90 വയസായ മുത്തശ്ശിക്ക് രാത്രി ശ്വാസതടസം, വിളിച്ചപ്പോള്‍ ബ്ലിങ്കിറ്റ് ആംബുലൻസ് പാഞ്ഞെത്തി, വൈറലായി പോസ്റ്റ്

Published : Feb 19, 2026, 08:45 PM IST
 Ambulance

Synopsis

അർദ്ധരാത്രിയിൽ ശ്വാസതടസ്സം നേരിട്ട 90 വയസ്സുകാരിയായ മുത്തശ്ശിക്ക് 'ബ്ലിങ്കിറ്റ്' ആംബുലൻസ് സർവീസ് തുണയായി. റെഡ്ഡിറ്റിൽ വൈറലായി മാറി പോസ്റ്റ്.

ബ്ലിങ്കിറ്റിന്റെ ആംബുലൻസ് സർവീസിനെ കുറിച്ചുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇതും. ഒരു യുവാവാണ് തന്റെ മുത്തശ്ശിക്ക് വയ്യാതായപ്പോഴുണ്ടായ അനുഭവം പങ്കുവച്ചിരിക്കുന്നത്. ഫെബ്രുവരി 14 -ന് രാത്രിയിലാണ് ഗുരുഗ്രാം സ്വദേശിയായ യുവാവിന്റെ 90 വയസ്സുള്ള മുത്തശ്ശിക്ക് പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടത്. മുൻപും അസുഖങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇത്തവണ സ്ഥിതി ഗുരുതരമാണെന്ന് മനസ്സിലാക്കിയ യുവാവ് ഒട്ടും വൈകാതെ ബ്ലിങ്കിറ്റ് ആംബുലൻസ് സർവീസിനെ വിളിക്കുകയായിരുന്നു.

വിളിച്ചയുടൻ തന്നെ ഒരു പാരാമെഡിക് ജീവനക്കാരൻ തിരിച്ചുവിളിക്കുകയും 7 മുതൽ 10 മിനിറ്റിനുള്ളിൽ ആംബുലൻസ് എത്തുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. പറഞ്ഞ സമയത്തിനുള്ളിൽ തന്നെ എത്തിയ മെഡിക്കൽ സംഘം അപ്പോൾ തന്നെ വേണ്ടവിധത്തിൽ കാര്യങ്ങൾ ചെയ്തു. 81 ശതമാനത്തിലേക്ക് താഴ്ന്ന മുത്തശ്ശിയുടെ ഓക്സിജൻ നില ആംബുലൻസ് സംഘം നൽകിയ ഓക്സിജൻ സപ്പോർട്ടിലൂടെ 90 -ന് മുകളിലേക്ക് ഉയർത്താൻ സാധിച്ചു. യാത്രയിലുടനീളം ഒരു സീനിയർ ഡോക്ടറുമായി ബന്ധപ്പെട്ടുകൊണ്ട് കൃത്യമായ മെഡിക്കൽ നിർദ്ദേശങ്ങൾ പാലിച്ചാണ് സംഘം പ്രവർത്തിച്ചത്. ഏറ്റവും ശ്രദ്ധേയമായ കാര്യം, ഇത്രയും മികച്ച സേവനം തികച്ചും സൗജന്യമായാണ് ലഭിച്ചത് എന്നതാണെന്ന് യുവാവ് കുറിച്ചു.

'വെറുമൊരു നന്ദിവാക്കിലോ ഹസ്തദാനത്തിലോ ഒതുക്കാവുന്നതല്ല ഈ സഹായം. അതുകൊണ്ടാണ് ഞാൻ ഇത് പരസ്യമായി പങ്കുവെക്കുന്നത്' എന്നാണ് യുവാവ് കുറിച്ചിരിക്കുന്നത്. പോസ്റ്റ് വൈറലായതോടെ ബ്ലിങ്കിറ്റിന്റെ ആംബുലൻസ് സേവനത്തെ പുകഴ്ത്തി നിരവധി പേർ രംഗത്തെത്തി. 'എന്റെ പിതാവിന് ഹൃദയാഘാതം ഉണ്ടായപ്പോൾ മറ്റ് ആംബുലൻസുകൾ വൈകിയെങ്കിലും ബ്ലിങ്കിറ്റ് കൃത്യസമയത്തെത്തി സഹായിച്ചു' എന്ന് ഒരാൾ കമന്റ് ചെയ്തു. 'ഞാൻ ഒരു മെഡിക്കൽ പ്രൊഫഷണലാണ്. ബ്ലിങ്കിറ്റ് ആംബുലൻസ് രോഗികളെ നോക്കുന്ന രീതി വളരെ പ്രൊഫഷണലാണ്' എന്ന് മറ്റൊരാൾ സാക്ഷ്യപ്പെടുത്തി.

 

PREV
Read more Articles on
click me!

Recommended Stories

ഇതെന്താ ഇസ്തിരിയിടുമ്പോൾ കരിഞ്ഞതോ? ഈ ഷർട്ടിന് വില ഒരുലക്ഷം! വൻ ട്രോൾ
എഐ യുഗത്തിലെ 'ഡിസ്പോസിബിൾ വർക്കർ'; ഇന്ത്യൻ യുവാക്കളുടെ തൊഴിൽ ആശങ്കകൾ