ഉറങ്ങിക്കിടന്ന ധ്രുവക്കരടിയെ ബോട്ടിന്‍റെ ഹോൺ മുഴക്കി ഉണർത്തി; ബോട്ട് ജീവനക്കാരന് 4.5 ലക്ഷം രൂപ പിഴ!

Published : Aug 16, 2026, 10:27 AM IST
Polar Bears

Synopsis

നോർവേയിലെ സ്വാൽബാർഡ് ദ്വീപിൽ ഉറങ്ങിക്കിടന്ന ധ്രുവക്കരടിയെ ബോട്ടിന്റെ ഹോൺ മുഴക്കി ഉണർത്തിയ ജീവനക്കാരന് അധികൃതർ കനത്ത പിഴ ചുമത്തി. സ്വാൽബാർഡ് പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ധ്രുവക്കരടികളെ ശല്യപ്പെടുത്തുന്നത് നിയമവിരുദ്ധമായതിനാലാണ് ഏകദേശം 5 ലക്ഷം രൂപ പിഴ ഈടാക്കിയത്. വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവം.

റങ്ങിക്കിടന്ന ധ്രുവക്കരടിയെ ബോട്ടിന്‍റെ ശക്തമായ ഹോൺ മുഴക്കി ഉണർത്തിയ സംഭവത്തിൽ ബോട്ട് ജീവനക്കാരന് കനത്ത പിഴ. നോർവേയുടെ കീഴിലുള്ള സ്വാൽബാർഡ് ദ്വീപ സമൂഹത്തിലാണ് സംഭവമെന്ന് റിപ്പോർട്ടുകൾ. ഏകദേശം 50,000 നോർവീജിയൻ ക്രോണർ, അതായത് ഏകദേശം 5 ലക്ഷത്തോളം രൂപ വരെയാണ് അധികൃതർ പിഴ ചുമത്തിയത്.

ധ്രുവക്കരടികളെ ശല്യപ്പെടുത്തരുത്!

ഈ മാസം ആദ്യം സ്വാൽബാർഡിലെ ഒരു കടൽത്തീരത്ത് കൂടി ബോട്ട് സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. ഈ സമയം കരയിൽ ഒരു ധ്രുവക്കരടി വിശ്രമിക്കുന്നത് ബോട്ടിലുണ്ടായിരുന്നവർ ശ്രദ്ധിച്ചു. ധ്രുവക്കരടി എഴുന്നേറ്റ് നീങ്ങുന്നത് കാണണമെന്ന ഉദ്ദേശത്തോടെ ബോട്ട് ജീവനക്കാരിലൊരാൾ ഫോഗ്‌ഹോൺ (അതിശൈത്യ കാലാവസ്ഥയിൽ ഉപയോഗിക്കുന്ന പ്രത്യേക മുഴക്കമുള്ള ഹോണാണ് ഇത്.) മനഃപൂർവം മുഴക്കുകയായിരുന്നു. പെട്ടെന്ന് വലിയ ശബ്ദം കേട്ട് ഞെട്ടിയ ധ്രുവക്കരടി ഉറക്കത്തിൽ നിന്ന് പെട്ടെന്ന് എഴുന്നേറ്റ് മറ്റൊരു പ്രദേശത്തേക്ക് ഓടിപ്പോയി. സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെ സ്വാൽബാർഡ് ഗവർണർ ലാർസ് ഫൗസെ നിയമനടപടി സ്വീകരിച്ചു. സ്വാൽബാർഡ് പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ധ്രുവക്കരടികളെ അനാവശ്യമായി ശല്യപ്പെടുത്തുകയോ പിന്തുടരുകയോ ആകർഷിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്. കഠിനമായ കാലാവസ്ഥയിൽ ജീവിക്കുന്ന വന്യമൃഗങ്ങൾക്ക് മനുഷ്യരുടെ ഇടപെടൽ മൂലം സമ്മർദമോ സ്വാഭാവിക സ്വഭാവത്തിൽ മാറ്റമോ ഉണ്ടാകാതിരിക്കാനാണ് ഇത്തരം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

ഗുരുതര സാമ്പത്തിക പ്രത്യാഘാതം

പിഴ ചുമത്തപ്പെട്ടയാൾ തന്‍റെ നിയമലംഘനം അംഗീകരിക്കുകയും തുക അടയ്ക്കാൻ സമ്മതിക്കുകയും ചെയ്തെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം ഇയാളുടെ പേരോ പൗരത്വമോ അധികൃതർ പുറത്തുവിട്ടിട്ടില്ല. 1972 മുതൽ സ്വാൽബാർഡിൽ ധ്രുവക്കരടികൾ സംരക്ഷിത ജീവികളാണെന്നും, അവയെ ശല്യപ്പെടുത്തുന്നത് ഗുരുതര സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും സന്ദർശകർക്കും പര്യവേക്ഷണ സംഘങ്ങൾക്കും അധികൃതർ മുന്നറിയിപ്പ് നൽകി. വന്യജീവികളെ അടുത്തുനിന്ന് കാണാനുള്ള വിനോദ സഞ്ചാരികളുടെ ആഗ്രഹം പലപ്പോഴും ഇത്തരം സംഭവങ്ങൾക്ക് കാരണമാകാറുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. 2024 -ൽ വാൽറസിനോട് അമിതമായി അടുത്തെത്തിയ ഒരു വിനോദസഞ്ചാരിക്കും അധികൃതർ 11,500 നോർവീജിയൻ ക്രോണർ (ഏകദേശം ഒരു ലക്ഷത്തോളം രൂപ) പിഴ ചുമത്തിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'വരന് വേണ്ടി ബാൽക്കണിയിൽ നിന്ന് പന്തെറിഞ്ഞ് വധു'; ചൈനയിൽ വധുക്കളുടെ തെരെഞ്ഞെടുപ്പായി മാറുന്ന വിവാഹ ട്രെന്‍റ്, പക്ഷേ ചരിത്രം മറ്റൊന്നെന്ന് വിദഗ്ദർ
ആരാണ് 'പ്രീ-മേഡ് ചിൽഡ്രൻ'? ചൈനീസ് സോഷ്യൽ മീഡിയയിൽ വിവാദമായി കുട്ടികളുടെ അവധിക്കാല പഠനം