നിറയെ മൃതദേഹങ്ങളുമായി ജപ്പാന്‍ തീരത്തടിയുന്ന 'പ്രേത ബോട്ടു'കള്‍, പിന്നിലാരാണ്?

By Web TeamFirst Published Jan 1, 2020, 4:43 PM IST
Highlights

ഈ പ്രേത ബോട്ടുകളുടെയെല്ലാം കാര്യത്തില്‍ ഉത്തരവാദിത്തം ഉത്തരകൊറിയയുടെ തലയിലാണ് ചാര്‍ത്തപ്പെടുന്നത്. എന്നാല്‍, ജപ്പാന് ഇതില്‍ പ്രത്യേകിച്ച് നടപടിയൊന്നും സ്വീകരിക്കാനാവുന്നില്ല. 

കഴിഞ്ഞ വെള്ളിയാഴ്‍ചയാണ് ഏഴ് മൃതദേഹങ്ങളുമായി ജപ്പാന്‍റെ തീരത്ത് ഒരു പ്രേതബോട്ട് അടിഞ്ഞത്. ജപ്പാനിലിത് ആദ്യമായൊന്നുമല്ല പ്രേതബോട്ടുകളടിയുന്നത്. എത്രയോ തവണ മൃതദേഹങ്ങളുമായി ഇവിടെ ഇതുപോലെ ബോട്ടുകളെത്തിയിട്ടുണ്ട്. അതിനാല്‍ത്തന്നെ ഓരോ ബോട്ട് തീരത്തെത്തുമ്പോഴും ജപ്പാന് പേടിയാണ്, പ്രേതബോട്ടുകളാണോ ഇതെന്ന പേടി. ഈ പ്രേത ബോട്ടുകളിലെല്ലാം പലതരത്തിലുള്ള മൃതദേഹങ്ങളാണുണ്ടാവുക.

പ്രേത ബോട്ട് (Ghost boat) ഇങ്ങനെ തീരത്തെത്തി തുടങ്ങിയതോടെ ഈ പ്രേതബോട്ടുകളുടെ കണക്കെടുത്തു തുടങ്ങി ജപ്പാന്‍. കണക്കനുസരിച്ച് 2017 -ല്‍ മാത്രം 104 പ്രേത ബോട്ടുകളാണ് ജപ്പാന്‍റെ തീരത്തെത്തിയത്. വെള്ളിയാഴ്‍ച ജപ്പാനിലെ സഡോ ദ്വീപിലാണ് ഏഴ് മൃതദേഹങ്ങളുമായി കപ്പലെത്തിച്ചേര്‍ന്നത്. ഉത്തരകൊറിയയില്‍നിന്നും 900 കിലോമീറ്റര്‍ മാറിയാണ് ഈ സഡോ ദ്വീപ്. തീരസംക്ഷണസേന കണ്ടെത്തിയ ബോട്ടിലെ ഏഴ് മൃതദേഹങ്ങളില്‍ രണ്ട് മൃതദേഹങ്ങള്‍ ഉടലും തലയും വേര്‍പ്പട്ട നിലയിലായിരുന്നു. അഞ്ച് മൃതദേഹങ്ങള്‍ പുരുഷന്മാരുടേതാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മാത്രവുമല്ല, ഇവയെല്ലാം ചീഞ്ഞളിഞ്ഞിരുന്നു. മൃതദേഹങ്ങളും വഹിച്ചെത്തിയ ബോട്ടിന് സാരമായിത്തന്നെ കേടുപാട് പറ്റിയിട്ടുണ്ട്. ബോട്ടില്‍ കൊറിയന്‍ അക്ഷരങ്ങളും സംഖ്യകളും പെയിന്‍റ് ചെയ്‍തിട്ടുണ്ടായിരുന്നു. അതിനാല്‍ത്തന്നെ അത് ഉത്തരകൊറിയയില്‍ നിന്നുള്ള ബോട്ടാണെന്നാണ് കരുതപ്പെടുന്നത്. ഉത്തരകൊറിയയുടേതെന്ന് സൂചന കിട്ടിയിട്ടുള്ള പല ബോട്ടുകളും ഇതുപോലെ ജപ്പാന്‍ തീരത്ത് നേരത്തെ അടിഞ്ഞിട്ടുണ്ട്.

എന്തുകൊണ്ട് പ്രേത ബോട്ടുകള്‍? 

ഈ പ്രേത ബോട്ടുകളുടെയെല്ലാം കാര്യത്തില്‍ ഉത്തരവാദിത്തം ഉത്തരകൊറിയയുടെ തലയിലാണ് ചാര്‍ത്തപ്പെടുന്നത്. എന്നാല്‍, ജപ്പാന് ഇതില്‍ പ്രത്യേകിച്ച് നടപടിയൊന്നും സ്വീകരിക്കാനാവുന്നില്ല. കാരണം അത്രയേറെ നല്ലതല്ല ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം. കഴിഞ്ഞ വര്‍ഷം കിം ജോങ് ഉന്‍ കിഴക്കന്‍ തീരത്തുണ്ടായിരുന്ന സുരക്ഷാസനേയുടെ പ്രവര്‍ത്തനങ്ങളില്‍ അയവ് വരുത്തിയിരുന്നു. ഈ വഴിയിലൂടെയാണ് പലരും രാജ്യത്തുനിന്നും പുറത്തേക്ക് പോയിരുന്നത്. എന്നാല്‍ പ്രതീക്ഷിക്കാതെ പലരും തീരസംരക്ഷണസേനയുടെ കൈകളിലുമാവും. ഇങ്ങനെ പിടിയിലാവുന്നവരെ കഴുത്തുവെട്ടിമാറ്റുകയോ കടലില്‍ മുക്കിക്കൊല്ലുകയോ ആണ് ചെയ്യാറ്. തീര്‍ന്നില്ല, മത്സ്യത്തൊഴിലാളികളും ഇങ്ങനെ കടലില്‍ക്കിടന്നു മരിക്കുന്നുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചാകരക്കാലമാകുമ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്രയും മത്സ്യം കൊണ്ടുവരാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരാകും. അത്ര മത്സ്യം കിട്ടിയില്ലെങ്കിലാകട്ടെ അവര്‍ തിരികെ കടലിലേക്ക് തന്നെ അയക്കപ്പെടും. ഉള്‍ക്കടലിലെത്തുന്ന മത്സ്യത്തൊഴിലാളികള്‍ ഭക്ഷണമോ വെള്ളമോ കിട്ടാതെ മരിക്കാറുമുണ്ട്. 

ഏതായാലും പ്രേത ബോട്ടുകളുടെ കാര്യത്തിലുള്ള ആശങ്ക മാത്രമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ ഒരുങ്ങുകയാണ് ജപ്പാന്‍ സര്‍ക്കാര്‍. 

click me!