നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഇന്ത്യക്കാര്‍ ഓസ്ട്രേലിയയിലെത്തി താമസമാക്കി? എങ്ങനെ?

By Web TeamFirst Published Jan 1, 2020, 1:31 PM IST
Highlights

ഓസ്ട്രേലിയയിൽ ഇന്ത്യക്കാര്‍ എത്തിയ സമയത്തുതന്നെ, ഭക്ഷണം ശേഖരിക്കുകയും പാചകം ചെയ്യുകയും ചെയ്യുന്ന രീതി എന്നിവയിലുണ്ടായ വ്യത്യാസങ്ങളും ശ്രദ്ധേയമാണ്. 

നാലായിരം വര്‍ഷക്കാലം മുമ്പ് തന്നെ ഇന്ത്യയില്‍ നിന്നുള്ള സാഹസികരായ ചില മനുഷ്യര്‍ ഓസ്ട്രേലിയയില്‍ ചെല്ലുകയും അവിടെ താമസിക്കുകയും ചെയ്‍തിട്ടുണ്ടായിരുന്നുവത്രെ. വെറുതെ പറയുന്നതല്ല, കൃത്യമായ ജനിതക തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ പുതിയ കണ്ടെത്തല്‍. കുറച്ചുകാലം മുമ്പുതന്നെ ഇന്ത്യൻ പുരുഷന്മാരിൽ സാധാരണയായി കാണപ്പെടുന്ന Y ക്രോമസോമുകളുമായി പൊരുത്തപ്പെടുന്ന ഒരു കൂട്ടം ഓസ്ട്രേലിയന്‍ ആദിമമനുഷ്യരുടെ Y ക്രോമസോമുകൾ കണ്ടെത്തിയിരുന്നു. എന്നാല്‍, ഇതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ അന്ന് ലഭ്യമായിരുന്നില്ല.

പക്ഷേ, മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇവല്യൂഷണറി ആന്ത്രപ്പോളജിയിലെ ഡോ. ഐറിന പുഗച്ച് ആയിരം വര്‍ഷങ്ങള്‍ നീണ്ടുനിന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. 4000 വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഇന്ത്യയിലെ സാഹസികരായ മനുഷ്യരുടെ കാല്‍പ്പാദം ഓസ്ട്രേലിയന്‍ മണ്ണില്‍ പതിഞ്ഞിട്ടുണ്ട് എന്നാണ് അവരുടെ കണ്ടെത്തല്‍. അതുപോലെ ഇന്ത്യയിലെ മനുഷ്യര്‍ അവിടെ താമസിക്കുകയും രണ്ടുതരം സംസ്‍കാരവും തമ്മില്‍ കലര്‍ന്നിട്ടുണ്ട് എന്നും പഠനം പറയുന്നു. 

പഠനത്തില്‍ ഇന്ത്യൻ ജനിതകത്തിൽ മാത്രം കാണപ്പെടുന്ന എസ്എൻ‌പികളുടെ ഒരു മാതൃക ഓസ്ട്രേലിയയിലെ മനുഷ്യരുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിൽ കണ്ടെത്തുകയുണ്ടായി. പ്രത്യേകിച്ചും ദക്ഷിണേന്ത്യയിൽ നിന്നുള്ള ദ്രാവിഡഭാഷ സംസാരിക്കുന്നവരുമായിട്ടാണ് അത് ബന്ധപ്പെട്ടിരുന്നത്. ഡോ. പുഗച്ചിന്റെ ഫലങ്ങൾ വർഷങ്ങൾക്കുമുമ്പ് കണ്ടെത്തിയ വൈ-ക്രോമസോം ഡാറ്റയുമായി പൊരുത്തപ്പെട്ടു. രണ്ട് ഫലങ്ങളും ഉപയോഗിച്ച് ഇന്ത്യ ഓസ്ട്രേലിയയിൽ എത്തിയ കാലം കൃത്യമായി കണക്കാക്കുകയായിരുന്നു. 

