ഇപ്പോഴത്തെ വിളിപ്പേര്.

മിസ്റ്റർ ടെർമിനേറ്റർ

ആരംഭത്തിൽ ഒരു കൗതുകമായിരുന്ന റെഗ്ഗി, താമസിയാതെ നാട്ടിലെ അരയന്നങ്ങൾക്ക് ഒരു ശല്യക്കാരനായി മാറി. റെഗ്ഗി തദ്ദേശീയരായ നിശബ്ദ അരയന്നങ്ങൾ കൂടുകെട്ടുന്നതിലും അവരുടെ അതിർത്തി ക്രമീകരണങ്ങളിലും ഇടപെടാൻ തുടങ്ങി. ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലൊന്ന് ഒരു അരയന്ന കുടുംബത്തിന് നേരെയുണ്ടായ ആക്രമണമായിരുന്നു. ബെന്നിസ് പറയുന്നതനുസരുച്ച്, റെഗ്ഗി ആൺ അരയന്നത്തെയും അതിന്‍റെ കുഞ്ഞ് അരയന്നത്തെയും ആക്രമിക്കുകയും അവിടെ നിന്ന് ഓടിക്കുകയും പെൺ അരയന്നത്തിന്‍റെ നിയന്ത്രമ മേഖല പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തു.

 

 

മാറ്റാന്‍ തീരുമാനം

ഇതുകൂടാതെ, ചില നിശബ്ദ അരയന്നങ്ങളെ വെള്ളത്തിൽ മുക്കി കൊല്ലാൻ പോലും റെഗ്ഗി ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. നഗരത്തിലെ 60 ഓളം വരുന്ന തദ്ദേശീയ അരയന്നങ്ങളുടെ സുരക്ഷയെയും സ്വാഭാവിക പെരുമാറ്റത്തെയും റെ​ഗ്​ഗിയുടെ ഇടപെടൽ ബാധിച്ചതോടെ അധികൃതർ ആശങ്കയിലായി. പ്രശ്നങ്ങൾ വർദ്ധിച്ചതോടെ, റെഗ്ഗിയെ നഗരത്തിലെ ജലാശയങ്ങളിൽ തുടരാൻ അനുവദിച്ചുകൂടായെന്ന് ബെന്നിസും പ്രാദേശിക അധികൃതരും തീരുമാനിച്ചു. റെഗ്ഗി പലർക്കും പ്രിയങ്കരനായിരുന്നെങ്കിലും, മറ്റ് അരയന്നങ്ങളുടെ ക്ഷേമത്തിന് ഭീഷണിയായതിനാൽ ഈ തീരുമാനം അനിവാര്യമാണ് എന്നാണ് ബെന്നിസ് പറയുന്നത്.

സെപ്റ്റംബർ 30-ന് ബെന്നിസ്, റെഗ്ഗിയെ പിടികൂടി. റെഗ്ഗിയെ ശാന്തനാക്കി ഒരു താൽക്കാലിക സുരക്ഷാകേന്ദ്രത്തിലേക്ക് മാറ്റുന്ന പ്രക്രിയ ശ്രമകരമായിരുന്നുവെന്നാണ് ബെന്നിസ് പറയുന്നത്. താൽക്കാലികമായി ഒരു പാർക്കിൽ പാർപ്പിച്ചിരിക്കുന്ന റെഗ്ഗിയെ ഡാവിഷ് വാട്ടർഫൗൾ സെന്‍ററിലേക്ക് (Dawlish Waterfowl Centre) മാറ്റാനാണ് നിലവിലെ തീരുമാനം. റെഗ്ഗിയെ ഒഴിപ്പിച്ചതോടെ ഏവോൺ നദിയിലെ നിശബ്ദ അരയന്നങ്ങൾ ശാന്തമായ പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. റെഗ്ഗി പോയതിൽ ചിലർക്ക് ദുഃഖമുണ്ടെങ്കിലും, തദ്ദേശീയ അരയന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഈ തീരുമാനം ആവശ്യമായിരുന്നുവന്ന കാര്യത്തിൽ എതിർ അഭിപ്രായമില്ല.

PREV
Read more Articles on
click me!

Recommended Stories

യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?