പൊട്ടാത്ത ബോംബുമായി വിമാനത്താവളത്തില്‍, ഓര്‍മ്മയ്ക്കായി എടുത്തതെന്ന് വിശദീകരണം

Published : May 04, 2022, 07:16 PM IST
പൊട്ടാത്ത ബോംബുമായി വിമാനത്താവളത്തില്‍, ഓര്‍മ്മയ്ക്കായി എടുത്തതെന്ന് വിശദീകരണം

Synopsis

 ഇസ്രായേല്‍ സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്ക്കായി കൊണ്ടു വന്നതാണ് ഇതെന്നാണ് വിനോദ സഞ്ചാരികള്‍ പറഞ്ഞത്. 

പൊട്ടാത്ത ബോംബുമായി വിമാനത്താവളത്തിലെത്തിയ വിനോദ സഞ്ചാരികള്‍ പരിഭ്രാന്തി പരത്തി. ഇസ്രായേലിലെ ഏറ്റവും വലിയ വിമാനത്താവളമായ ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലാണ് സംഭവം. അമേരിക്കയില്‍നിന്നും ഇസ്രായേല്‍ സന്ദര്‍ശിക്കാന്‍ വന്ന് മടങ്ങുകയായിരുന്ന വിനോദ സഞ്ചാരികളുടെ കൈയില്‍നിന്നാണ് പൊട്ടാത്ത ഷെല്‍ കണ്ടെടുത്തത്. ഇസ്രായേല്‍ സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്ക്കായി കൊണ്ടു വന്നതാണ് ഇതെന്നാണ് വിനോദ സഞ്ചാരികള്‍ പറഞ്ഞത്. സംഭവം ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ ബോംബ് അലര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അല്‍പസമയം വിമാനത്താവളത്തില്‍ പരിഭ്രാന്തി പരന്നു. ബോംബ് നിര്‍വീര്യമാക്കിയ ശേഷം വിനോദ സഞ്ചാരികളെ നാട്ടിലേക്ക് പോവാന്‍ അനുവദിച്ചു. വിമാനത്താവള പ്രവര്‍ത്തനം പുനരാരംഭിക്കുകയും ചെയ്തു. 

ജെറൂസലമില്‍നിന്നും  28 മൈല്‍ അകലെയുള്ള ഈ വിമാനത്താവളമാണ് രാജ്യത്തിലേക്കുള്ള പ്രവേശന കവാടം. ഇവിടെയാണ്, അമേരിക്കന്‍ വിനോദ സഞ്ചാരികള്‍ ബാഗില്‍ ബോംബുമായി വന്നത്. ഗൊലാന്‍ കുന്നുകള്‍ സന്ദര്‍ശിക്കാന്‍ എത്തിയ ഇവര്‍ക്ക് അവിടെ വെച്ചാണ് പൊട്ടാത്ത പഴയ ഷെല്‍ കിട്ടിയതെന്ന് അവര്‍ പറഞ്ഞു. ബോംബ് കണ്ടപ്പോള്‍ ഇസ്രായേല്‍ സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്ക്കായി ബാഗില്‍ സൂക്ഷിക്കുകയായിരുന്നുവെന്നും ഇവര്‍ വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു. 

 

 

വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ബാക്ക്പാക്കിലുള്ള ബോംബ് ബാഗേജില്‍ സൂക്ഷിക്കാനാവുമോ എന്നറിയാന്‍ ഇവര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു. അവരുടെ കൈയിലുണ്ടായിരുന്നത് ബോംബാണെന്ന് മനസ്സിലാക്കിയ ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ അപകട സൈറണ്‍ മുഴക്കി. ആ നിമിഷം തന്നെ സുരക്ഷാ ജീവനക്കാര്‍ പാഞ്ഞെത്തുകയും ഇവരെ പിടികൂടുകയും ചെയ്തു. അതിനു ശേഷം, ബോംബ് സ്‌ക്വാഡിലെ വിദഗ്ധരെത്തി ഇത് നിര്‍വീര്യമാക്കി. തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്തു. അപ്പോഴാണ് നടന്ന സംഭവം എന്തെന്ന് ഇവര്‍ പറഞ്ഞത്. തുടര്‍ന്ന്, വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇവരെ അമേരിക്കയിലേക്ക് പോവാന്‍ അനുവദിച്ചു. 

ഇസ്രായേലും സിറിയയും തമ്മില്‍ 1967-ലും 1973-ലും നടന്ന യുദ്ധത്തിന്റെ അവശിഷ്ടമാണ് ഇതെന്നാണ് കരുതുന്നത്. ഗൊലാന്‍ കുന്നുകളില്‍ എവിടെയോ വീണ് പൊട്ടാതായിപ്പോയ ഈ ബോംബ് വിനോദ സഞ്ചാരികളുടെ കണ്ണില്‍ പെടുകയും അത് അവര്‍ എടുത്ത് സൂക്ഷിക്കുകയുമായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. 

കാര്യം എന്തായാലും ഈ സംഭവം വിമാനത്താവളത്തില്‍ ആകെ പരിഭ്രാന്തി പരത്തി. സാധാരണയായി, ഭീകരവാദികളുടെ ആക്രമണം ഉണ്ടാവുമ്പോഴാണ് ഇത്തരം സൈറണുകള്‍ മുഴക്കാറുള്ളത്. അതിനാല്‍, സൈറണ്‍ മുഴങ്ങിയതോടെ വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ ചിതറിയോടി. വിമാനത്താവളത്തിലുള്ള സുരക്ഷാ ബങ്കറുകളിലേക്കാണ് പലരും ഓടിയത്. പരിഭ്രാന്തിക്കിടയില്‍ ഒരു ബാഗേജിനു മുകളിലേക്ക് മറിഞ്ഞുവീണ് മുപ്പതുവയസ്സുള്ള ഒരാള്‍ക്ക് ചെറിയ പരിക്കേറ്റതായി പൊലീസ് അറിയിച്ചു. 

ഫലസ്തീന്‍ സംഘടനകളുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ഇസ്രായേല്‍ അതീവജാഗ്രതയിലാണ് പുലരുന്നത്. ഇവിടെയുള്ള വിമാനത്താവളങ്ങളിലും മറ്റും അതീവസുരക്ഷയാണ് ഏര്‍പ്പെടുത്താറുള്ളത്. ഏത് സമയത്തും ആക്രമണം ഉണ്ടാവാമെന്ന നിലയില്‍ എല്ലായിടത്തും ബങ്കറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലും മറ്റും ബോംബ് ഭീഷണികള്‍ ഉണ്ടാവുന്നതും ഇവിടെ പതിവാണ്. 

PREV
click me!

Recommended Stories

പലസ്തീന് വേണ്ടി പൊടിഞ്ഞ കണ്ണീർ, സുഡാനിൽ ഈയാംപാറ്റകളെ പോലെ മരിച്ച് വീഴുന്ന മനുഷ്യർ
'10 വർഷമായി, കുടുംബവുമായി ജർമ്മനിയിൽ താമസം, പക്ഷേ... എന്തോ ചിലത് നഷ്ടപ്പെട്ടു. നാട്ടിലേക്ക് മടങ്ങണം'; യുവതിയുടെ കുറിപ്പ് വൈറൽ