പുഗാച്ച് പറയുന്നത് 2217BC -യോട് അടുപ്പിച്ചായിരിക്കണം ഈ യാത്ര ഉണ്ടായിരുന്നതെന്നാണ്. ഇന്ത്യയേയും ഓസ്ട്രേലിയയേയും സംബന്ധിച്ച് വളരെ താല്‍പര്യമുളവാക്കുന്ന വര്‍ഷമാണിത്. ഇന്ത്യന്‍ നാഗരികത രൂപപ്പെടുകയും ഓസ്‍ട്രേലിയന്‍ സംസ്‍കാരം പുനക്രമീകരിക്കപ്പെടുകയും ചെയ്‍ത കാലം. ഇന്ത്യയില്‍ സിന്ധു നദീതട സംസ്‍കാരം രൂപപ്പെട്ടുവരുന്നത് 2600BC-1900BC -യിലാണ്. ആ സമയത്താണ് കടല്‍യാത്രക്ക് പറ്റിയ അന്നത്തെ ബോട്ടുകളുണ്ടാകുന്നതും അയല്‍നാടുകളുമായി വ്യാപാരബന്ധങ്ങള്‍ അതുവഴി ഉടലെടുക്കുന്നതും. അതേ മാര്‍ഗ്ഗമുപയോഗിച്ചു തന്നെയാണ് ഓസ്ട്രേലിയയിലേക്കും ഇന്ത്യക്കാര്‍ എത്തിച്ചേരുന്നത്. 

 

ആ സമയത്ത് ഓസ്‍ട്രേലിയയില്‍ ഉപയോഗിച്ചുവന്ന ഉപകരണങ്ങളിലും മറ്റും ഈ കുടിയേറ്റം വ്യക്തമാക്കുന്ന തെളിവുകളുണ്ട്.. തദ്ദേശീയ ഓസ്‌ട്രേലിയക്കാർ പാലിയോലിത്തിക് കാലത്തെ കല്ല് കൊണ്ടുള്ള ഉപകരണങ്ങൾ എന്നിവയ്ക്ക് പകരം നവീന ശിലായുഗത്തിലെ ഉപകരണങ്ങളുപയോഗിച്ചു തുടങ്ങി. ഓസ്ട്രേലിയയിൽ ഇന്ത്യക്കാര്‍ എത്തിയ സമയത്തുതന്നെ, ഭക്ഷണം ശേഖരിക്കുകയും പാചകം ചെയ്യുകയും ചെയ്യുന്ന രീതി എന്നിവയിലുണ്ടായ വ്യത്യാസങ്ങളും ശ്രദ്ധേയമാണ്. പ്രത്യേകിച്ച് ഈന്ത് കായയുടെ കാര്യത്തില്‍. അന്നത്തെ ഓസ്ട്രേലിയയിലുണ്ടായിരുന്നു മനുഷ്യരുടെ പ്രധാനപ്പെട്ട ഭക്ഷണസ്രോതസ് ഈന്ത് കായയായിരുന്നു. അതിലെ വിഷം നീക്കം ചെയ്യാന്‍ അത് വറുക്കുകയായിരുന്നു ചെയ്‍തിരുന്നത്. എന്നാല്‍, 2000BC ആയപ്പോഴേക്കും ഓസ്ട്രേലിയയിലെ തദ്ദേശരായ ആളുകള്‍ അത് വെള്ളത്തില്‍ കഴുകിയും പുളിപ്പിച്ചും ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. കേരളത്തില്‍ സാധാരണ വറുത്തതും ഉണങ്ങിയതുമായ ഈന്ത് കായകളാണ് കാണാറ്. ഇത് ഈ സംസ്‍കാരങ്ങളുടെ കൂടിച്ചേരലിനെ കാണിക്കുന്നതാണ്.

ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാര്‍ സ്ഥിരതാമസമാക്കിയിരുന്നുവെന്ന് സൂചിപ്പിക്കുന്ന അവസാനത്തെ പ്രധാന തെളിവ് ഡിങ്കോ എന്ന നായയാണ്. ഓസ്‍ട്രേലിയയില്‍ കണ്ടുവരുന്ന നായകളായിരുന്നു ഇത്. എന്നാല്‍, അവയുടെ ഉത്ഭവവും ഓസ്ട്രേലിയയിലല്ല. പക്ഷേ, ഡിങ്കോയ്ക്ക് ഇന്ത്യയില്‍ കാണപ്പെടുന്ന കാട്ടുനായ്ക്കളുമായി സാമ്യമുണ്ട്. ആദ്യകാലത്ത് കുടിയേറ്റം നടത്തിയ മനുഷ്യര്‍ക്കൊപ്പം ഇവയും ഉണ്ടായിരുന്നിരിക്കാം എന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ ഡിങ്കോ ഓസ്ട്രേലിയയിലെത്തിയതും ഇന്ത്യയില്‍ നിന്നുള്ളവരുടെ കൂടെയാണെന്ന് കരുതേണ്ടിവരും.

ഏതായാലും ഇത്രയുംകാലം മുമ്പുതന്നെ മനുഷ്യര്‍ അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുകയും സംസ്‍കാരം തമ്മില്‍ കൂടിക്കലരുകയും ചെയ്‍തിരുന്നുവെന്നത് വ്യക്തമാണ്. 


 

click me!